Wednesday, April 24, 2024
HomeCinemaതിരയുണ്ടാക്കിയത് ടാങ്കുകളില്‍ വെള്ളം നിറച്ച്‌ ഒരുമിച്ച്‌ തുറന്നുവിട്ട്; യമഹ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച്‌ ശക്തികൂട്ടി; കടലിലെ വെളുത്ത...

തിരയുണ്ടാക്കിയത് ടാങ്കുകളില്‍ വെള്ളം നിറച്ച്‌ ഒരുമിച്ച്‌ തുറന്നുവിട്ട്; യമഹ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച്‌ ശക്തികൂട്ടി; കടലിലെ വെളുത്ത പതയുണ്ടാക്കിയത് വെള്ളത്തില്‍ സോപ്പുപൊടിയിട്ട്; ബാഹുബലി’യുടെ കലാസംവിധാനത്തിന് ചെലവിട്ടത് 200 കോടി, ‘മരക്കാറിനു’ 16 കോടിയും; വിസ്മയക്കാഴ്ചകള്‍ ‘സൃഷ്ടിച്ചെടുത്ത’ കഥ

ഹൈദരാബാദ്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലെ വിസ്മയ ദൃശ്യങ്ങളാണ് ഏറെ ചര്‍ച്ചയായത്.

മീറ്ററുകളോളം ഉയരുന്ന തിരകളും കപ്പലിനെ വട്ടംകറക്കുന്ന കൊടുങ്കാറ്റുകളും യുദ്ധത്തില്‍ തകര്‍ന്നു മുങ്ങുന്ന കപ്പലുകളുമൊക്കെ കണ്‍മുന്നില്‍ കാണുമ്ബോള്‍ കൈയടി നേടുന്നത് ചിത്രത്തിന്റെ കലാസംവിധാനം ഒരുക്കിയ സാബു സിറിളും കംപ്യൂട്ടര്‍ ഗ്രാഫിക്‌സുകള്‍ സൃഷ്ടിച്ചെടുത്തത് ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്റെ മകന്‍ കൂടിയായ സിദ്ധാര്‍ഥുമാണ്.

കടലിലെ കൊടുങ്കാറ്റും യുദ്ധവും ഒന്നും കടലില്‍ ചിത്രീകരിക്കാന്‍ കഴിയില്ലല്ലോ, ചിത്രത്തിനായി ഒന്നര ഏക്കറോളം വിസ്തൃതിയുള്ള ഒരു ടാങ്ക് നിര്‍മ്മിച്ചു. അതില്‍ വെള്ളം നിറച്ചാണ് കടലും തിരയും കൊടുങ്കാറ്റുമെല്ലാം സിനിമയ്ക്കായി സൃഷ്ടിച്ചെടുത്തതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നു.

ഈ സിനിമയ്ക്കു വേണ്ടി സാധനങ്ങളുണ്ടാക്കാന്‍ മാത്രമായി പ്രത്യേക ഫാക്ടറിയുണ്ടാക്കി. അവിടെ നൂറുകണക്കിനു പീരങ്കികളും ആയിരക്കണക്കിനു വാളുകളും തോക്കുകളും പടച്ചട്ടകളും കിരീടങ്ങളും മുഖാവരണങ്ങളും കാല്‍ചട്ടകളും ചെരുപ്പുകളും ഷൂസുകളും ഉണ്ടാക്കി. നൂറുകണക്കിനാളുകള്‍ ഒരു കൊല്ലത്തോളം ജോലി ചെയ്താണ് ചിത്രത്തിന് വേണ്ട ‘പഴമയുടെ പ്രൗഡി’ നിര്‍മ്മിച്ചെടുത്തത്. ബാഹുബലിക്കു കലാസംവിധാനത്തിന് ചെലവാക്കിയത് 200 കോടി രൂപയെങ്കില്‍ 16 കോടി രൂപയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ ഈ ചിത്രത്തിന്റെ കലാസംവിധാനത്തിനായി ചെലവിട്ടത്.

20 അടി ഉയരമുള്ള ടാങ്കുകളില്‍ െവള്ളം നിറച്ച്‌ ഒരുമിച്ചു തുറന്നുവിട്ടാണു തിരയുണ്ടാക്കിയത്. മീന്‍പിടിത്തക്കാര്‍ ഉപയോഗിക്കുന്ന യമഹ എന്‍ജിനുകള്‍ ഒരുമിച്ചു പ്രവര്‍ത്തിപ്പിച്ച്‌ തിരയ്ക്കു ശക്തി കൂട്ടി. മണ്ണുമാന്തി യന്ത്രത്തിന്റെ കൈകളില്‍ ഡ്രമ്മുകള്‍ കെട്ടിവച്ച്‌ ആഞ്ഞടിച്ചു തിരയുടെ ഇളക്കമുണ്ടാക്കി. ടണ്‍ കണക്കിനു സോപ്പുപൊടിയിട്ട് അതില്‍ കടലിലെ വെളുത്ത പതയുണ്ടാക്കി. കംപ്യൂട്ടര്‍ ഗ്രാഫിക്‌സിലൂടെ ഇതു വന്‍ തിരകളാക്കി മാറ്റി. ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച കംപ്യൂട്ടര്‍ ഗ്രാഫിക്‌സുകളിലൊന്നാണ് സിദ്ധാര്‍ഥ് സൃഷ്ടിച്ചെടുത്തത്.

