Saturday, July 27, 2024
HomeIndiaകോണ്‍ഗ്രസുമായി സ്ഥിരമായി സഖ്യത്തിനില്ല; ജൂണ്‍ നാലിന് അത്ഭുതം സംഭവിക്കുമെന്ന് കെജ്രിവാള്‍

കോണ്‍ഗ്രസുമായി സ്ഥിരമായി സഖ്യത്തിനില്ല; ജൂണ്‍ നാലിന് അത്ഭുതം സംഭവിക്കുമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള എഎപിയുടെ സഖ്യം ശാശ്വതമല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ വേണ്ടിയാണ് ഇരു പാര്‍ട്ടികളും ഒന്നിച്ചത് എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്ക് വിജയിക്കുമെന്നതിനാല്‍ ജൂണ്‍ 4 ന് ഒരു ‘വലിയ സര്‍പ്രൈസ്’ കാത്തിരിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.

തല്‍ക്കാലം ബി ജെ പിയെ പരാജയപ്പെടുത്തുകയും നിലവിലെ ഭരണത്തിന്റെ ഏകാധിപത്യവും ഗുണ്ടാരാജും അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യത്തിലാണെങ്കിലും അയല്‍സംസ്ഥാനമായ പഞ്ചാബില്‍ ഇരുപാര്‍ട്ടികളും പരസ്പരം മത്സരിക്കുകയാണ്.

‘ രാജ്യത്തെ രക്ഷിക്കുക എന്നതാണ് പ്രധാനം. ബി ജെ പിയെ പരാജയപ്പെടുത്താനും ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താനും സഖ്യം ആവശ്യമായിടത്തെല്ലാം എഎപിയും കോണ്‍ഗ്രസും ഒന്നിച്ചു. പഞ്ചാബില്‍ ബിജെപിക്ക് നിലനില്‍പ്പില്ല,’ അദ്ദേഹം പറഞ്ഞു. അതേസമയം ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല എന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഒന്നിലും താന്‍ ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ജയിലിലേക്ക് മടങ്ങുന്നത് ഒരു പ്രശ്നമല്ല, ഈ രാജ്യത്തിന്റെ ഭാവി അപകടത്തിലാണ്. അവര്‍ എന്നെ എത്രകാലം വേണമെങ്കിലും തടവിലിടട്ടെ. ബിജെപി ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്ന പ്രശ്നമില്ല.’ കെജ്രിവാള്‍ വ്യക്തമാക്കി. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന കെജ്രിവാളിന് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ജൂണ്‍ രണ്ടിന് ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങണം.

ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചത്. അതേസമയം മൂന്നാം തവണയും ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലിലടക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വ്ളാഡിമിര്‍ പുടിന്റെ കീഴില്‍ റഷ്യയിലെ രാഷ്ട്രീയ സാഹചര്യം ഉദ്ധരിച്ച്‌ കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എഎപി നേതാക്കളായ സത്യേന്ദര്‍ ജെയിന്‍, മനീഷ് സിസോദിയ എന്നിവര്‍ക്ക് തങ്ങളുടെ കേസുകളില്‍ ജാമ്യത്തിന് പകരമായി ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ട് ജയിലില്‍ സന്ദേശം ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. 2017 ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ജെയിന്‍ അറസ്റ്റിലായത്. സിസോദിയ മദ്യനയ കേസിലാണ് അകത്തായത്. അതേസമയം സ്വാതി മലിവാള്‍ വിഷയത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ കെജ്രിവാള്‍ വിസമ്മതിച്ചു.

വിഷയം കോടതിയിലാണ് എന്നും കൂടുതല്‍ പ്രതികരിക്കാനില്ല എന്നുമായിരുന്നു കെജ്രിവാള്‍ പറഞ്ഞത്. അതിനിടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ജീവിതം പ്രധാനമന്ത്രി ഉടന്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

STORIES

Most Popular