Friday, April 26, 2024
HomeKeralaപെരിയ കേസിലെ പ്രതികളെ പിടിക്കാൻ സിബിഐ വരേണ്ടി വന്നുവെന്ന് കെ.സുരേന്ദ്രൻ; കൊലയാളികൾ സിപിഎമ്മുകാരായതുകൊണ്ടാണ് സംസ്ഥാന സർക്കാർ...

പെരിയ കേസിലെ പ്രതികളെ പിടിക്കാൻ സിബിഐ വരേണ്ടി വന്നുവെന്ന് കെ.സുരേന്ദ്രൻ; കൊലയാളികൾ സിപിഎമ്മുകാരായതുകൊണ്ടാണ് സംസ്ഥാന സർക്കാർ കണ്ണടച്ചത്

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമ വാഴ്ച അട്ടിമറിച്ച സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. പെരിയ കേസിൽ കുറ്റക്കാരെ സിബിഐ വന്ന് അറസ്റ്റ് ചെയ്യേണ്ടി വന്നു. ഇത്രയും ദുർബലനായ മുഖ്യമന്ത്രിയും പിടുപ്പുകെട്ട സർക്കാരും ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. പെരിയ ഇരട്ടക്കൊലകേസിൽ കുറ്റവാളികളായ അഞ്ച് സിപിഎം നേതാക്കളെ സിബിഐ വന്ന് അറസ്റ്റ് ചെയ്യേണ്ട അവസ്ഥയിൽ കാര്യങ്ങൾ എത്തി. സംസ്ഥാന സർക്കാരിന്റെ ബാധ്യതയായിരുന്നു ഈ സംഭവത്തിലെ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്ത് അവരെ നിയമത്തിന് മുന്നിൽ ഹാജരാക്കുക എന്നത്. കൊലയാളികൾ സിപിഎമ്മുകാരായത് കൊണ്ട് തന്നെ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ ബോധപൂർവ്വം ശ്രമിച്ചില്ല. ബന്ധുക്കളുടെ ആവശ്യാർത്ഥമാണ് കേസ് സിബിഐ ഏറ്റെടുത്തത്. അങ്ങനെയാണ് പ്രതികളെ പിടിച്ചത്.

സർക്കാർ തന്നെ കേസ് അട്ടിമറിക്കുന്ന സ്ഥിതിയിൽ നൂറോളം കേസുകളാണ് കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്തുണ്ടായത്. മരംമുറിക്കേസ് അട്ടിമറിച്ചു. മോൻസൻ കേസിലും തുടർ അന്വേഷണം ഉന്നായില്ല. പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകത്തിലും ചാവക്കാട്ടെ ബിജെപി പ്രവർത്തകന്റെ കേസും അട്ടിമറിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സഞ്ജിത്തിന്റെ കൊലപാതകികളെ ഇപ്പോഴും പിടികൂടിയിട്ടില്ല. പോപ്പുലർ ഫ്രണ്ടുകാരാണ് കുറ്റക്കാർ. സർക്കാരിന് താത്പര്യമുള്ളവരെ സംരക്ഷിച്ച് നിർത്തുന്ന നിലപാടാണ് അവർക്കുള്ളത്. അതുകൊണ്ട് തന്നെ ആ കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. കടുത്ത സമ്മർദ്ദത്തെ തുടർന്ന് ഏതാനും പേരെ അറസ്റ്റ് ചെയ്തു. എന്നാൽ യഥാർത്ഥ പ്രതികളെ പിടികൂടിയിട്ടില്ല. പോപ്പുലർ ഫ്രണ്ടിന്റെ അതിക്രമങ്ങൾ തടയാൻ സർക്കാരിനാകുന്നില്ല.

ചാവക്കാട്ടെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിലും ഇത് തന്നെ സംഭവിച്ചു. മാർക്‌സിസ്റ്റ് പാർട്ടി പ്രതിക്കൂട്ടിലാകുന്ന എല്ലാ കേസുകളും സർക്കാർ അട്ടിമറിക്കുകയാണ്. സർക്കാർ തന്നെ ഖജനാവിലെ പണമെടുത്താണ് കേസ് അട്ടിമറിക്കുന്നത്. നിയമസഭയിൽ നടത്തിയ കയ്യാങ്കളി നടത്തി പൊതുമുതൽ നശിപ്പിച്ച കേസിൽ, നിയമസഭയിൽ നിന്ന് തന്നെ പണമെടുത്ത് സുപ്രീംകോടതി വരെ പോയി. കുറ്റവാളികളെ രക്ഷിക്കുന്ന, നിയമവാഴ്ചയെ അട്ടിമറിക്കുന്ന സർക്കാരാണിത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും സംസ്ഥാന സർക്കാർ നിയമവാഴ്ചയെ അട്ടിമറിക്കാൻ ബോധപൂർവ്വം ശ്രമം നടത്തിയിട്ടില്ല. കേരളത്തിൽ മാത്രമാണ് ഇങ്ങനെയെല്ലാം നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular