Friday, January 21, 2022
HomeUSAഹൂസ്റ്റണ്‍ മലയാളികള്‍ക്ക് ഉത്സവമായി മാറിയ 'മാഗ് കാര്‍ണിവല്‍ 2021' സമാപിച്ചു.

ഹൂസ്റ്റണ്‍ മലയാളികള്‍ക്ക് ഉത്സവമായി മാറിയ ‘മാഗ് കാര്‍ണിവല്‍ 2021’ സമാപിച്ചു.

ഹൂസ്റ്റണ്‍: ജനോപകാരപ്രദവും ജനപ്രിയവുമായ ഒട്ടേറെ പരിപാടികളുമായി മുന്നേറുന്ന മാഗിന്റെ ( മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ ) ഈ വര്‍ഷത്തെ ഭരണസമിതി പടിയിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തി ‘മാഗ്’   കാര്‍ണിവല്‍ 2021 ഉം കുടുംബസംഗമവും ജനശ്രദ്ധ പിടിച്ചു പറ്റി.
നവംബര്‍ 28 ന്  ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ ഹൂസ്റ്റണ്‍ മലയാളികളുടെ അഭിമാനവും മാഗിന്റെ  സ്വന്തം ആസ്ഥാന കേന്ദ്രവുമായ സ്റ്റാഫോഡിലെ വിശാലമായ ‘കേരളാ  ഹൗസും’  ‘റിക്രിയേഷന്‍ ഹാളും’ പരിസരവും അക്ഷരാര്‍ത്ഥത്തില്‍ ഉത്സവ പ്രതീതിയിലാരുന്നു. ശീതകാലത്തിന്റെ വരവറിയിച്ചുകൊണ്ട് ഹൂസ്റ്റനില്‍ എത്തിയ തണുത്ത കാറ്റിനെ വകവയ്ക്കാതെ ജാക്കറ്റും ധരിച്ച് നൂറു കണക്കിനു മലയാളി സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും കാര്‍വലിനെയും കുടുംബ സംഗമത്തെയും ഉജ്ജ്വലമാക്കാന്‍ എത്തികൊണ്ടിരുന്നു. രാത്രി 9 വരെ നീണ്ടുനിന്ന  പരിപാടികള്‍ കൊണ്ട് ധന്യമായ കാര്‍ണിവല്‍, ഗൃഹാതുരത്വ ചിന്തകള്‍ അയവിറക്കാന്‍ ഒത്തു കൂടിയ ഹൂസ്റ്റണ്‍ മലയാളികളുടെ ഒത്തൊരുമയുടെ മറ്റൊരു ഉദാഹരണമായി. കാര്‍ണിവലില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും  മാഗിന്റെ ചാരിറ്റി ഫണ്ടിലേക്കാണ് ഉപയോഗിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
നാവില്‍ രുചിയൂറുന്ന കേരളീയ ശൈലിയിലുള്ള രുചിക്കൂട്ടുകളുടെ കലവറ ഒരുക്കി നിരവധി ഭക്ഷണ സ്റ്റാളുകളില്‍ നാടന്‍ ‘തട്ടു കട’ ജന ശ്രദ്ധയാകര്‍ഷിച്ചു. തട്ടു കടയില്‍ നിന്ന് നല്ല ചൂടോടെ  ‘ദോശ’യും നാടന്‍ കോഴിമുട്ടകൊണ്ട് ഉണ്ടാക്കിയ ഇന്‍സ്റ്റന്റ് ‘ഓംലെറ്റും’ വാങ്ങാന്‍ നീണ്ട നിര തന്നെയായിരുന്നു. ‘ബാര്‍ബിക്യൂ’ സ്റ്റാളിലും നീണ്ട നിരയായിരുന്നു. കോട്ടയംകാരുടെ കുത്തകയായ ‘ കപ്പ ബിരിയാണി’ യുടെ കിടിലന്‍ രുചി നുണയാന്‍ ഇടിച്ചു നില്‍ക്കുന്ന ഒരു ജനക്കൂട്ടത്തെയും കണ്ടു. ബോണ്ട, ലഡ്ഡു, കാപ്പി. ചായ തുടങ്ങി നാടന്‍ വിഭവങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ഭക്ഷണ സ്റ്റാളുകള്‍.മാഗിന്റെ തന്നെ സ്വന്തം പ്രവര്‍ത്തകരാണ് കലവറ ഒരുക്കിയത്.
