Saturday, July 27, 2024
HomeIndiaഎയര്‍ ഇന്ത്യ വിമാനം 20 മണിക്കൂര്‍ വൈകി; എ.സിയില്ലാതെ വിമാനത്തില്‍ കുടുങ്ങി യാത്രക്കാര്‍

എയര്‍ ഇന്ത്യ വിമാനം 20 മണിക്കൂര്‍ വൈകി; എ.സിയില്ലാതെ വിമാനത്തില്‍ കുടുങ്ങി യാത്രക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ എയർ ഇന്ത്യ വിമാനം 20 മണിക്കൂർ വൈകി. വിമാനത്തില്‍ യാത്രക്കാർ കയറിയതിന് ശേഷമാണ് വിമാനം അനന്തമായി വൈകിയത്.

ഇതോടെ എ.സിയില്ലാത്ത വിമാനത്തില്‍ കഴിച്ചുകൂട്ടാൻ യാത്രക്കാർ നിർബന്ധിതരായി. ഒടുവില്‍ യാത്രക്കാരില്‍ ചിലർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് വിമാനകമ്ബനി അധികൃതർ ഇടപ്പെട്ട് ഇവരെ പുറത്തിറക്കിയത്.

മാധ്യമപ്രവർത്തകയായ ശ്വേത പുഞ്ചാണ് എയർ ഇന്ത്യയിലുണ്ടായ ദുരനുഭവം വിവരിച്ച്‌ രംഗത്തെത്തിയത്. എക്സിലൂടെയായിരുന്നു അവരുടെ പ്രതികരണം. വിമാനത്തില്‍ കയറിയതിന് ശേഷം എ.സിയില്ലാതെ അതില്‍ കഴിയേണ്ടി വന്നുവെന്ന് ശ്വേത പറഞ്ഞു. വ്യോമയാനമന്ത്രി ജോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്തായിരുന്നു അവരുടെ പോസ്റ്റ്.

സ്വകാര്യവല്‍ക്കരണം പൊളിഞ്ഞുവെങ്കിലും ഇത് എയർ ഇന്ത്യയാണ്. എ.ഐ 183 വിമാനം 20 മണിക്കൂർ വൈകി. യാത്രക്കാർ എ.സിയില്ലാതെ വിമാനത്തില്‍ തുടരാൻ നിർബന്ധിതരായി. ചിലർ അവശരായതിന് ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ നിന്നും മാറ്റിയത്. ഇത് മനുഷത്വ വിരുദ്ധമാണെന്ന് അവർ എക്സില്‍ കുറിച്ചു.

ശ്വേതയുടെ പോസ്റ്റിന് പിന്നാലെ ക്ഷമചോദിച്ച്‌ എയർ ഇന്ത്യ രംഗഗത്തെത്തി. വിമാനം വൈകുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും ഇതുവരെ നല്‍കിയ പിന്തുണക്ക് നന്ദി രേഖപ്പെടുത്തുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് വേണ്ട സഹായം നല്‍കാൻ നിർദേശം നല്‍കിയിട്ടുണ്ടെന്നും കമ്ബനി വ്യക്തമാക്കി.

ഇതാദ്യമായല്ല എയർ ഇന്ത്യ വിമാനങ്ങള്‍ വൈകുന്നത്. നേരത്തെ ജീവനക്കാരുടെ സമരത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ വ്യാപകമായി വൈകിയിരുന്നു.

RELATED ARTICLES

STORIES

Most Popular