Sunday, June 23, 2024
HomeAsiaറാഫയില്‍ അഭയാര്‍ത്ഥി ക്യാമ്ബ് ചുട്ടെരിച്ച്‌ ഇസ്രയേല്‍; 45 മരണം

റാഫയില്‍ അഭയാര്‍ത്ഥി ക്യാമ്ബ് ചുട്ടെരിച്ച്‌ ഇസ്രയേല്‍; 45 മരണം

ടെല്‍ അവീവ്: തെക്കൻ ഗാസയിലെ റാഫയില്‍ അഭയാർത്ഥി ക്യാമ്ബ് ബോംബിട്ട് തകർത്ത ഇസ്രയേലിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം ശക്തം.

താല്‍ അല്‍ – സുല്‍ത്താൻ ക്യാമ്ബില്‍ ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ ആക്രമണത്തില്‍ വൃദ്ധരും സ്ത്രീകളും കുട്ടികളുമടക്കം 45 പേർ കൊല്ലപ്പെട്ടു.

249 പേർക്ക് പരിക്കേറ്റു. കൂടാരങ്ങളില്‍ ഉറങ്ങിക്കിടന്ന കുട്ടികള്‍ അടക്കം ജീവനോടെ ചുട്ടെരിക്കപ്പെട്ടതായി പാലസ്തീൻ റെഡ് ക്രെസന്റ് സംഘടന പ്രതികരിച്ചു. സുരക്ഷിത മേഖലയില്‍ ഉള്‍പ്പെട്ട ക്യാമ്ബിലേക്ക് എട്ട് മിസൈലുകള്‍ പതിച്ചെന്നാണ് വിവരം. പിന്നാലെയുണ്ടായ അതിശക്തമായ തീപിടിത്തത്തില്‍ ടെന്റുകള്‍ കത്തിക്കരിഞ്ഞു.

ഞായറാഴ്ച ടെല്‍ അവീവിന് നേരെ റാഫയില്‍ നിന്ന് ഹമാസ് റോക്കറ്റാക്രമണം നടത്തിയിരുന്നു. നാല് മാസങ്ങള്‍ക്ക് ശേഷം മദ്ധ്യ ഇസ്രയേലില്‍ ഹമാസ് നടത്തിയ ഈ മിന്നലാക്രമണത്തിന്റെ പ്രതികാരമാണ് റാഫയില്‍ സംഭവിച്ചത്.

ആക്രമണത്തില്‍ ഹമാസിന്റെ വെസ്റ്റ് ബാങ്ക് ചീഫ് ഒഫ് സ്റ്റാഫ് അടക്കം മുതിർന്ന അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. സാധാരണക്കാർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്നും അവർ പറയുന്നു. ഇതുവരെ 36,050 ലേറെ പാലസ്തീനികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.

 ന്യായീകരണമില്ല

ആക്രമണത്തെ അപലപിച്ച്‌ ഖത്തർ, ഈജിപ്റ്റ്, തുർക്കി, സൗദി, യു.എ.ഇ, നോർവെ തുടങ്ങിയ വിവിധ രാജ്യങ്ങള്‍ രംഗത്തെത്തി. ഗാസയിലെ ആക്രമണം നിറുത്തണമെന്ന് ലോക കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നിരപരാധികള്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബരസ് ഓർമ്മിപ്പിച്ചു.

ഇസ്രയേലിന്റേത് ക്രൂരതയാണെന്ന് അയർലൻഡും സാധാരണക്കാർക്ക് നേരെയുള്ള ആക്രമണം ന്യായീകരിക്കാനാകില്ലെന്ന് ഇറ്റലിയും ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ ആക്രമണങ്ങള്‍ നിറുത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. ലോക കോടതിയുടെ വിധി ഇസ്രയേല്‍ മാനിക്കണമെന്ന് ജർമ്മനി അടക്കമുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളും വ്യക്തമാക്കി.

RELATED ARTICLES

STORIES

Most Popular