Friday, April 19, 2024
HomeIndiaമുനവ്വർ ഫറൂഖിയ്ക്ക് പിന്നാലെ കുനാൽ കമ്രയുടെ പരിപാടിയും റദ്ദാക്കി

മുനവ്വർ ഫറൂഖിയ്ക്ക് പിന്നാലെ കുനാൽ കമ്രയുടെ പരിപാടിയും റദ്ദാക്കി

മുംബൈ/ ബെംഗളുരു: സംഘപരിവാർ ഭീഷണിയെത്തുടർന്ന് ബെംഗളുരു നഗരത്തിൽ താൻ നടത്താനിരുന്ന 20 ഷോകൾ റദ്ദാക്കപ്പെട്ടുവെന്ന് സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്ര. താൻ പരിപാടി നടത്തിയാൽ അത് നടന്ന സ്ഥലം എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് വേദികളുടെ ഉടമകൾക്ക് ഭീഷണി ലഭിച്ചതായും നിരവധിപ്പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയങ്ങളിൽപ്പോലും ആകെ 45 പേർക്ക് ഇരിക്കാനുള്ള അനുമതി പൊലീസ് നിഷേധിച്ചതായും കുനാൽ കമ്ര ട്വീറ്റ് ചെയ്തു.

”പുതിയ കൊവിഡ് പ്രോട്ടോക്കോളും ചട്ടങ്ങളുമാണ് ഇപ്പോഴുള്ളതെന്ന് തോന്നുന്നു. എന്നെക്കണ്ടാൽ ഇപ്പോൾ പുതിയ വൈറസ് വകഭേദം പോലെയുണ്ട് എന്നതുകൊണ്ടാവാം”, പരിഹാസച്ചുവയോടെ കുനാൽ കമ്ര തന്‍റെ ട്വിറ്ററിൽ കുറിച്ചു. നേരത്തേ സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവ്വർ ഫറൂഖിയുടെ ബെംഗളുരുവിലെ 12 പരിപാടികളും സംഘപരിവാ‍ർ ഭീഷണിയെത്തുടർന്ന് റദ്ദാക്കപ്പെട്ടതായി ആരോപണമുയർന്നിരുന്നു.

”കമ്രയ്ക്ക് സ്റ്റാൻഡ് അപ് കോമഡി പരിപാടി നടത്താം, ഒരു ഫറൂഖിയ്ക്ക് അതിന് കഴിയുന്നില്ലല്ലോ എന്ന് പരിതപിക്കുന്നവർക്ക് ആശ്വസിക്കാം. ഭരണകൂടം അടിച്ചമർത്തുന്നതിൽ എപ്പോഴും തുല്യത കാണിക്കുന്നുണ്ട്. തുല്യമായ അടിച്ചമർത്തൽ നേരിട്ട് നേരിട്ട് ഒരുകാലത്ത് തുല്യമായ വിമോചനവും സാധ്യമാകട്ടെ, കാലാവസ്ഥാ മാറ്റം വന്ന ഒരു കാലത്ത്”, കമ്ര ട്വിറ്ററിലെഴുതി.

ബെംഗളുരുവിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടികൾക്ക് ആദ്യം പൊലീസ് അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി ഇത് റദ്ദാക്കുകയായിരുന്നു. കുനാൽ കമ്രയ്ക്കും മുനവർ ഫറൂഖിയ്ക്കും വധഭീഷണി ഉണ്ടായിരുന്നു. ഇരുവരുടേതും മതസ്പർദ്ധ വളർത്തുന്ന പരിപാടികളാണെന്നാണ് തീവ്രവലത് സംഘടനകളുടെ ആരോപണം.

നേരത്തേ നിശ്ചയിക്കപ്പെട്ട 12 ഷോകളും റദ്ദാക്കപ്പെട്ടതോടെ മുനവ്വർ ഫറൂഖി ഇൻസ്റ്റഗ്രാമിൽ താൻ സ്റ്റാൻഡ് അപ് കോമഡി ഉപേക്ഷിക്കുകയാണെന്ന സൂചന നൽകി പോസ്റ്റ് ഇട്ടിരുന്നു. ഒരു ഓപ്പൺ മൈക്കിന്‍റെ ചിത്രം പോസ്റ്റ് ചെയ്ത ഫറൂഖി ”ഇത് അവസാനമാണ്. ഗുഡ് ബൈ. എനിക്ക് മടുത്തു. വെറുപ്പ് ജയിച്ചു, കലാകാരൻ തോറ്റു”, എന്ന് എഴുതി.

വിവിധ സംസ്ഥാനങ്ങൾ മുനവ്വർ ഫറൂഖിയുടെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ടെന്നും, മധ്യപ്രദേശിലെ ഇൻഡോറിലുള്ള തുക്കോജി പൊലീസ് സ്റ്റേഷനിൽ ഫറൂഖിക്കെതിരെ കേസുണ്ടെന്നും കണ്ടെത്തിയതിനാലാണ് പരിപാടിക്കുള്ള അനുമതി നിഷേധിച്ചതെന്നാണ് ബെംഗളുരു അശോക് നഗർ എസ്ഐ വ്യക്തമാക്കിയത്. മുനവ്വർ ഫറൂഖി ഒരു വിവാദമുഖമാണെന്നും പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular