Saturday, April 27, 2024
HomeKeralaഅജിത തങ്കപ്പനെ കൈവിട്ട് 8 യുഡിഎഫ് കൗണ്‍സിലര്‍മാര്‍;പ്രതിപക്ഷത്തിനൊപ്പം; രംഗം വഷളായി

അജിത തങ്കപ്പനെ കൈവിട്ട് 8 യുഡിഎഫ് കൗണ്‍സിലര്‍മാര്‍;പ്രതിപക്ഷത്തിനൊപ്പം; രംഗം വഷളായി

തൃക്കാക്കര നഗരസഭയില്‍ ചൊവ്വാഴ്ച്ച ഉടലെടുത്ത പൂട്ടുപൊളിക്കല്‍ വിവാദത്തില്‍ അജിത തങ്കപ്പനെ കൈവിട്ട് എട്ട് യുഡിഎഫ് അംഗങ്ങള്‍.

കോണ്‍ഗ്രസിലേയും ലീഗിലേയും നാല് വീതം അംഗങ്ങള്‍ അജിത തങ്കപ്പനെതിരെ പരസ്യനിലപാട് എടുക്കുകയായിരുന്നു.

മുറിയുടെ പൂട്ടുപൊളിച്ചത് അജിത തങ്കപ്പന്‍ തന്നെയാണെന്നും ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നുമുള്ള പ്രതിപക്ഷ ആരോപണത്തിനൊപ്പം നില്‍ക്കുകയായിരുന്നു യുഡിഎഫ് കൗണ്‍സിലര്‍മാര്‍. ഇതോടെ രംഗം വഷളായി. അധ്യക്ഷയും മറ്റുകൗണ്‍സിലര്‍മാരും ഹാള്‍ വിട്ടപ്പോള്‍ എട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫിനൊപ്പം നിലകൊണ്ടു.

വൈസ് ചെയര്‍മാന്‍ എഎ ഇബ്രാഹിംകുട്ടി, സ്ഥിരം സമിതി അധ്യക്ഷ സ്മിത സണ്ണി, വിഡി സുരേഷ്, രാധാമണി പിള്ള, ജോസ് കളത്തില്‍, സജീന അക്ബര്‍, ടിജി ദിനൂപ്, ഷിമി മുരളി എന്നിവരാണ് പരസ്യനിലപാടെടുത്തത്.

അജിതാ തങ്കപ്പന്റെ മുറിയുടെ പൂട്ട് തകര്‍ത്തതിനെ ചൊല്ലിയുള്ള അജണ്ടയാണ് കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളിക്കിടയാക്കിയത്. നഗരസഭയിലെ ഓണക്കിഴി വിവാദത്തിനിടെ അജിതാ തങ്കപ്പന്‍ ചെയര്‍പേഴ്‌സന്റെ മുറി പൂട്ടി പോയിരുന്നു. പിന്നീട് പൂട്ട് പൊളിച്ചാണ് മുറി തുറന്നത്. ആ പൂട്ടിന്റെ ചെലവും പണിക്കൂലിയുമായി 8000 രൂപ കൗണ്‍സില്‍ അംഗീകരിക്കേണ്ടി വരികയായിരുന്നു. പിന്നാലെയാണ് തര്‍ക്കം ഉടലെടുത്തത്.

പൂട്ട് ചെയര്‍പേഴ്‌സണ്‍ തന്നെ തകര്‍ത്തതാണെന്നാണ് പ്രതിപക്ഷ ആരോപണം. ഇത് സംബന്ധിച്ച്‌ പ്രതിപക്ഷം നല്‍കിയ കേസ് പൊലീസ് പരിഗണനയിലാണ്. എന്നാല്‍ പ്രതിപക്ഷമാണ് ക്യാബിന്റെ പൂട്ട് പൊളിച്ചതെന്നാണ് അജിതാ തങ്കപ്പന്റെ ആരോപണം.

സംഭവത്തില്‍ ഇതിനകം രണ്ട് പേര്‍ അറസ്റ്റിലായി. സിപിഐ നേതാവും മുനിസിപ്പിലിറ്റി പ്രതിപക്ഷ ഉപനേതാവുമായ എംജെ ഡിക്‌സന്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിസി വിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നല്‍കിയ പരാതിയിലാണ് എംജെ ഡിക്‌സനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സിപിഐഎം കൗണ്‍സിലര്‍മാരുടെ പരാതിയില്‍ ആണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ വിജുവിനെ അറസ്റ്റ് ചെയ്തത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular