Thursday, July 18, 2024
HomeIndiaകേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കില്ല; കേന്ദ്രത്തില്‍ ബി.ജെ.പി. ഇതര സര്‍ക്കാര്‍ വരും: പറക്കാല പ്രഭാകര്‍

കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കില്ല; കേന്ദ്രത്തില്‍ ബി.ജെ.പി. ഇതര സര്‍ക്കാര്‍ വരും: പറക്കാല പ്രഭാകര്‍

ലോക്സഭ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കാനിരിക്കെ ഇന്ത്യയിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വലിയ മാറ്റമാണ് വരാനിരിക്കുന്നതെന്ന് പ്രശസ്ത സാമ്ബത്തിക ശാസ്ത്രജ്ഞനും സാമൂഹ്യ വിമർശകനുമായ ഡോ.

പറക്കാല പ്രഭാകർ പറയുന്നു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ജീവിത പങ്കാളി കൂടിയായ പറക്കാല പ്രഭാകറുമായി നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറ് ഘട്ടങ്ങള്‍ പൂർത്തിയായിക്കഴിഞ്ഞു. ജൂണ്‍ ഒന്നിന് നടക്കാനിരിക്കുന്ന ഏഴാം ഘട്ടത്തോടെ തിരഞ്ഞെടുപ്പ് പൂർത്തിയാവും. 90% സീറ്റുകളിലേക്കും വോട്ടെടുപ്പ് കഴിഞ്ഞിരിക്കെ താങ്കളുടെ അനുമാനവും വിലയിരുത്തലും എന്താണ്

തുടക്കത്തില്‍ എന്റെ നിഗമനം ബി.ജെ.പിക്ക് 220 മുതല്‍ 230 വരെ സീറ്റുകള്‍ കിട്ടുമെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാൻ കണക്ക് കൂട്ടുന്നത് ബി.ജെ.പിക്ക് 200 മുതല്‍ 220 വരെ സീറ്റുകളേ ലഭിക്കുകയുള്ളു എന്നാണ്.

എൻ.ഡി.എയ്ക്ക് മൊത്തത്തില്‍ എത്ര സീറ്റ് കിട്ടും

ബി.ജെ.പിയുടെ സഖ്യ കക്ഷികള്‍ക്ക് 30 മുതല്‍ 40 സീറ്റുകള്‍ വരെ കിട്ടിയേക്കും. ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടതായുണ്ട്. നിലവില്‍ ബി.ജെ.പിയുടെ കൂടെയുള്ള ഒരു കക്ഷിയും പ്രത്യയശാസ്ത്രപരമായി അവർക്കൊപ്പം നീങ്ങുന്നവരല്ല. സാഹചര്യത്തിനും സന്ദർഭത്തിനുമനുസരിച്ച്‌ സഖ്യമുണ്ടാക്കുന്ന പാർട്ടികളാണവർ. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ ബി.ജെ.പിയുടെ നില പരുങ്ങലിലാണെങ്കില്‍ മറുകണ്ടം ചാടാൻ അവർക്ക് മടിയുണ്ടാവില്ല.

ഇന്ത്യൻ എക്സ്പ്രസ്സിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. അഞ്ച് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ബി.ജെ.പി. 300 സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും മൂന്നാം വട്ടവും സർക്കാർ രൂപവത്കരിക്കുന്നത് ബി.ജെ.പി. തന്നെയായിരിക്കുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നുമാണ് ഷാ പറഞ്ഞത്. ഷായുടെ അവകാശവാദം താങ്കള്‍ എങ്ങിനെ കാണുന്നു