വാട്ടര്‍ ടാങ്കിലെ ഓരോ ഷോട്ടിനും പിന്നില്‍ ബ്‌ളൂസ്‌ക്രീനുകള്‍ വയ്ക്കണം. അതിലാണു കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് (സിജി) ചെയ്ത് പിന്നീട് അതിനെ കടലാക്കി മാറ്റുന്നത്. കപ്പലിനുതന്നെ 60 അടി ഉയരവും 100 അടി നീളവുമുണ്ട്. അതിലും 40 അടി കൂടി ഉയരത്തില്‍ സ്‌ക്രീന്‍ നിന്നാലെ ഗ്രാഫിക്‌സ് ചെയ്യാനാകൂ.

ടാങ്കിനു ചുറ്റും റോഡുണ്ടാക്കി വലിയ ട്രക്കുകളില്‍ സ്‌ക്രീന്‍ വയ്ക്കുകയാണു സാബു സിറിള്‍ ചെയ്തത്. ടാങ്കിനു ചുറ്റും ആ ലോറി പതുക്കെ ഓടിച്ചു വേണ്ടിടത്ത് സ്‌ക്രീന്‍ എത്തിച്ചു. സാധാരണ ഇത്രയും വലിയ സ്‌ക്രീന്‍ മാറ്റിവയ്ക്കാന്‍ മാത്രം 150 പേരുടെ മണിക്കൂറുകള്‍ നീളുന്ന അധ്വാനം വേണം. ലോറിയില്‍ സ്‌ക്രീന്‍ വയ്ക്കാമെന്ന സാബുവിന്റെ ചിന്തയില്‍ സമയവും പണവും അധ്വാനവുമാണ് ലാഭിച്ചത്.

ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ ഒരുകഥയാണ് ചിത്രത്തിന്റേതെന്നു സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ മുതല്‍ സിനിമയിലെ പുരുഷ കഥാപാത്രങ്ങളെല്ലാം ശരിക്കുള്ളവരാണ്. എന്നാല്‍ അവരെല്ലാം പല കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരാകാം. സിനിമയുടെ കഥയില്‍ അവര്‍ ഒരുമിച്ചുവെന്നു മാത്രം. മങ്ങാട്ടച്ചന്‍ ജീവിച്ചതു പൂന്താനം ജീവിച്ച കാലത്താണെന്നു കേട്ടിട്ടുണ്ട്. അന്നത്തെ സാമൂതിരി ആരാണെന്നു പറയാന്‍ രേഖയില്ല.

ഇതിലെ സ്ത്രീകഥാപാത്രങ്ങളെല്ലാം രചയിതാവിന്റെയും സംവിധായകന്റെയും സൃഷ്ടിയാണ്. അവരെക്കുറിച്ചു ചരിത്ര രേഖ ഇല്ല എന്നുതന്നെ പറയാം. കുഞ്ഞാലി മരക്കാരുടേതെന്നല്ല 17ാം നൂറ്റാണ്ടിനു മുന്‍പുണ്ടായിരുന്ന രാജാക്കന്മാരുടെയോ പടനായകന്മാരുടെയോ ചരിത്രം ആരും എഴുതിവച്ചിട്ടില്ല. മലബാര്‍ ഭരിച്ചിരുന്ന സാമൂതിരിയുടെ കൊട്ടാരം എവിടെയായിരുന്നു എന്നതുപോലും ആര്‍ക്കുമറിയില്ല. അതിന്റെ ഒരു കല്ലുപോലും കണ്ടെടുത്തിട്ടില്ല.

സിനിമയില്‍ കാണിച്ച യുദ്ധം യഥാര്‍ഥത്തില്‍ നടന്ന യുദ്ധത്തിന്റെ തനിപ്പകര്‍പ്പല്ല. കേരളത്തില്‍ യുദ്ധങ്ങളുണ്ടായി എന്നു പലയിടത്തും പരാമര്‍ശമുണ്ട്. അതിന്റെ കൃത്യമായ വിവരണമില്ല. ഇതില്‍ പലതും വലിയ ശണ്ഠകളാണ്. വെടിക്കോപ്പും മികച്ച ആയുധങ്ങളുമെല്ലാം ഉപയോഗിച്ചത് അപൂര്‍വം യുദ്ധങ്ങളില്‍ മാത്രമാണ്. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത മഹായുദ്ധങ്ങള്‍ നമുക്കുണ്ടായിട്ടില്ല.

