Saturday, July 20, 2024
HomeKeralaകുറുമ്ബ ഊരുകള്‍ക്കുള്ള റോഡ് തകര്‍ച്ചഭീഷണിയില്‍; കനത്ത മഴ പെയ്താല്‍ ഒറ്റപ്പെടുന്നത് എട്ട് ഊരുകള്‍

കുറുമ്ബ ഊരുകള്‍ക്കുള്ള റോഡ് തകര്‍ച്ചഭീഷണിയില്‍; കനത്ത മഴ പെയ്താല്‍ ഒറ്റപ്പെടുന്നത് എട്ട് ഊരുകള്‍

ഗളി (പാലക്കാട്): പതിറ്റാണ്ടുകള്‍ കാത്തിരുന്ന് കുറുമ്ബ ഊരുകളില്‍ വൈദ്യുതിയും മൊബൈലിന് റെയ്ഞ്ചുമെത്തിയെങ്കിലും റോഡ് ഏത് നിമിഷവും തകരുമെന്ന നിലയിലായി.

ചിണ്ടക്കി മുതല്‍ ആനവായ് വരെയുള്ള 10 കിലോമീറ്റർ ഇന്റർലോക്ക് പതിച്ച റോഡാണ് അപകടഭീഷണിയിലുള്ളത്. കെ.എസ്.ഇ.ബിയും ബി.എസ്.എൻ.എല്ലും ഭൂഗർഭ കേബിളുപയോഗിച്ചാണ് പ്രാക്തന ഗോത്രവർഗ ഊരുകളിലേക്ക് വൈദ്യുതിയും മൊബൈലിന് റെയ്ഞ്ചുമെത്തിച്ചിരിക്കുന്നത്.

ഇതിനായി റോഡിനിരുവശവും കുഴികളെടുത്തിരുന്നു. കേബിളുകള്‍ക്കായി എടുത്ത കുഴികള്‍ പൂർവസ്ഥിതിയില്‍ ആക്കിയിട്ടുണ്ടെങ്കിലും മണ്ണ് ഉറയ്ക്കാത്തതിനാല്‍ മഴയില്‍ റോഡിന്റെ അരികുകള്‍ ഇടിഞ്ഞുപോയി. റോഡ് തകർന്നാല്‍ തടിക്കുണ്ട്, ആനവായ്, കടുകുമണ്ണ, താഴെ തുടുക്കി, മേലെ തുടുക്കി, ഗലസി, മുരുഗള, കിണറ്റുക്കര എന്നീ ഊരുകള്‍ ഒറ്റപ്പെടും.

ചില ഭാഗങ്ങളില്‍ മണ്ണ് ഒഴുകിപ്പോയി ഗർത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. റോഡരികില്‍ നടന്നാല്‍ പോലും കുഴിയിലേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലാണ്. കാലവർഷം കനക്കുന്നതോടെ ഈ റോഡിന്റെ പല ഭാഗങ്ങളും പൂർണമായി തകർന്ന് ഗതാഗതയോഗ്യമല്ലാത്ത രീതിയിലാവും. നിലവില്‍ ഇന്റർലോക്ക് പതിച്ച റോഡ് ആനവായ് ഫോറസ്റ്റ് ക്യാമ്ബ് ഓഫീസുവരെ മാത്രമാണുള്ളത്. ഇതിനുശേഷം വനത്തിലൂടെ കാല്‍നടയായി വേണം ഊരുകളിലേക്ക് എത്താൻ.

ഗലസി ഊരില്‍നിന്ന് ഏഴ് കിലോമീറ്റർ നടന്നാണ് ഗതാഗതസൗകര്യമുള്ള സ്ഥലത്തെത്താൻ. അടിയന്തരമായി രോഗികളെ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ തുണിമഞ്ചലില്‍ ചുമന്നാണ് ആനവായ് റോഡുവരെ എത്തിക്കുന്നത്. മേലെ തുടുക്കി, താഴെ തുടുക്കി, കടുകുമണ്ണ, കിണറ്റുക്കര, മുരുഗള എന്നീ ഊരുകളിലെ രോഗികള്‍ക്കും സമാനസ്ഥിതിയാണ്. നിലവിലെ റോഡ് അറ്റകുറ്റപ്പണി ചെയ്ത് ബലപ്പെടുത്തണം എന്നാണ് ഊരുനിവാസികളുടെ ആവശ്യം.

RELATED ARTICLES

STORIES

Most Popular