മൂന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ ഷാ നടത്തിയ വിലയിരുത്തല്‍ ഞാൻ കണ്ടിരുന്നു. അന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ 370 സീറ്റുകളില്‍ 270 ബി.ജെ.പിക്ക് കിട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും സീറ്റുകളില്‍ ജയിക്കണമെങ്കില്‍ 73% വിജയനിരക്ക് വേണ്ടി വരും. അതുകൊണ്ട് തന്നെ ഈ കണക്കുകൂട്ടലിന് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് മനസ്സിലാവും. രാഷ്ട്രീയക്കാർ ഇത്തരം വിലയിരുത്തലുകള്‍ നടത്തുക സ്വാഭാവികമാണ്. അതിന് അത്ര പ്രാധാന്യമേ കൊടുക്കേണ്ടതുള്ളു. അണികളെ ഉത്തേജിപ്പിക്കുക എന്നതാണ് അവരുടെ മുഖ്യലക്ഷ്യം. അതിന് യാഥാർത്ഥ്യവുമായി ഒരു പൊരുത്തവുമുണ്ടാവില്ല.

നിഷ്പക്ഷ നിരീക്ഷകനെന്ന് അവകാശപ്പെടുന്ന പ്രശാന്ത് കിഷോറും ഷായുടെ അനുമാനങ്ങള്‍ ശരിവെയ്ക്കുന്ന വിലയിരുത്തലാണ് മുന്നോട്ടു വെയ്ക്കുന്നത്. വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് കുറച്ച്‌ സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാമെങ്കിലും തെക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലെ നേട്ടം കൊണ്ട് അത് പരിഹരിക്കാനാകുമെന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്. കഴിഞ്ഞ തവണ കിട്ടിയ 303 സീറ്റുകളില്‍ നിന്നും വലിയ മാറ്റമൊന്നുമുണ്ടാവില്ലെന്നും പി.കെ. പറയുന്നു. താങ്കളുടെ പ്രതികരണം എന്താണ്

വേറൊരാളുടെ വിശകലനത്തെക്കുറിച്ച്‌ ഞാൻ അഭിപ്രായം പറയുന്നത് ശരിയാവില്ല. എന്റെ നിഗമനങ്ങള്‍ മുഖ്യമായും ഞാൻ നടത്തിയ യാത്രകളുടെയും വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരുമായി ഞാൻ നടത്തിയ സംഭാഷണങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ഇതിന്റെയൊപ്പം ചരിത്രപരമായ വിവരങ്ങളും ഞാൻ പരിശോധിക്കുന്നു. ജനസംഘം 1972 വരെ നടത്തിയ തിരഞ്ഞെടുപ്പ് പ്രകടനങ്ങളും 1980 മുതല്‍ ബി.ജെ.പിക്ക് ലഭിച്ചിട്ടുള്ള വോട്ടുവിഹിതവും ഈ നിഗമനത്തിന് അടിസ്ഥാനമാണ്.