റീക്രീയെഷന്‍ ഹാളില്‍ നിറയെ ഫാന്‍സി, ജ്വല്ലറി ഇനങ്ങളോടൊപ്പം ഗ്രോസിറി ഇനങ്ങളും വില്‍പനയ്ക്കായിട്ടുണ്ടായിരുന്നു. ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് ഇനങ്ങള്‍ വാങ്ങിക്കാന്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും തിരക്കായിരുന്നു അവിടെ.
കുട്ടികള്‍ക്കായി ‘ഫെയിസ് പെയിന്റിംഗ്’, ‘മൂണ്‍ വാക്ക് ‘ തുടങ്ങിയ പരിപാടികള്‍ ആകര്ഷകമായിരുന്നു.
തുടര്‍ച്ചയായ 6 മണിക്കൂറും ‘ലൈവ് മ്യൂസിക് ആന്‍ഡ് ഡാന്‍സ്’ പരിപാടിയില്‍  ഹൂസ്റ്റണിലെ പ്രശസ്തരായ മലയാളി ഗായകരുടെ അടിപൊളി പാട്ടുകള്‍ മാഗ് ക്യാമ്പസ്സിനെ സമ്പന്നമാക്കി. അനില്‍ ജനാര്‍ദ്ദനന്‍, ആന്‍ഡ്രൂസ് ജേക്കബ്, സുഗു ഫിലിപ്പ്, രേഷ്മ വിനോദ്, ജയന്‍ അരവിന്ദാക്ഷന്‍,സഞ്ജയ് തുടങ്ങിയവര്‍ ഗായകരില്‍ ചിലര്‍ മാത്രം. നേഹ സുര്യ  അവതരിപ്പിച്ച സിനിമാറ്റിക് നൃത്തവും മികവുറ്റതായിരുന്നു.
നിരവധി ഡോര്‍ പ്രൈസുകളും ഉണ്ടായിരുന്നു.
വൈകുന്നേരം  6 മണി ആയപ്പോള്‍ തന്നെ ‘കേരള ഹൗസും’ പരിസരവും ദീപപ്രഭയില്‍ കുളിച്ചു നിന്നു. വിവിധ വിഭവങ്ങളുടെ ലേലം, അമേരിക്കന്‍ ലേലം തുടങ്ങിയവ കാര്ണിവലിനെ ശ്രദ്ധേയമാക്കി കൊണ്ടിരുന്നു.
മാഗ് റിക്രിയേഷന്‍ ഹാളിന്റെ പുനര്‍ നിര്മാണത്തിനു 30,000 ഡോളര്‍ സംഭാവന നല്‍കി സഹായിച്ച സാമൂഹ്യ പ്രവര്‍ത്തകനും മാഗ് മുന്‍ പ്രസിഡണ്ടുമായ ശ്രീ ശശിധരനായരെയും പത്‌നി പൊന്നമ്മ നായരെയും പൊന്നാട നല്‍കി പ്രത്യേകം ആദരിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോഷ്വ ജോര്‍ജും മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവനും ആശംസകള്‍ നേര്‍ന്നു.
നല്ല ഒരു കലാകാരനും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ റെനി കവലയില്‍ എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. എല്ലാ കാര്യത്തിനും ഓടി നടന്ന് നേതൃത്വം നല്കിയതോടൊപ്പം സെക്രട്ടറി ജോജി ജോസഫ് ഫേസ്ബുക് ലൈവില്‍ തത്സമയ സംപ്രേക്ഷണത്തിനും നേതൃത്വം നല്‍കി. ഈ വര്‍ഷം  മാഗ് നടത്തിയ 29- മത്തെ പരിപാടിയായിരുന്നു കാര്‍ണിവല്‍.
കാര്ണിവലിനെ വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും പ്രത്യേകിച്ച് പോണ്‍സര്‍മാര്‍ക്കും വിനോദ് വാസുദേവന്‍ നന്ദി രേഖപ്പെടുത്തി.
വിനോദ് വാസുദേവന്‍ (പ്രസിഡണ്ട്) ജോജി ജോസഫ് (സെക്രട്ടറി) മാത്യു കൂട്ടാലില്‍  (ട്രഷറര്‍) റെനി കവലയില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) കാര്‍ണിവല്‍ കോര്‍ഡിനേറ്റര്‍മാരായ ജെയിംസ് തുണ്ടത്തില്‍, മൈസൂര്‍ തമ്പി, മറ്റ്  ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ് , ട്രസ്റ്റി ബോര്‍ഡ് അഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കാര്‍ണിവലിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു
ജീമോന്‍ റാന്നി  
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular