Thursday, July 18, 2024
Homehealthകൈകാലുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് സങ്കീര്‍ണ്ണമാകുന്ന അവസ്ഥ, പെരിഫെറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ്

കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് സങ്കീര്‍ണ്ണമാകുന്ന അവസ്ഥ, പെരിഫെറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ്

രു ഡയബറ്റിക് കാപ്പിറ്റല്‍ ആയി കേരളം മാറിക്കൊണ്ടിരിക്കെ, ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട്. ലോകത്തില്‍ ഓരോ 30 സെക്കന്റിലും ഒരു പ്രമേഹ രോഗിക്ക് തന്റെ കാല്‍ മുറിച്ചു മാറ്റേണ്ടി വരുന്നു.

പെരിഫെറല്‍ ആർട്ടീരിയല്‍ ഡിസീസ് അഥവാ പെരിഫറല്‍ ആർത്രൈറ്റിസ് എന്ന രോഗമാണ് ഇതിനു കാരണമാകുന്നത്.

ഹൃദയത്തില്‍ നിന്ന് മറ്റ് അവയവങ്ങളിലേക്കും കൈകാലുകളിലേക്കും ശുദ്ധരക്തം കൊണ്ടു പോകുന്ന രക്തക്കുഴലുകളാണ് ആർട്ടറികള്‍. ഈ ആർട്ടറികളില്‍ ഉണ്ടാകുന്ന ബ്ലോക്കുകള്‍ മൂലമുണ്ടാക്കുന്ന പ്രധാന രോഗമാണ് പെരിഫെറല്‍ ആർട്ടറി ഡിസീസ്. കാര്യമായും പുകവലിക്കാരില്‍ കണ്ടുവരുന്ന ഈ മാരക രോഗാവസ്ഥ ശ്രദ്ധിക്കാത്ത അവസ്ഥയില്‍ കാലുകള്‍ മുറിച്ചു മാറ്റുന്നതിലേക്ക് എത്തിക്കുന്നത് ഇപ്പോള്‍ വളരെ സ്വാഭാവികമായിരിക്കുന്നു.

ഹൃദയാഘാതത്തെക്കുറിച്ചും അത് ഉണ്ടാക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും പൊതുവെ ജനങ്ങള്‍ ഒരു പരിധി വരെ ബോധവാൻമാരാണെന്നു പറയാം. എന്നാല്‍ കാലില്‍ വരുന്ന ബ്ലോക്കുകളെക്കുറിച്ച്‌, ലെഗ് അറ്റാക്കിനെക്കുറിച്ച്‌, അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ കൃത്യമായ ധാരണയുള്ളവർ വളരെ കുറവാണ്. അതുകൊണ്ടു തന്നെ മികച്ച ചികിത്സ സ്വീകരിക്കാതെ കാലുകള്‍ മുറിച്ചു മാറ്റുന്ന അവസ്ഥയില്‍ എത്തുന്നവരുടെ എണ്ണം കൂടി വരികയും ചെയ്യുന്നു.

ഒരു വ്യക്തിയുടെ കാലു മുറിച്ചു മാറ്റുന്നത് ആ വ്യക്തിയെ മാത്രമല്ല, കുടുംബത്തെ മുഴുവനുമാണ് ബാധിക്കുന്നത്. തക്കതായ സമയത്ത് ഒരു വാസ്കുലർ സർജനെ കാണുകയും വാസ്കുലർ ചികിത്സാ രീതികള്‍ സ്വീകരിക്കുകയും ചെയ്താല്‍ മുറിച്ചു മാറ്റണമെന്ന ഭീകരാവസ്ഥയില്‍ നിന്ന് അവരുടെ കാലുകളെ രക്ഷിക്കാൻ സാധിക്കും.

കാരണങ്ങള്‍

പ്രമേഹം, രക്തസമ്മർദ്ദം, പുകവലി എന്നിവ മൂലം രക്തധമനികളുടെ ഭിത്തികളില്‍ അടിഞ്ഞു കൂടുന്ന കൊളസ്ട്രോള്‍ ആണ് ഈ അസുഖത്തിന് പ്രധാന കാരണം. ആരംഭ ഘട്ടത്തില്‍ ചെറിയ ബ്ലോക്കുകളായി തുടങ്ങി കാലക്രമേണ, ഇത് രക്തക്കുഴല്‍ പൂർണ്ണമായും ബ്ലോക്ക് ആവുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഈ ഘട്ടത്തില്‍ കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയുകയും അസുഖം വളരെ സങ്കീർണ്ണമാകുകയും ചെയ്യുന്നു.