2014-ല്‍ ബി.ജെ.പിക്ക് 31% വോട്ടാണ് കിട്ടിയത്. അന്ന് അവരുടെ മുദ്രാവാക്യം ഹിന്ദുത്വ ആയിരുന്നില്ല. വികസനവും അഴിമതിമുക്ത ഭാരതവുമായിരുന്നു അന്ന് ബി.ജെ.പി. ഉയർത്തിക്കാട്ടിയത്. അന്നവർക്ക് കിട്ടിയ 31% വോട്ട് അവരുടേത് മാത്രമായിരുന്നില്ല, സഖ്യകക്ഷികളുടേത് കൂടിയായിരുന്നു. സഖ്യകക്ഷികളുടെ വോട്ട് കുറച്ചാല്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 25 ശതമാനമായി കുറയും. 1998-ല്‍ അവർക്ക് കിട്ടിയത് 23 ശതമാനത്തിനടുത്താണ്. 2014-ല്‍ ബി.ജെ.പിക്ക് കൂടുതലായി കിട്ടിയത് രണ്ട് ശതമാനം വോട്ട് മാത്രമാണെന്നർത്ഥം. 2019-ല്‍ ബി.ജെ.പിക്ക് 37 ശതമാനം വോട്ട് കിട്ടി. പുല്‍വാമയും ബാലാക്കോട്ടും സൃഷ്ടിച്ച ദേശീയ വികാരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ വോട്ട് വർദ്ധന. ഇവിടെയും സഖ്യകക്ഷികളുടെ വോട്ട് കുറച്ചാല്‍ ബി..ജെ.പിയുടെ വോട്ടുവിഹിതം 33 മുതല്‍ 34 ശതമാനമാവും. അതായത് 1998-നും 2019-നുമിടയില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതത്തില്‍ ഉണ്ടായ വർദ്ധന എട്ട് ശതമാനമാണ്. ഹിന്ദുത്വയല്ല വികസനവും അഴിമതി വിരുദ്ധ പ്രക്ഷോഭവും ദേശീയതയുമാണ് ഈ വർദ്ധനവിന് കാരണം. ഇന്നിപ്പോള്‍ ബി.ജെ.പിയുടെ മുഖ്യ ആയുധം ഹിന്ദുത്വയാണ്. എന്നാല്‍ നാട്ടിൻപുറത്തായാലും നഗരത്തിലായാലും ജനങ്ങള്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് വലയുകയാണ്. അഴിമതി വിരുദ്ധ പോരാളികള്‍ എന്ന് സ്വയം വിളിക്കുന്നവർ ഇലക്ടറല്‍ ബോണ്ടുകളിലൂടെ എന്താണ് ചെയ്തതെന്ന് ജനം ഇന്ന് തിരിച്ചറിയുന്നുണ്ട്. അഴിമതിക്കാരായ നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരുന്നതോടെ അവർ വെളുപ്പിക്കപ്പെടുന്നതും ജനങ്ങള്‍ കാണുന്നുണ്ട്. അങ്ങിനെ വരുമ്ബോള്‍ ബി.ജെ.പിക്ക് ഇത്തവണ കിട്ടുന്ന വോട്ടുകള്‍ അവരുടെ ഹിന്ദുത്വ അടിത്തറ നല്‍കുന്ന വോട്ടുകളായിരിക്കും. അതുകൊണ്ടാണ് ഇത്തവണ അവരുടെ വോട്ട് വിഹിതം 25 ശതമാനത്തിനപ്പുറത്തേക്ക് പോകാനിടയില്ല എന്ന് പറയേണ്ടിവരുന്നത്.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് കാര്യമായ നേട്ടമൊന്നുമുണ്ടാവില്ലെന്ന് താങ്കള്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അതൊന്ന് വിശദീകരിക്കാമോ

നമുക്ക് കേരളത്തില്‍നിന്ന് തുടങ്ങാം. കേരളത്തില്‍ ഇത്തവണയും ബി.ജെ.പിക്ക് കനത്ത നിരാശയാവും ഫലം. പൂജ്യത്തിന് മുകളിലേക്ക് അവർ പോകുമെന്ന് ഞാൻ കരുതുന്നില്ല.

അപ്പോള്‍, ഇക്കുറിയും കേരളത്തില്‍ ബി..ജെ.പി. അക്കൗണ്ട് തുറക്കില്ലെന്നാണോ താങ്കള്‍ വ്യക്തമാക്കുന്നത്

