Thursday, July 18, 2024
HomeAsiaഫിലഡല്‍ഫി ഇടനാഴി പിടിച്ചെടുത്തു; ഗാസയുടെ കരയതിര്‍ത്തികളെല്ലാം ഇസ്രയേലിന്റെ കൈയില്‍

ഫിലഡല്‍ഫി ഇടനാഴി പിടിച്ചെടുത്തു; ഗാസയുടെ കരയതിര്‍ത്തികളെല്ലാം ഇസ്രയേലിന്റെ കൈയില്‍

റാഫ: ഈജിപ്ത് അതിർത്തിയിലെ ഫിലഡല്‍ഫി ഇടനാഴി വ്യാഴാഴ്ച പിടിച്ചെടുത്തതോടെ ഗാസയുടെ കരയതിർത്തി മുഴുവൻ ഇസ്രയേലിന്റെ നിയന്ത്രണത്തിലായി.

ഗാസയ്ക്കും ഈജിപ്തിനുമിടയില്‍ 14 കിലോമീറ്റർ നീളത്തിലുള്ള കരുതല്‍മേഖലയാണ് ഫിലഡല്‍ഫി ഇടനാഴി. നൂറുമീറ്റർ മാത്രമാണ് ഇടനാഴിയുടെ വീതി. ഇതുവഴി തുരങ്കമുണ്ടാക്കി ഈജിപ്തില്‍നിന്ന് ഗാസയിലേക്ക് ഹമാസ് ആയുധങ്ങള്‍ കടത്തുന്നു എന്നാണ് ഇസ്രയേലിന്റെ ആരോപണം.

1967-2005 കാലത്ത് ഗാസ ഇസ്രയേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നപ്പോഴാണ് സലാഹെദീനെന്നുകൂടി പേരുള്ള ഈ കരുതല്‍മേഖലയുണ്ടാക്കിയത്.

ഇവിടെ 20 തുരങ്കങ്ങള്‍ കണ്ടെത്തിയെന്ന് ഇസ്രയേല്‍ സേനാവക്താവ് ഡാനിയല്‍ ഹഗാരി പ്രഖ്യാപിച്ചു. എന്നാല്‍, ലക്ഷങ്ങള്‍ അഭയംതേടിയിരിക്കുന്ന റാഫയില്‍ ആക്രമണം നടത്തുന്നതിനെ ന്യായീകരിക്കാൻ ഉയർത്തിയ ആരോപണമാണിതെന്ന് ഈജിപ്ത് പറഞ്ഞു. രാഷ്ട്രീയകാരണങ്ങളാല്‍ യുദ്ധംനീട്ടുകയാണ് ലക്ഷ്യമെന്നും ഫിലഡല്‍ഫി ഇടനാഴി ഇസ്രയേല്‍ ഏറ്റെടുത്തത് 1979-ലെ സമാധാനക്കരാറിന്റെ ലംഘനമാണെന്നും ഈജിപ്ത് പറഞ്ഞു.

അതിനിടെ, ബെയ്ജിങ്ങില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ഈജിപ്ത് പ്രസിഡന്റ് അബ്ദെല്‍ ഫത്ത അല്‍ സിസി ഗാസയ്ക്ക് കൂടുതല്‍ ജീവകാരുണ്യ സഹായം നല്‍കണമെന്ന് അഭ്യർഥിച്ചു. പലസ്തീൻകാരെ സ്വദേശത്തുനിന്ന് ആട്ടിപ്പായിക്കാനുള്ള ശ്രമങ്ങളെ ഈജിപ്ത് ചെറുക്കുമെന്നും അല്‍ സിസി പറഞ്ഞു.

അതിനിടെ, റാഫയുടെ മധ്യഭാഗത്തും പടിഞ്ഞാറും ഇസ്രയേല്‍ യുദ്ധം കടുപ്പിച്ചു. റാഫയുടെ കിഴക്ക് സഹായവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പാണ്ടികശാലയില്‍ ഇസ്രയേല്‍ ബോംബിട്ടു. അഞ്ചുപേർ മരിച്ചു. മേയ് ഏഴിന് റാഫയില്‍ കരയുദ്ധം ആരംഭിച്ചതിനുശേഷം കിഴക്കുള്ള ഒട്ടേറെ കെട്ടിടങ്ങള്‍ ഇസ്രയേല്‍സേന തകർത്തു. ഗാസാ സിറ്റിയിലെ ജബലിയ, ബെയ്ത് ലഹിയ എന്നിവിടങ്ങളിലും കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 36,224 ആയി.

RELATED ARTICLES

STORIES

Most Popular