Friday, July 26, 2024
HomeGulfഖത്തര്‍ മലയാളികളുടെ അഭിമാനമായി തഹ്സിൻ

ഖത്തര്‍ മലയാളികളുടെ അഭിമാനമായി തഹ്സിൻ

ദോഹ: കഠിനാധ്വാനവും കൈവിടാത്തൊരു സ്വപ്നവുമുണ്ടെങ്കില്‍ എന്തും സാധ്യമാകുമെന്നതിന്‍റെ സാക്ഷ്യമാണ് തഹ്സിൻ മുഹമ്മദ് ജംഷിദ് എന്ന 17കാരനായ മലയാളിപ്പയ്യൻ.

അവൻ ഇപ്പോള്‍ ചുവടുവെച്ചു കയറുന്ന നേട്ടങ്ങളാണ് ഖത്തറിലെ ഓരോ കൗമാരക്കാരന്‍റെയും യുവാക്കളുടെയും സ്വപ്നങ്ങള്‍. തൊഴില്‍ തേടിയെത്തിയ ഒരു മലയാളി പ്രവാസി കുടുംബത്തിലെ ഇളമുറക്കാരനായി ഈ നാട്ടില്‍ പിറന്ന്, കളിച്ചും പഠിച്ചും വളർന്ന് കൗമാരത്തില്‍ അവൻ ചുവടുവെച്ചു കയറിയത് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ കപ്പ് ജേതാക്കളെന്ന പകിട്ടുമായി തിളങ്ങിനില്‍ക്കുന്ന ‘അന്നാബി’യുടെ കുപ്പായത്തിലേക്ക്.

ഹസൻ അല്‍ ഹൈദോസും അക്രം അഫീഫും തിളങ്ങുന്ന ടീമില്‍ അവരുടെ പിന്മുറക്കാരനായി ഒരു മലയാളി പന്തു തട്ടുന്നുവെന്നത് കഠിനാധ്വാനത്തിനും പരിശ്രമത്തിനുമുള്ള അംഗീകാരം കൂടിയാണ്. ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു 29 അംഗ ദേശീയ ടീം പ്രഖ്യാപനം. സീനിയർ താരങ്ങള്‍ക്ക് വിശ്രമം നല്‍കി, യുവനിരയുമായി ഖത്തർ അങ്കത്തിനിറങ്ങിയപ്പോള്‍ തഹ്സിനും അല്‍ അഹ്ലിയുടെ യൂസുഫ് സിയാദും അണ്ടർ 19 ടീമില്‍ നിന്നും ഇടം ഉറപ്പിക്കുകയായിരുന്നു.

കൗമാര ടീമുകളില്‍ ഖത്തറിനായും സ്വന്തം ക്ലബായ അല്‍ ദുഹൈലിനു വേണ്ടിയും മികച്ച പ്രകടനം നടത്തിയതിന്റെ പിന്നാലെ കഴിഞ്ഞ മാർച്ചിലാണ് തഹ്സിനെ അല്‍ ദുഹൈല്‍ സീനിയർ ടീമിലേക്ക് ക്ഷണിക്കുന്നത്. മാർച്ച്‌ 31ന് അല്‍ ഷമാലിനെതിരായ മത്സരത്തില്‍ ബെഞ്ചിലിരുന്ന താരം, അടുത്ത കളിയില്‍ അല്‍ റയാനെതിരെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായിറങ്ങി ചരിത്രം കുറിച്ചു. പിന്നാലെ, ടീമിലെ സ്ഥിര സാന്നിധ്യമായ താരം അമീർ കപ്പിലും ദുഹൈല്‍ നിരയില്‍ ബൂട്ടുകെട്ടി. ഏറ്റവും ഒടുവില്‍ അമീർ കപ്പ് സെമിയില്‍ ഫിലിപ് കുടീന്യോയുടെ പകരക്കാരനായി കളത്തിലിറങ്ങാനായിരുന്നു നിയോഗം.

പ്രചോദനം നല്‍കുന്ന മറൂണ്‍ കുപ്പായം

ലോകകപ്പ് ഫുട്ബാള്‍ മുതല്‍ ഒരുപിടി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയായ ഖത്തർ, പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരിലാണ് ഫുട്ബാള്‍ ആവേശത്തിന് വിത്തുപാകിയത്. ഫുട്ബാള്‍ പരിശീലന കേന്ദ്രങ്ങള്‍, അന്താരാഷ്ട്ര നിലവാരത്തിലെ അക്കാദമികളും ഫിറ്റ്നസ് സൗകര്യങ്ങളും, മികച്ച ഗ്രൗണ്ടുകളും ടൂർണമെൻറുകളും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യം ഉപയോഗിക്കാനും വളരാനും ഇവിടെ സാധ്യതകളുണ്ട്. സ്കൂള്‍ തല ഫുട്ബാള്‍ മുതല്‍ ജനറേഷൻ അമേസിങ് വരെ വമ്ബൻ പദ്ധതികളും ഫുട്ബാളിന് ഊർജം പകരുന്നു. ഈ വേദികള്‍ ഉപയോഗപ്പെടുത്തി മികവു തെളിയിച്ചാല്‍ ദേശീയ ടീം വരെയുള്ള സാധ്യതകളിലേക്കാണ് തഹ്സിന്റെ നേട്ടം വഴിതുറക്കുന്നത്. തങ്ങളെപോലെ ഒരു കുടുംബത്തില്‍ നിന്നുള്ള അംഗം ദേശീയ ടീമിലെത്തിയ വാർത്തയെ ഖത്തറിലെ പ്രവാസി മലയാളികളും ആഘോഷപൂർവം വരവേറ്റു. സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന സന്ദേശവുമായാണ് ദേശീയ ടീം പ്രവേശനത്തെ ആഘോഷിച്ചത്.

RELATED ARTICLES

STORIES

Most Popular