Saturday, July 27, 2024
HomeIndiaരക്തസാമ്ബിള്‍ മാറ്റാന്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയത് മൂന്ന് ലക്ഷം രൂപ, ഇടനിലക്കാരനായത് പ്യൂണ്‍; പുനെ അപകടത്തില്‍ കൂടുതല്‍...

രക്തസാമ്ബിള്‍ മാറ്റാന്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയത് മൂന്ന് ലക്ഷം രൂപ, ഇടനിലക്കാരനായത് പ്യൂണ്‍; പുനെ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മുംബൈ: പുനെയില്‍ മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച്‌ രണ്ടുപേര്‍ മരിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

17കാരനെ രക്ഷിക്കാനായി രക്തസാമ്ബിള്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി എന്ന ആരോപണം നേരിടുന്ന രണ്ടു ഡോക്ടര്‍മാര്‍ക്ക് കൈക്കൂലിയായി മൂന്ന് ലക്ഷം രൂപ നല്‍കിയതായി കണ്ടെത്തിയതായി പുനെ ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. പ്യൂണ്‍ ആണ് ഡോക്ടര്‍മാര്‍ക്ക് തുക കൈമാറിയത്. കേസില്‍ പ്യൂണും അറസ്റ്റിലായിട്ടുണ്ട്.

പ്യൂണായ അതുല്‍ ഘട്കാംബ്ലെ ഇടനിലക്കാരനായാണ് പ്രവര്‍ത്തിച്ചത്. കൗമാരക്കാരന്റെ കുടുംബത്തില്‍ നിന്ന് രണ്ട് ഡോക്ടര്‍മാര്‍ക്കുമായി കൈക്കൂലിയായി 3 ലക്ഷം രൂപ വാങ്ങിയത് പ്യൂണ്‍ ആണെന്നും വൃത്തങ്ങള്‍ പറയുന്നു. സസൂണ്‍ ആശുപത്രിയിലെ ഡോ. അജയ് തവാഡെ, ഡോ. ഹരി ഹാര്‍നോര്‍ എന്നിവരെയാണ് പുനെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തത്.

അപകടദിവസം ഡോ.തവാഡെയും പ്രതിയുടെ പിതാവും ഫോണില്‍ സംസാരിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. 17കാരന്റെ പിതാവ് ഡോക്ടറെ വിളിച്ച്‌ രക്ത സാമ്ബിളുകള്‍ മാറ്റാന്‍ പ്രലോഭിപ്പിച്ചതായും പോലീസ് പറഞ്ഞു.17കാരന്റെ രക്തസാമ്ബിള്‍ ഡോക്ടറുടെ രക്തസാമ്ബിളുമായി മാറ്റാമെന്ന് ഡോക്ടര്‍ സൂചന നല്‍കി. മദ്യത്തിന്റെ അംശം ഇല്ലാതിരിക്കാനാണ് സാമ്ബിളുകള്‍ മാറ്റിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 17കാരനെ രക്ഷിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത് പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടേതല്ലെന്ന് കണ്ടെത്തിയതായി പുനെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.

‘മെയ് 19 ന് രാവിലെ 11 മണിയോടെ, സസൂണ്‍ ഹോസ്പിറ്റലില്‍ നിന്ന് എടുത്ത ഒരു രക്ത സാമ്ബിള്‍ (കൗമാരക്കാരന്റെ) ഡസ്റ്റ് ബിന്നിലേക്ക് വലിച്ചെറിയുകയും മറ്റൊരാളുടെ രക്ത സാമ്ബിള്‍ എടുത്ത് ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കുകയും ചെയ്തു. അന്വേഷണത്തില്‍, സസൂണ്‍ ഹോസ്പിറ്റലിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം എച്ച്‌ഒഡി അജയ് തവാഡെയുടെ നിര്‍ദ്ദേശപ്രകാരം സിഎംഒ ശ്രീഹരി ഹല്‍നോറാണ് ഇത് മാറ്റിയത്,’ – അമിതേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

17കാരന്‍ ഓടിച്ച കാര്‍ ഇടിച്ച്‌ 24 വയസുള്ള രണ്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ ആണ് മരിച്ചത്. രാത്രിയില്‍ 17കാരന്‍ മദ്യപിച്ച്‌ വാഹനമോടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു എന്നതാണ് കേസ്. ആല്‍ക്കഹോളിന്റെ അംശം 17കാരന്റെ ശരീരത്തില്‍ ഇല്ലെന്നതായിരുന്നു തുടക്കത്തിലെ രക്തസാമ്ബിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ കൃത്രിമം നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുനെയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഫോറന്‍സിക് ലാബിന്റെ തലവനാണ് ഡോ തവാഡെ. രണ്ട് ഡോക്ടര്‍മാരുടെയും ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഇപ്പോള്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന 17കാരന്റെ ആദ്യ രക്തസാമ്ബിള്‍ പരിശോധന റിപ്പോര്‍ട്ട് നെഗറ്റീവായിരുന്നു. എന്നാല്‍ അന്നേദിവസം രാത്രി 17കാരന്‍ സന്ദര്‍ശിച്ച ബാറുകളില്‍ ഒന്നിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് 17കാരന്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നത് വ്യക്തമാണെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

17കാരന്റെ ആദ്യ രക്തസാമ്ബിളില്‍ മദ്യത്തിന്റെ അംശം ഇല്ലായിരുന്നുവെങ്കിലും രണ്ടാമത്തേതില്‍ മദ്യം ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇത് സംശയം ജനിപ്പിച്ചതിനെ തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തി. ഡിഎന്‍എ പരിശോധനയില്‍ സാമ്ബിളുകള്‍ വ്യത്യസ്ത ആളുകളില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി. അതായത് 17കാരന്റെ രക്തസാമ്ബിള്‍ മറ്റൊരാളുടെ രക്തസാമ്ബിളുമായി മാറ്റിയാണ് കൃത്രിമം നടത്തിയത്. 17കാരന്‍ മദ്യപിച്ചിരുന്നില്ലെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

RELATED ARTICLES

STORIES

Most Popular