Saturday, July 27, 2024
HomeKeralaവീണ്ടും മുല്ലപ്പെരിയാര്‍; തമിഴ്‌നാടിന്‌ തലോടല്‍, പാട്ടക്കരാറില്‍ വന്‍ വര്‍ധന വരുത്താതെ പുതിയ ഡാമിനായി കേന്ദ്ര നീക്കം

വീണ്ടും മുല്ലപ്പെരിയാര്‍; തമിഴ്‌നാടിന്‌ തലോടല്‍, പാട്ടക്കരാറില്‍ വന്‍ വര്‍ധന വരുത്താതെ പുതിയ ഡാമിനായി കേന്ദ്ര നീക്കം

ത്തനംതിട്ട: തമിഴ്‌നാടിന്‌ കാര്യമായ സാമ്ബത്തിക നഷ്‌ടം വരാത്ത വിധം പാട്ടക്കരാര്‍ പുതുക്കി മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മിക്കാനുള്ള നിര്‍ദേശവുമായി കേന്ദ്ര ജലവിഭവ വകുപ്പ്‌.

എന്നാല്‍ ഇക്കാര്യത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ ചര്‍ച്ച നടത്തേണ്ടത്‌ ആവശ്യമാണ്‌. ഒന്നേകാല്‍ നൂറ്റാണ്ട്‌ പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ സംഭവിക്കാവുന്ന ദുരന്തം മുന്നില്‍കണ്ട്‌ ഇരു സംസ്‌ഥാനങ്ങളും വിട്ടുവീഴ്‌ച്ചയ്‌ക്കു തയാറായാല്‍ കേന്ദ്ര സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്‌ സംബന്ധിച്ച നിര്‍ദേശമാണു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്നത്‌.
എണ്ണായിരത്തില്‍ അധികം ഏക്കര്‍ വരുന്ന മുല്ലപ്പെരിയാര്‍ ജലസംഭരണി മേഖലയ്‌ക്ക് ഏക്കറിന്‌ 30 രൂപ വീതമാണു പാട്ടം ലഭിക്കുന്നത്‌. മുല്ലപ്പെരിയാര്‍ ജലമുപയോഗിച്ച്‌ ലോവര്‍ ക്യാമ്ബില്‍ തമിഴ്‌നാട്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതിക്ക്‌ കിലോവാട്ടിന്‌ വര്‍ഷത്തില്‍ 12 രൂപയാണു ലഭിക്കുക. പാട്ടമായ രണ്ടര ലക്ഷം രൂപയും വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിന്റെ റോയല്‍റ്റിയായ ഏഴരലക്ഷം രൂപയും ചേര്‍ത്ത്‌ പ്രതിവര്‍ഷം ഏകദേശം പത്തുലക്ഷം രൂപമാത്രമാണു കേരളത്തിനു ലഭിക്കുന്നത്‌.
പുതിയ അണക്കെട്ട്‌ വന്നാല്‍ ഇൗ വ്യവസ്‌ഥയ്‌ക്കു കാര്യമായ മാറ്റം ആവശ്യമാണെന്നാണ്‌ കേരളത്തിന്റെ നിലപാട്‌. എന്നാല്‍ തമിഴ്‌നാട്‌ ഇതിന്‌ ഒരുക്കമല്ല. അതിനാലാണ്‌ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഒരു തുക പാട്ടം ഇനത്തില്‍ നിശ്‌ചയിക്കാനുള്ള അവസരം കേന്ദ്രം ഒരുക്കുന്നത്‌.
അണക്കെട്ടില്‍നിന്ന്‌ ഒരു വര്‍ഷം ശരാശരി 60 ടി.എം.സി. ജലം വീതം ഇതുവരെ 7000 ടി.എം.സിയില്‍ അധികം ജലം തമിഴ്‌നാട്ടില്‍ എത്തിയിട്ടുണ്ട്‌.
1886 ഒക്‌ടോബര്‍ 29ന്‌ തിരുവിതാംകൂര്‍ മഹാരാജാവ്‌ വിശാഖം തിരുനാളും ബ്രിട്ടീഷ്‌ ഭരണകൂടവും ഒപ്പിട്ട പാട്ടക്കരാര്‍ പ്രകാരം എക്കര്‍ ഒന്നിന്‌ അഞ്ചു രൂപ വീതം കേരളത്തിനു പാട്ടം നല്‍കണമെന്നായിരുന്നു വ്യവസ്‌ഥ. ഇതിന്‍ പ്രകാരം 1954 വരെ കേരളത്തിന്‌ ലഭിച്ചിരുന്നത്‌ കേവലം 40,000 രൂപമാത്രം. തുടര്‍ന്ന്‌ 1958 നവംബറില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസും 1960 ജൂലൈയില്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയും 1969-ല്‍ വീണ്ടും മുഖ്യമന്ത്രി ഇ.എം.എസും നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഒടുവില്‍ 1970 മേയ്‌ 29നു മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത്‌ കരാര്‍ പുതുക്കി. 1954 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയ കരാറനുസരിച്ച്‌ പാട്ടത്തുക ഏക്കറിനു മുപ്പതു രൂപയായി ഉയര്‍ത്തി. കൂടാതെ ഓരോ 30 വര്‍ഷം കൂടുമ്ബോഴും പാട്ടകരാര്‍ പുതുക്കാനും വ്യവസ്‌ഥയുണ്ടായി. ഇതിന്‍ പ്രകാരം 2000-ല്‍ കരാര്‍ പുതുക്കേണ്ടതായിരുന്നു. പക്ഷേ നടന്നില്ല.
ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ നടന്ന പാട്ടക്കരാറില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ ചില വ്യവസ്‌തകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന കാര്യം ജലവിഭവ വകുപ്പും സമ്മതിക്കുന്നുണ്ട്‌. അക്കാലത്തെ എല്ലാ പാട്ടക്കരാറുകളും 99 വര്‍ഷത്തേക്കായിരുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ 999 വര്‍ഷമായി മാറി എന്നതാണു ദുരൂഹത ഉയത്തുന്ന ചോദ്യം.
സജിത്ത്‌ പരമേശ്വരന്‍

RELATED ARTICLES

STORIES

Most Popular