പെരിഫെറല്‍ ആർട്ടീരിയർ ഡിസീസില്‍ പ്രാരംഭ ഘട്ടത്തില്‍ രോഗികളില്‍ കാലുകളിലെ കടച്ചില്‍, കാല്‍മുട്ടിനു താഴെയുള്ള പേശികളില്‍ വേദന, കയറ്റം കയറാൻ ബുദ്ധിമുട്ട്, കാലുകള്‍ക്ക് തളർച്ച, താനെ കാണപ്പെടുന്ന മുറിവുകള്‍, മുറിവുകളില്‍ ഉറക്കം നഷ്ടപ്പെടും വിധമുള്ള അതിയായ വേദന, കാല്‍വിരലുകള്‍ കറുപ്പ് വന്ന് വിരലുകള്‍ മുറിച്ചു മാറ്റേണ്ടിവരുന്ന അവസ്ഥ തുടങ്ങിയ അവസ്ഥകള്‍ കാണാം.

പരിശോധന

കാലുകളിലെ പ്രഷർ പരിശോധിക്കുന്നതാണ് -എബി ഇൻഡക്സ് – തുടക്കത്തില്‍ ചെയ്യാറുള്ളത്. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഡോപ്ലർ സ്കാൻ ചെയ്യും. അള്‍ട്രാസൗണ്ട് വഴി രക്തയോട്ടത്തിന്റെ അളവ് നിരീക്ഷിക്കുന്ന ഈ ചെറിയ ടെസ്റ്റിലൂടെ അസുഖത്തിന്റെ തീവ്രതയെക്കുറിച്ച്‌ മനസ്സിലാക്കാൻ സാധിക്കും. ഈ ടെസ്റ്റുകള്‍ക്കു ശേഷം ചികിത്സ വേണമെന്ന അവസ്ഥയാണുള്ളതെങ്കില്‍ എംആർഐ ആൻജിയോഗ്രാം അല്ലെങ്കില്‍ സിടി ആൻജിയോഗ്രാം ടെസ്റ്റുകള്‍ ചെയ്യും. രോഗതീവ്രത, ബ്ലോക്കിന്റെ വലിപ്പം, ഏതുഭാഗത്താണ്, നീളം, തീവ്രത തുടങ്ങിയവ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ഇതിലൂടെ ആർട്ടറിയുടെ അവസ്ഥ മനസ്സിലാക്കി ഡോക്ടർ ഒരു ട്രീറ്റ്മെന്റ് പ്ലാൻ തയ്യാറാക്കും. ഇതനുസരിച്ചാണ് ചികിത്സ എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്ന് തീരുമാനിക്കാറുള്ളത്.

ഏത് ചികിത്സയാണെങ്കിലും രോഗിയുടെ പൊതുവായ ആരോഗ്യാവസ്ഥ, മറ്റു രോഗങ്ങള്‍ അതായത് പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയാരോഗ്യം തുടങ്ങിയ ഘടകങ്ങള്‍ കൂടി കണക്കിലെടുത്തു മാത്രമേ ചികിത്സാ പദ്ധതി നിശ്ചയിക്കാനാവൂ. ഇതിന്റെ ഭാഗമായി കൊളസ്ട്രോള്‍ നിയന്ത്രിക്കുക, പുകവലി ഉപേക്ഷിക്കുക, രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുക, പ്രമേഹം നിയന്ത്രിക്കുക തുടങ്ങിയ നടപടികള്‍ കൈക്കൊള്ളേണ്ടതായുണ്ടാകാം. ഇതോടൊപ്പം തന്നെ പ്രധാനമാണ് കാലുകളില്‍ വ്യായാമം ചെയ്യുക എന്നത്. പ്രാഥമികാവസ്ഥയിലുള്ള രോഗികള്‍ക്ക് ദിവസേന 20 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ നടത്തം, മരുന്നുകള്‍ തുടങ്ങിയവ കൊണ്ട് ഒരു പരിധിവരെ രോഗം നിയന്ത്രിച്ചു പോകാൻ കഴിയും. അത് കഴിയാത്തവരില്‍ പലപ്പോഴും ആൻജിയോപ്ലാസ്റ്റി, ബൈപ്പാസ് എന്നിവ ചെയ്യേണ്ടിവരാറുണ്ട്.

