Tuesday, June 25, 2024
HomeKerala'വഞ്ചിയില്‍ നിന്നും തെറിച്ച്‌ വീണു': കോഴിക്കോട് ബീച്ചില്‍ ഇടി മിന്നലില്‍ എട്ട് പേര്‍ക്ക് പരിക്ക്

‘വഞ്ചിയില്‍ നിന്നും തെറിച്ച്‌ വീണു’: കോഴിക്കോട് ബീച്ചില്‍ ഇടി മിന്നലില്‍ എട്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ശക്തമായ ഇടിമിന്നലില്‍ കോഴിക്കോട് കടപ്പുറത്ത് എട്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സൗത്ത് ബീച്ചിലായിരുന്നു സംഭവം. അഷ്‌റഫ് (45), അനില്‍ (18), ഷരീഫ് (37), മനാഫ് (52), സുബൈര്‍ (55), സലീം (40), അബ്ദുള്‍ ലത്തീഫ് (54) എന്നിവർക്കാണ് പരിക്കേറ്റത്. മീന്‍ വാങ്ങാനെത്തിയ ആളാണ് പരിക്കേറ്റ എട്ടാമന്‍.

പരിക്കേറ്റ ഏഴുപേരും കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഗുരുതരമായ പരിക്കേറ്റയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും മത്സ്യത്തൊഴിലാളികളാണ്. കരയില്‍ നിന്നും തോണി കരയിലേക്ക് അടുപ്പിക്കുന്നതിനിടെയായിരുന്നു ഇടിമിന്നലേല്‍ക്കുന്നത്. രണ്ടുമൂന്നുപേര്‍ തോണിയിലും മറ്റുള്ളവർ കരയിലുമായിരുന്നു.

‘ഷോക്കടിച്ചത് പോലെയുള്ള അവസ്ഥയായിരുന്നു. രണ്ടാള്‍ വഞ്ചിയുടെ മുകളിലായിരുന്നു. ഒരാള്‍ വഞ്ചിക്ക് അകത്തേക്ക് തന്നെ വീണു. പത്ത് പേരായിരുന്നു അവിടെ ഉണ്ടായിരുന്നത്. അഞ്ചോ ആറോ പേർക്കാണ് പരിക്ക് പറ്റിയത്. കുറെ ആളുകള്‍ വീണു പോയി’ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നയാള്‍ പറഞ്ഞു. ജില്ലയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. പല മേഖലകളിലും ഇടിയോടൊപ്പമാണ് മഴ പെയ്യുന്നത്.

അതേസമയം, ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 ന് അർധരാത്രി 12ന് തുടങ്ങുന്നതിനാല്‍ ഈ കാലയളവില്‍ രണ്ട് വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് അഥവാ ഡബിള്‍ നെറ്റ് കർശനമായി നിരോധിച്ചതായി ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോഴിക്കോട് കലക്ടറേറ്റില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി വിളിച്ചുചേർത്ത യോഗം വ്യക്തമാക്കി.

യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നും തന്നെ കടലില്‍ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. ജൂണ്‍ 9 അർധരാത്രി 12 ന് മുൻപ് എല്ലാ യന്ത്രവല്‍കൃത ബോട്ടുകളും ഹാർബറില്‍ പ്രവേശിക്കണം. കേരളതീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ 9ന് മുമ്ബ് തീരം വിട്ടു പോകണം. ഇന്‍ബോർഡ് വള്ളങ്ങള്‍ ഒരു കാരിയർ വള്ളം മാത്രമേ മത്സ്യബന്ധനത്തിന് ഉപയോഗിക്കാൻ പാടുള്ളൂ.

തീവ്രതയേറിയ പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചുള്ളതോ മറ്റു നിരോധിത മാർഗ്ഗങ്ങളിലൂടെയുള്ളതോ ആയ മത്സ്യബന്ധനം പാടില്ല. നിയമാനുസൃതം സൂക്ഷിക്കാവുന്ന സാധനസാമഗ്രികള്‍ ഒഴിച്ചുള്ള യാതൊന്നും യാനങ്ങളില്‍ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനോ പാടില്ലെന്നും യോഗം അറിയിച്ചു. ട്രോളിംഗ് സമയത്ത് ഹാർബറില്‍ കരയ്ക്കടുപ്പിച്ച ബോട്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ മോഷണം പോകാറുണ്ടെന്നും ബോട്ടുകള്‍ക്ക് കാവല്‍ ഏർപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഹാർബറിലെ കുടിവെള്ള പ്രശ്നം, മാലിന്യപ്രശ്നം എന്നിവ പരിഹരിക്കണമെന്നും ആവശ്യമുയർന്നു. ജൂലൈ 31 അർധരാത്രിയോടെ നിരോധനം നീങ്ങി.

RELATED ARTICLES

STORIES

Most Popular