അതേ…! തമിഴ്നാട്ടിലും അത് തന്നെയാവും അവസ്ഥ. ആന്ധ്രയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടിയത് രണ്ട് സീറ്റുകള്‍ കിട്ടിയേക്കും. തെലങ്കാനയില്‍ നിലവിലുള്ള നാല് സീറ്റുകള്‍ ചിലപ്പോള്‍ ബി.ജെ.പി. നിലനിർത്തിയേക്കും. കർണ്ണാടകത്തില്‍ കഴിഞ്ഞ തവണ 28 ല്‍ 25 ബി.ജെ.പി. നേടിയിരുന്നു. ഇക്കുറി അവിടെ 12 സീറ്റെങ്കിലും ബി.ജെ.പിക്ക് നഷ്ടമാവും. അങ്ങിനെ വരുമ്ബോള്‍ ആന്ധ്രയില്‍നിന്ന് കിട്ടുന്ന രണ്ട് സീറ്റുകള്‍ കണക്കിലെടുത്താല്‍ ബി.ജെ.പിക്ക് ദക്ഷിണേന്ത്യയില്‍ പത്ത് സീറ്റുകള്‍ കുറയും. വടക്ക് പടിഞ്ഞാറൻ മേഖലയില്‍ 90 സീറ്റെങ്കിലും ബി.ജെ.പിക്ക് നഷ്ടമാവും . മൊത്തത്തില്‍ ബി.ജെ.പിക്ക് ഈ തിരഞ്ഞെടുപ്പില്‍ 100 സീ്റ്റുകളുടെ കുറവുണ്ടാവും.

അതിന്റെ അർത്ഥം ലോക്സഭയില്‍ ബി.ജെ.പിയുടെ അംഗസംഖ്യ 203 ലേക്ക് ചുരുങ്ങുമെന്നല്ലേ

കണക്കുകൂട്ടലില്‍ ഉണ്ടായേക്കാവുന്ന ചില പാകപ്പിഴകള്‍ കണക്കിലെടുത്താല്‍ ഏറ്റവും കൂടിയത് ബി.ജെ.പിക്ക് 220 സീറ്റുകളേ കിട്ടുകയുള്ളു. അതാണ് എന്റെ വിലയിരുത്തല്‍.

സഖ്യകക്ഷികള്‍ക്ക് 40 സീറ്റുകള്‍ വരെ കിട്ടിയേക്കുമെന്നാണ് താങ്കള്‍ പറഞ്ഞത്. അങ്ങിനെ വരുമ്ബോള്‍ എൻ.ഡി.എയ്ക്ക് മൊത്തത്തില്‍ കിട്ടുന്നത് 260 സീറ്റുകളായിരിക്കുമെന്നാണോ താങ്കള്‍ സൂചിപ്പിക്കുന്നത്

അതെ. അതിനപ്പുറത്തേക്ക് എൻ.ഡി.എ. കടക്കുന്ന ലക്ഷണമില്ല.

ജൂണ്‍ നാലിന് ശേഷം ഇന്ത്യയില്‍ ബി.ജെ.പി. പ്രതിപക്ഷത്തായിരിക്കുമെന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്

തീർച്ചയായും. ബി.ജെ.പി. ഇതര, എൻ.ഡി.എ. ഇതര സർക്കാരാണ് അധികാരത്തില്‍ വരാൻ പോകുന്നത്.

പ്രധാനമന്ത്രി മോദി ഇന്ന് വൈകുന്നേരത്തോടെ കന്യാകുമാരിയില്‍ ധ്യാനം തുടങ്ങാനിരിക്കുകയാണ്. മൂന്നാം വട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയാവും എന്ന ആത്മവിശ്വാസത്തേിാടെയാണ് മോദി വരുന്നത്. താങ്കളുടെ കണക്കുകൂട്ടല്‍ ശരിയാവുകയാണെങ്കില്‍ അദ്ദേഹത്തിന്റെ വാനപ്രസ്ഥത്തിന്റെ തുടക്കമാവുമോ ഇത്

ഞാൻ ഒട്ടേറെ തിരഞ്ഞെടുപ്പുകള്‍ കണ്ടിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ആത്മവിശ്വാസവും തിരഞ്ഞെടുപ്പ് ഫലവും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാണെന്റെ അനുഭവം.