ആൻജിയോപ്ലാസ്റ്റിയാണ് ഇത്തരം രോഗികളുടെ അവസ്ഥയ്ക്ക് സഹായിക്കാവുന്ന ഒരു രീതി. അള്‍ട്രാസൗണ്ട് സഹായത്തോടെ രോഗിയുടെ രക്തക്കുഴലിലേക്ക് ഒരു സൂചി കയറ്റി അതിലൂടെ ഒരു വയർ കടത്തിവിട്ട് ഹൃദയത്തില്‍ ആൻജിയോഗ്രാം ചെയ്യുന്നതു പോലെ അതിലൂടെ കാലിലെ ബ്ലോക്കിനെ കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടാക്കിയ ശേഷമാണ് ചികിത്സാ പദ്ധതി തയ്യാറാക്കുന്നത്. ബ്ലോക്കിനെ മറികടന്ന് വയർ കടത്തിവിടുകയും ബലൂണ്‍ കൊണ്ട് ബ്ലോക്ക് നീക്കം ചെയ്യുന്ന രീതിയാണ് പെരിഫെറല്‍ ആൻജിയോപ്ലാസ്റ്റി. ഇത് 90 ശതമാനം ആളുകളിലും ഫലപ്രദമാണ്. ചില രോഗികളില്‍ മാത്രം ഇത് ഫലപ്രദമാകാതെ വരുമ്ബോള്‍ ബ്ലോക്ക് ഉള്ള ഭാഗം മുറിച്ചു പകരം സ്റ്റെന്റ് വയ്ക്കേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. എന്നാല്‍ പെരിഫെറല്‍ ആൻജിയോപ്ലാസ്റ്റിയില്‍ സ്റ്റെന്റിന്റെ ഉപയോഗം കുറച്ചു മാത്രമേ വരാറുള്ളൂ.

ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കാൻ പറ്റാത്ത രോഗികള്‍ക്കു മാത്രമേ പെരിഫെറല്‍ ബൈപ്പാസ് ഓപറേഷൻ പൊതുവെ നിർദ്ദേശിക്കാറുള്ളൂ. ഹൃദയത്തിന്റെ പ്രധാന ധമനിയായ അയോർട്ടയുടെ രണ്ടു സെന്റിമീറ്റർ മുതല്‍ കാലിന്റെ രണ്ടു മില്ലിമീറ്റർ വ്യാസം വരുന്ന രക്തക്കുഴലുകള്‍ വരെ ബൈപ്പാസ് ചെയ്യാൻ സാധിക്കും. സാധാരണഗതിയില്‍ രോഗികളുടെ തന്നെ രക്തക്കുഴലുകള്‍ ഉപയോഗിച്ചാണ് ബൈപ്പാസ് നടത്താറുള്ളത്. അത് ചെയ്യാൻ കഴിയാത്ത രോഗികളില്‍ സിന്തറ്റിക് ഗ്രാഫ്റ്റ് വച്ച്‌ ബൈപ്പാസ് ചെയ്യാറുണ്ട്.

ആൻജിയോപ്ലാസ്റ്റിയോ ബൈപ്പാസോ കഴിഞ്ഞാലും ചികിത്സ അവിടെ തീരുന്നില്ല. രോഗികള്‍ എപ്പോഴും വാസ്കുലർ സർജന്റെ തുടർചികിത്സകള്‍ തേടിക്കൊണ്ടിരിക്കുകയും പ്രമേഹം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോള്‍ തുടങ്ങിയ ജീവിത കാലം മുഴുവൻ നിയന്ത്രിച്ചു നിർത്താനാവശ്യമായ മരുന്നുകള്‍ കഴിക്കേണ്ടതായും വരും. വ്യായാമം ഉള്‍പ്പെടെയുള്ള തെറാപ്പികളും മറ്റു ചികിത്സകളും തുടരേണ്ടിയും വരും.

പൊതുവെ സമൂഹത്തിലുള്ള ഒരു തെറ്റിദ്ധാരണ പെരിഫെറല്‍ ആർട്ടറി ഡിസീസിന് ഫലപ്രദമായ ചികിത്സ ഇല്ലെന്നാണ്. എന്നാല്‍ നൂതന ചികിത്സകളിലൂടെ 90 ശതമാനം രോഗികള്‍ക്കും ഫലപ്രദമായ ചികിത്സ നല്‍കാനാവും എന്നതാണ് വസ്തുത. അതായത് കാലു മുറിച്ചു മാറ്റുക അഥവാ ആംപ്യൂട്ടേഷൻ എന്ന അവസ്ഥ ഒഴിവാക്കാൻ കഴിയാറുണ്ട്. കൃത്യസമയത്ത് വിദഗ്ധനായ ഒരു വാസ്കുലർ സർജന്റെ ചികിത്സ തേടുകയാണെങ്കില്‍ കാല്‍ മുറിച്ചു മാറ്റുന്നത് ഒഴിവാക്കി ജീവിതത്തിന്റെ വലിയ പ്രയാസങ്ങളില്‍ നിന്ന് രക്ഷ നേടി കാലുകള്‍ നഷ്ടപ്പെടാതെ ജീവിക്കാൻ സാധിക്കും

കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലില്‍ വാസ്കുലർ സർജൻ സീനിയർ കണ്‍സല്‍ട്ടന്റ് ആണ് ലേഖകൻ.

RELATED ARTICLES

STORIES

Most Popular