Friday, June 28, 2024
HomeIndiaവ്യക്തമായ ഭൂരിപക്ഷം കിട്ടും, 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും- കോണ്‍ഗ്രസ്

വ്യക്തമായ ഭൂരിപക്ഷം കിട്ടും, 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും- കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ഫലംവന്ന് 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പാർട്ടി വക്താവുമായ ജയ്റാം രമേശ്.

സഖ്യത്തില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടുന്ന പാർട്ടി നേതൃത്വത്തിന് സ്വാഭാവിക അവകാശിയാകുമെന്നും ജയ്റാം രമേശ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യാ സഖ്യം കേവലഭൂരിപക്ഷത്തിന് വേണ്ട 272 സീറ്റുകള്‍ക്ക് മുകളില്‍ കടക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ സഖ്യത്തിന് അനുകൂല ജനവിധി ലഭിക്കുമ്ബോള്‍ ചില എൻഡിഎ പാർട്ടികള്‍ സഖ്യത്തിലെത്തിയേക്കുമെന്നും അവരെ സഖ്യത്തില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി തുടങ്ങിയ എൻഡിഎ സഖ്യകക്ഷികള്‍ക്ക് തിരഞ്ഞെടുപ്പിന് ശേഷം വാതിലുകള്‍ തുറന്നിട്ടിരിക്കുമോ എന്ന ചോദ്യത്തിന്, നിതീഷ് കുമാർ മലക്കംമറിച്ചിലിന്റെ മാസ്റ്ററാണെന്ന് കോണ്‍ഗ്രസ് നേതാവ് മറുപടി നല്‍കി.

നായിഡു 2019-ല്‍ കോണ്‍ഗ്രസ് സഖ്യത്തിലായിരുന്നു. ഇന്ത്യ സഖ്യത്തിന് ജനവിധി ലഭിക്കുമോള്‍ എൻഡിഎ സഖ്യത്തിലുള്ള ചില പാർട്ടികള്‍ ചേർന്നേക്കും എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘വിജയത്തിലും ഞങ്ങള്‍ വിശാലഹൃദയരായിരിക്കും. പകപോക്കലിന്റെ രാഷ്ട്രീയമില്ല, പ്രതികാര രാഷ്ട്രീയമില്ല. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഖ്യാതമായ വിവേകാനന്ദപ്പാറയില്‍ രണ്ട് ദിവസം ധ്യാനത്തിലിരിക്കാൻ പോകുകയാണ്. അതേ വിവേകാനന്ദ സ്മാരകത്തില്‍നിന്നാണ്, 2022 സെപ്തംബർ ഏഴിന് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. വിരമിച്ചതിന് ശേഷമുള്ള മോദിയുടെ ജീവിതം ധ്യാനത്തിലായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, ജയ്റാം രമേശ് പറഞ്ഞു.

ആറ് ഘട്ടം കഴിഞ്ഞപ്പോഴുള്ള രാഷ്ട്രീയസ്ഥിതി എന്താണെന്ന ചോദ്യത്തിന് ജയ്റാം രമേശ് ഇങ്ങനെ മറുപടി നല്‍കി: ‘എനിക്ക് സംഖ്യകളിലേക്ക് കടക്കാൻ താത്പര്യമില്ല. എന്നാല്‍, ഞങ്ങള്‍ക്ക് വ്യക്തവും നിർണായകവുമായ ഭൂരിപക്ഷം ലഭിക്കും. 273 എന്നത് വ്യക്തമായ ഭൂരിപക്ഷ സംഖ്യയാണെങ്കില്‍ അത് ഉറപ്പുള്ള ഒന്നല്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് വ്യക്തവും സുനിശ്ചിതവുമായ ഒരു ഭൂരിപക്ഷം കിട്ടുമെന്നത്. അത് 272ന് മുകളിലായിരിക്കും’.

2004-ലെ ഫലമായിരിക്കും 2024-ല്‍ ആവർത്തിക്കുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജസ്ഥാൻ, തെലങ്കാന, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളില്‍ വൻവിജയം നേടുമെന്നും ജയ്റാം രമേശ് പറഞ്ഞു. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, അസം എന്നിവിടങ്ങളില്‍ സീറ്റുകള്‍ വർധിക്കും. അത്തരത്തില്‍ 2004-ലെ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നും ബിജെപിക്ക് 2019-ല്‍ ലഭിച്ച 62 സീറ്റുകള്‍ ഇത്തവണ കിട്ടാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിലും ബിഹാറിലും നേരത്തെ ലഭിച്ച അത്രയും സീറ്റുകള്‍ ബിജെപിക്ക് കിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

RELATED ARTICLES

STORIES

Most Popular