കരണ്‍ താപ്പറുമായുള്ള അഭിമുഖം താങ്കള്‍ അവസാനിപ്പിച്ചത് എല്ലാ ഏകാധിപതികളും അവസാനിക്കുന്നത് ഒന്നുകില്‍ കൈവിലങ്ങുകളിലോ അല്ലെങ്കില്‍ ശവപ്പെട്ടികളിലോ ആയിരിക്കും എന്ന നിരീക്ഷണത്തോടെയാണ്. പ്രധാനമന്ത്രി മോദിയെ കാത്തിരിക്കുന്നത് കടുത്ത ദിനങ്ങളാണെന്നാണോ താങ്കള്‍ സൂചിപ്പിക്കുന്നത്

ഈ ഭരണകൂടം അത്ര എളുപ്പത്തില്‍ അധികാരം ഒഴിയുമെന്ന് ഞാൻ കരുതുന്നില്ല. അധികാരത്തിന് പുറത്താകുന്നതോടെ ബി.ജെ.പിയുടെ അലമാരയില്‍നിന്ന് അസ്ഥികൂടങ്ങള്‍ ഒന്നൊന്നായി പുറത്തേക്കു വരാൻ തുടങ്ങും. റഫേല്‍ വിമാന ഇടപാട്, പെഗാസസ്, പി.എം. കെയേഴ്സ് ഫണ്ട്, ഇലക്ടറല്‍ ബോണ്ടുകള്‍ എന്നിവ ബി.ജെ.പിയെ തിരിഞ്ഞുകുത്തും. അതവരുടെ മൊത്തം ഹിന്ദുത്വ പദ്ധതിയുടെയും വിശ്വാസ്യത തകർക്കും. അടുത്ത കൊല്ലം ആർ.എസ്.എസിന്റെ ശതാബ്ദിയാണെന്നതും മറക്കരുത്. ഇതൊക്കെ കൊണ്ടാണ് അധികാരം നിലനിർത്താൻ ബി.ജെ.പി. എന്ത് കളിയും കളിക്കുമെന്ന് പറയേണ്ടിവരുന്നത്.

2020-ല്‍ അമേരിക്കയിലെ ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപം പോലൊന്ന് ഇന്ദ്രപ്രസ്ഥത്തിലുണ്ടായേക്കുമെന്ന് താങ്കള്‍ ഭയപ്പെടുന്നുണ്ടോ

അത്തരമൊരവസ്ഥ തള്ളിക്കളയാനാവില്ല. അതുകൊണ്ടാണ് ഇന്ത്യയിലെ പൗരസമൂഹം അതീവജാഗ്രത പുലർത്തണം എന്ന് മുന്നറിയിപ്പ് നല്‍കേണ്ടിവരുന്നത്. 220 സീറ്റ് കിട്ടിയാല്‍ ബി.ജെ.പി. തന്നെയായിരിക്കും ലോക്സഭയിലെ ഏറ്റവും വലിയ കക്ഷി. അങ്ങിനെ വരുമ്ബോള്‍ രാഷ്ട്രപതി ബി.ജെ.പിയെ സർക്കാർ രൂപീകരണത്തിനായി വിളിക്കും. ഇഷ്ടം പോലെ സമയവും അവർക്ക് ലഭിച്ചേക്കും. അതോടെ വൻ കുതിരക്കച്ചവടത്തിനുള്ള അരങ്ങൊരുങ്ങും. അത്രയും പണം ബി.ജെ.പിയുടെ കൈയ്യിലുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പോരാട്ടം അവസാനിക്കുന്നില്ല. പൗരസമൂഹം ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ് വരുന്നത്.

ഏത് തരത്തിലുള്ള അത്യാഹിതവും നേരിടുന്നതിന് ജുഡീഷ്യറി അടക്കമുള്ള ജനാധിപത്യ സംവിധാനങ്ങള്‍ ജാഗ്രത പുലർത്തണമെന്നാണോ താങ്കള്‍ അർത്ഥമാക്കുന്നത്

തീർച്ചയായും. സ്വാതന്ത്ര്യത്തിന്റെ വില നിതാന്ത ജാഗ്രതയാണെന്ന് നമ്മള്‍ മറക്കരുത്.

RELATED ARTICLES

STORIES

Most Popular