Saturday, July 20, 2024
HomeIndiaവിമാനം അപകടത്തില്‍പ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണം; മോദിക്കെതിരായ ഹര്‍ജി തള്ളി

വിമാനം അപകടത്തില്‍പ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണം; മോദിക്കെതിരായ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി.

ഹർജി ദുരുദ്ദേശപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സച്ചിൻ ദത്ത ഹർജി തള്ളിയത്. എയർഇന്ത്യ പൈലറ്റായിരുന്ന ക്യാപ്റ്റൻ ദീപക് കുമാറായിരുന്നു ഹർജിക്കാരൻ.

മോദിയും കൂട്ടാളികളും ചേർന്ന് എയർഇന്ത്യയുടെ എ.ഐ. 459 വിമാനം അപകടത്തില്‍പ്പെടുത്തി ദേശസുരക്ഷ അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. ദീപക് കുമാർ പൈലറ്റായിരുന്ന വിമാനമായിരുന്നു ഇത്. 2018 ജൂലായ് എട്ടിന് സർവീസ് നടത്തിയ വിമാനം അപകടത്തില്‍പ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഭരണഘടനയോട് കൂറ് പുലർത്തുമെന്ന മോദിയുടെ സത്യവാങ്മൂലം വ്യാജമാണെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു.

വ്യാജ സത്യവാങ്മൂലത്തില്‍ അന്വേഷണം നടത്തണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. സമയബന്ധിതവും സത്യസന്ധവുമായി അന്വേഷണം നടത്തി കുറ്റക്കാരനെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കണമെന്നും ഹർജിയിലുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യയുടേയും സ്ഥാനാർഥിത്വം റദ്ദാക്കണമെന്നും ആവശ്യമുണ്ടായിരുന്നു.

ആരോപണത്തില്‍ കഴമ്ബില്ലെന്നും വീണ്ടു വിചാരമില്ലാതെയാണ് ഹർജി സമർപ്പിച്ചതെന്നും ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർജി അവ്യക്തവും അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ ആരോപണങ്ങളാല്‍ നിറഞ്ഞിരിക്കുന്നുവെന്ന് കോടതി വിലയിരുത്തി. ഹർജി നല്‍കിയ സമയം ദുരുദ്ദേശപരമാണെന്നും ഹൈക്കോടി ജഡ്ജ് ചൂണ്ടിക്കാട്ടി.

RELATED ARTICLES

STORIES

Most Popular