അത്തരമൊരു ഏകീകൃത സൈനിക സംവിധാനം ഉണ്ടായിരുന്നതായും രേഖയില്ല. മരക്കാരുടെ കാലത്തിനു ശേഷം തോക്കുമായി വന്നവര്‍ നമ്മുടെ നാടിനെ വലിയ പ്രതിരോധമില്ലാതെ തകര്‍ത്തിട്ടുണ്ട്. കെട്ടിടങ്ങള്‍ നശിപ്പിച്ചിട്ടുണ്ടാകാം. നമ്മുടെ നാട്ടില്‍ യുദ്ധങ്ങള്‍കൊണ്ടു മാസങ്ങളോളം നീളുന്ന പലായനങ്ങള്‍ ഉണ്ടായിട്ടില്ല. വിദേശികള്‍ ഇവിടെ ആദ്യം വന്നതു കച്ചവടക്കാരായാണ്, നാടു പിടിച്ചെടുക്കാനല്ല.

ശരാശരി 1000 പേരാണു പല ഷോട്ടുകളിലും ഉണ്ടായിരുന്നത്. പല ദിവസങ്ങളിലായി 12,000 പേര്‍ ക്യാമറയ്ക്കു മുന്നില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മാത്രമായി എത്തി. നടന്മാര്‍ വേറെയും. ഇവരുടെ വേഷം, മേക്കപ്പ് എന്നിവയെല്ലാം നടത്തണമായിരുന്നു.സാബു സിറിള്‍ ലോകോത്തര ആര്‍ട്, പ്രൊഡക്ഷന്‍ ഡിസൈറാണെന്ന് ഈ സിനിമ കണ്ടാല്‍ മനസ്സിലാകുമെന്നും പ്രിയദര്‍ശന്‍ പറയുന്നു.

ചിത്രത്തിലെ കമ്മലില്‍ മുതല്‍ കപ്പലില്‍ വരെ സാബുവിന്റെ മുദ്രയുണ്ട്. കപ്പലുകളെയും ആയുധങ്ങളെയും കുറിച്ചും കാലഘട്ടത്തെക്കുറിച്ചും ഏറെക്കാലം സാബു പഠിച്ചു.നൂറിലേറെ പീരങ്കികളാണു സാബു ഉണ്ടാക്കിയത്. സാമൂതിരിയും പോര്‍ച്ചുഗീസുകാരും വെവ്വേറെ പീരങ്കികളാണ് ഉപയോഗിക്കുന്നത്.

പീരങ്കിയുടെ കുഴലിന്റെ ഒരു ഭാഗത്തു സാമൂതിരിയുടെയും മറുഭാഗത്തു പോര്‍ച്ചുഗീസുകാരുടെയും അടയാളം കൊത്തിവച്ചു. കുഴല്‍ മറിച്ചുവച്ചാല്‍ രാജ്യം മാറി. സാബു പറഞ്ഞത് ‘മലയാള സിനിമയ്ക്ക് ഇത്രയേ പറ്റൂ’ എന്നാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.

ഓരോ ദിവസത്തെ ഷൂട്ടിനു ശേഷവും അവയില്‍ പലതും തകര്‍ന്നു. രാത്രികളില്‍ അവയുടെയെല്ലാം അറ്റകുറ്റപ്പണി നടത്തി. പുതിയതുണ്ടാക്കാന്‍ ബജറ്റുണ്ടായിരുന്നില്ല. തെങ്ങിന്‍ മടലു ചീകി കാലിലും കയ്യിലും കെട്ടിയും പനയോലയില്‍ ശര്‍ക്കര ഉരുക്കിയൊഴിച്ചു പടച്ചട്ട ഉണ്ടാക്കിയുമാണത്രേ ആദ്യ കാലത്തു മലയാളി യുദ്ധം ചെയ്തത്. അതു സിനിമയില്‍ കാണിക്കാനാകില്ല.

സ്ത്രീകഥാപാത്രങ്ങള്‍ക്കെല്ലാം അ ടിസ്ഥാനമാക്കിയതു രവിവര്‍മ ചിത്രങ്ങളിലെ സ്ത്രീകളുടെ വസ്ത്രവും ആഭരണവുമാണ്. സാമൂതിരിയുടെ കാലത്തു ൈചനയില്‍നിന്നുള്ള സില്‍ക്ക് റൂട്ട് ശക്തമായിരുന്നു. അന്നു സില്‍ക്കു വസ്ത്രങ്ങള്‍ ഇവിടെ കിട്ടിയിരുന്നു. വസ്ത്രവും വേഷവും ഇതായിരുന്നില്ല എന്ന് ആര്‍ക്കും പറയാം. എന്തായിരുന്നു എന്നു പറഞ്ഞു തരാനുമാകില്ല. കള്ളി മുണ്ടുടുത്തു തോര്‍ത്തു തലയില്‍ കെട്ടി അരയില്‍ ബെല്‍റ്റും കെട്ടി കുഞ്ഞാലി മരക്കാര്‍ യുദ്ധത്തിനുപോയിട്ടുണ്ടാവില്ലെന്ന് ഉറപ്പാണ്. കാരണം, ആ വസ്ത്രവുമായി കടല്‍ യുദ്ധം ചെയ്യാനാകില്ലോ പ്രിയദര്‍ശന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular