Thursday, July 18, 2024
HomeEditorialകെ എച്ച് എൻ എ കൺവൻഷനു ഹൂസ്റ്റൺ വേദിയാകണം; സാരഥ്യം ലക്ഷ്യമിട്ട് ജി.കെ. പിള്ള

കെ എച്ച് എൻ എ കൺവൻഷനു ഹൂസ്റ്റൺ വേദിയാകണം; സാരഥ്യം ലക്ഷ്യമിട്ട് ജി.കെ. പിള്ള

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ അടുത്ത കൺവൻഷൻ ഹൂസ്റ്റണിൽ വേണമെന്നും സംഘടനയുടെ സാരഥ്യമേറ്റെടുക്കാൻ താല്പര്യമുണ്ടെന്നും ജി.കെ. പിള്ള. വ്യക്തമായ ഒട്ടേറെ പുതിയ പദ്ധതികളും അദ്ദേഹം നിർദേശിച്ചു.

ഫൊക്കാന പ്രസിഡന്റ് സ്ഥാനമടക്കം വിവിധ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ജി.കെ. പിള്ള സമാദരണീയനായ നേതാവാണ്.  അദ്ദേഹം ഹിന്ദുസമൂഹത്തിനയച്ച കത്ത് സനാതന ധർമ്മത്തിലൂന്നിയ കൃത്യമായ ആശയങ്ങൾ എടുത്തുകാട്ടുന്നു

പ്രിയപ്പെട്ട കെ എച്ച് എൻ എ കുടുംബാംഗങ്ങളെ

ഞാൻ നിങ്ങൾ പലർക്കും സുപരിചിതനാണ്. പേര് ജി.കെ പിള്ള . കേരളത്തിൽ മുതുകുളം എന്ന സ്ഥലത്ത് ജനിച്ച ഞാൻ 1970 കളിലാണ് യു എസിൽ എത്തുന്നത് കഴിഞ്ഞ 49 വർഷമായി ഹൂസ്റ്റണിൽ താമസിച്ചു വരുന്നു
ഒരു സെർട്ടിഫൈഡ് പബ്ലിക്ക് അകൗണ്ടന്റ് ആയ എനിക്ക്  പല വ്യവസായ സംരംഭകരെ സഹായിക്കാനും അവരെ കൈപിടിച്ചു ഉയർത്താനും കഴിഞ്ഞു എന്നതും   ദൈവനിയോഗമായി കരുതുന്നു . വാക്കുകളേക്കാൾ പ്രവൃത്തിയിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ . എന്റെ ഉള്ളിലെ ആശയങ്ങളെ കർമ്മമേഖലയിലൂടെയും  പ്രവൃത്തികളിലൂടെയും മാത്രമാണ് എനിക്ക് പ്രകടിപ്പിക്കാനാവുക എന്ന സവിനയം അറിയിച്ചു കൊള്ളട്ടെ .

ഞാനിത്രയൊക്കെ ഇവിടെ വിവരിക്കാൻ കാരണം കെ എച്ച് എൻ എ 2023 ൽ ഹൂസ്റ്റണിൽ നടത്തണം എന്നും അതിന്റെ സാരഥ്യം ഏറ്റെടുത്ത് ഭംഗിയായി നിർവഹിക്കണം എന്നും  ആഗ്രഹം ഉണ്ട് . സ്വാമി സത്യാനന്ദ സരസ്വതിയുടെ സങ്കല്പ സാക്ഷാത്‍കാരമായ കെ എച്ച് എൻ എയുടെ ഭാഗമാകാൻ എനിക്ക് സന്തോഷമേയുള്ളൂ.
നമ്മുടെ ഈ പ്രസ്ഥാനത്തിന് ഹിന്ദു സമൂഹത്തിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും   ചെയ്യാനുണ്ടെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതിന് നമ്മൾ ഒത്തൊരുമയോടെയും വ്യക്തമായ ലക്ഷ്യത്തോടെയും പ്രവർത്തിക്കുകയും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും വേണം . രണ്ടു വര്ഷം കൂടുമ്പോൾ കൊണ്ടാടുന്ന കൺവൻഷൻ ആഘോഷങ്ങൾക്ക് വേണ്ടി മാത്രമുള്ളതാകരുത്. പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ . കെ എച്ച് എൻ എയുടെ നേതൃസ്ഥാനത്ത് എത്തപ്പെട്ടാൽ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണകളുണ്ട്. അവ ഈ അവസരത്തിൽ പങ്കു വെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു .

സ്വാമി സത്യാനന്ദ സരസ്വതി മുന്നോട്ടു വച്ച ലോക  ഹിന്ദു പാർലമെന്റ്, ഹിന്ദു ഉച്ചകോടി തുടങ്ങിയ ആശയങ്ങൾ  പ്രാവർത്തികമാക്കണമെങ്കിൽ ആദ്യം അതിന് ഒരു ആസ്ഥാനം വേണം. അതിനായി നമ്മൾ ഇപ്പോഴേ ശ്രമം തുടങ്ങണം . ജീവിതത്തിൽ ഏറ്റവും വലിയ ദൗത്യം ഒരു ക്ഷേത്രത്തിന്റെ , ആശ്രമത്തിന്റെ സാക്ഷാത്കാത്തിന്റെ നേതൃത്വവും ഏറ്റെടുക്കുക എന്നതാണ് . സ്വാമിജിയുടെ പേരിൽ ഒരാശ്രമം തുടങ്ങാൻ ഇപ്പോൾ അഞ്ചേക്കർ ഭൂമി ഹൂസ്റ്റണിലെ മീനാക്ഷി ക്ഷേത്രത്തിന്റെ എതിർവശത്ത് നമുക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട് . അവിടെ ശിവ പാർവ്വതിമാരെ ദർശിച്ചു നിൽക്കുന്ന ഒരു ഹനുമൽ  ക്ഷേത്രവും ഉയർന്നു കാണാൻ ആഗ്രഹമുണ്ട് . അതു പോലെ കെ എച്ച് എൻ എക്ക് ഒരു ആസ്ഥാന മന്ദിരവും ഉയരണം . കെട്ടുറപ്പോടെ ഒരു ആസ്ഥാനം ഉയർന്നു കഴിഞ്ഞാൽ അവിടം കേന്ദ്രമാക്കി നമ്മുടെ പുതു തലമുറകൾക്ക് വേണ്ടി അവരുടെ ഉന്നതമായ ഭാവിക്ക് വേണ്ടി നവീന സംരംഭങ്ങൾക്ക് തുടക്കം  കുറിക്കണം .

അമേരിക്കയിൽ ജനിച്ചു വളർന്ന വലിയൊരു വിഭാഗം യുവ തലമുറ ഇന്ന് നമ്മൾക്ക് മുന്നിലുണ്ട്. അവരിൽ പലരും ഗൂഗിൾ ട്വിറ്റർ പോലുള്ള ബഹുരാഷ്ട്ര കമ്പനികളിൽ ഉന്നത പദവികളിൽ ജോലി നോക്കുന്നുണ്ട് . നമ്മുടെ സമൂഹത്തിലെ ഇളം തലമുറകൾക്ക് ഇത്തരം ഉന്നത ഉദ്യോഗങ്ങളിൽ കയറി പറ്റുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും മറ്റും നൽകുന്നതിനായി കെ എച്ച് എൻ എ പരിശീലന പരിപാടികൾ ആവിഷ്കരിക്കണം . വ്യവസായ വാണിജ്യ രംഗത്ത് പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് അവരെ പ്രാപ്തരാക്കാനും അതിനുള്ള പശ്ചാത്തലം കൂട്ടായ്മകളിലൂടെ ഒരുക്കി കൊടുക്കുവാനും സംഘടന വഴി പദ്ധതികൾ നടപ്പാക്കണം . ഇവിടെ ജനിച്ചു വളർന്ന കുട്ടികൾ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരേണ്ടതും ഒരാവശ്യമാണ് .

നമ്മുടെ ഏറ്റവും വലിയ ശക്തി നമ്മുടെ സനാതന ധർമ്മം ആണ് എന്ന വിശ്വാസം ഏത് പ്രതിസന്ധിയിലും നമ്മളെ നയിക്കാൻ അതിന് കഴിയും എന്ന വിശ്വാസം ഇവിടെ ജനിച്ച നമ്മുടെ തലമുറക്ക് പകർന്നു കൊടുത്താൽ , അതിന് ഒരു കർമ്മ മണ്ഡലം കെ എച്ച് എൻ എയിലൂടെ ഉണ്ടായാൽ അവരുടെ മേഖലകളിൽ ഏറ്റവും ഉന്നതിയിൽ അവർ എത്തും എന്നതിന് ഒരു സംശയവും ഇല്ല . ഇതിനൊക്കെ ആദ്യം നമ്മൾ ചെയ്യേണ്ടത് യു എസിലെ ഹിന്ദുക്കളുടെ കൂട്ടായ്മ സുദൃഢമാക്കുകയാണ് . ജാതിമത ചിന്തകളില്ലാതെ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ഏവരെയും ഒന്നിപ്പിക്കണം . അഭിപ്രായ ഭിന്നതയുടെ പേരിലോ മറ്റ് വിയോജിപ്പുകളുടെ പേരിലോ അകലം പാലിക്കുന്നവരെ ഒരേ ലക്ഷ്യത്തിലേക്ക് കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നത് . ഇവിടെ ഒരു തരത്തിലുള്ള വിദ്വേഷങ്ങൾക്കും ഇടം കൊടുക്കരുത് .

ഞാനിപ്പോഴും എന്റെ മകനും മകൾക്കുമൊപ്പം താമസിച്ചു കൊണ്ട് കുടുംബ ബന്ധങ്ങളുടെ ഊഷ്മളത അനുഭവിക്കുന്ന വ്യക്തിയാണ് . കുടുംബ ബന്ധങ്ങളുടെ ശക്തി എന്തെന്നും നമ്മുട പൈതൃകങ്ങൾ അതിന് കൊടുക്കുന്ന വിലയെന്തെന്നും നമ്മുടെ പുതിയ തലമുറയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് ആർഷ ഭാരത സംസകാരത്തെക്കുറിച്ച് നമ്മുടെ കുഞ്ഞുങ്ങളെയും ബോധവാന്മാരാക്കണം . വേദങ്ങൾ ഉപനിഷത്തുകൾ പുരാണങ്ങൾ തുടങ്ങിയവയെക്കുറിച്ച് നമ്മുടെ കുട്ടികൾ പഠിക്കേണ്ടിയിരിക്കുന്നു . അതിനായി പാഠ്യപദ്ധതികൽ തയാറാക്കുകയും പരിചയപ്പെടുത്തുന്ന ക്ളാസുകൾ ആരംഭിക്കുകയും  വേണം ഇതിനായി ഒരു സ്‌കൂൾ ഓഫ് വേദാസ് , സ്‌കൂൾ ഓഫ് യോഗയും ആരംഭിക്കണം . ഈ സ്‌കൂളുകളെ ക്രമേണ യൂണിവേഴ്‌സിറ്റി തലത്തിലുള്ള സ്ഥാപനങ്ങളാക്കി ഉയർത്തി കൊണ്ട് വരികയും വേണം . മഹാഗുരു പറഞ്ഞത് പോലെ നമ്മുടെ തലമുറയെ വിദ്യ കൊണ്ട് പ്രബുദ്ധരാക്കുകയും സംഘാടനം കൊണ്ട് ശക്തരാക്കുകയും വ്യവസായങ്ങളിലൂടെ സമ്പന്നരാക്കുകയും ചെയ്യേണ്ടത് നമ്മുടെ  ധർമ്മമാണ് . കെ എച്ച് എൻ എയുടെ നേതൃപദവിയിലൂടെ പ്രാവർത്തികമാക്കാൻ ഞാൻ ലക്ഷ്യം വെക്കുന്നതും ഈ ആശയങ്ങൾ തന്നെയാണ് .

അതിന് നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു

സസ്നേഹം
ജി.കെ പിള്ള

RELATED ARTICLES

STORIES

Most Popular