Saturday, April 20, 2024
HomeKeralaപ്രണയപ്പകയില്‍ പൊലിഞ്ഞത് അച്ഛന് കൈത്താങ്ങാകാന്‍ കൊതിച്ച പെണ്‍കുട്ടിയുടെ ജീവന്‍ ജോബിന്‍സ്

പ്രണയപ്പകയില്‍ പൊലിഞ്ഞത് അച്ഛന് കൈത്താങ്ങാകാന്‍ കൊതിച്ച പെണ്‍കുട്ടിയുടെ ജീവന്‍ ജോബിന്‍സ്

കോതമംഗലത്തെ മാനസയും പാലായിലെ നിതിനയും ഇന്നും മലയാളിയുടെ മനസ്സില്‍ വേദനയുണര്‍ത്തുന്ന മുഖങ്ങളാണ്. ഇവരുടെ പട്ടികയിലേയ്ക്കാണ് കോഴിക്കോട് തീക്കൊടിയില്‍ 22 വയസ്സ് മാത്രം പ്രായമുള്ള കൃഷ്ണപ്രിയയും എത്തപ്പെട്ടത്. ആഗ്രഹിച്ചു ലഭിച്ച ജോലിക്ക് പോയി തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളു ജിവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളുള്ള കൃഷ്ണപ്രിയ.
പെണ്‍കുട്ടിയുടെ പരിചയക്കാരനായ നന്ദു എന്ന 30കാരനാണ് കൃഷ്ണപ്രിയ താത്ക്കാലികമായി ജോലി ചെയ്തിരുന്ന പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ വെച്ച് കൃഷ്ണപ്രിയയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്.. ആത്മഹത്യക്ക് ശ്രമിച്ച ഇയാളും ശനിയാഴ്ച രാവിലെ മരിച്ചു.
ബിരുദാനന്തര ബിരുദ യോഗ്യതയുള്ള കൃഷ്ണപ്രിയ പഞ്ചായത്തില്‍ താല്‍ക്കാലികമായി ലഭിച്ച ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജോലിക്ക് ഈയടുത്താണ് പോയി തുടങ്ങിയത്. കൃഷ്ണപ്രിയയുടെ അമ്മ പൊതുപ്രവര്‍ത്തകയാണ്. കുറച്ചുകാലമായി കൃഷ്ണപ്രിയയും നന്ദുവും സുഹൃത്തുക്കളാണ്.
കൂടുതല്‍ സൗഹൃദത്തിലായതോടെ കൃഷ്ണപ്രിയയുടെ വ്യക്തിപരമായ കാര്യങ്ങളിലും ഇയാള്‍ ഇടപെട്ട് തുടങ്ങി. മുടി ചീകുന്നത് പോലും താന്‍ പറയുന്നത് പോലെ വേണമെന്നും ഭംഗിയായി വസ്ത്രം ധരിച്ച് നടക്കരുതെന്നുമൊക്കെയായിരുന്നു ഇയാളുടെ ആവശ്യം.
ഇത് കൃഷ്ണപ്രിയ എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.  ഇതോടെ ഇയാള്‍ ആക്രമാസക്തനായി പെണ്‍കുട്ടിയെ തെറിവിളിക്കാനും മാനസികമായി ഉപദ്രവിക്കാനും തുടങ്ങി. രണ്ട് ദിവസം മുന്‍പ് ജോലിക്ക് പോവുന്നതിനിടെ കൃഷ്ണയുടെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി താന്‍ കൃഷ്ണയെ കല്യാണം കഴിക്കുമെന്ന് വോയ്സ് മെസേജയച്ചു.
പിന്നീട് ഫോണ്‍ തിരിച്ചേല്‍പ്പിക്കാനെന്ന പേരില്‍ നന്ദുവും ഒരു സുഹൃത്തും കൃഷ്ണയുടെ വീട്ടിലെത്തി. മകളെ കല്യാണം കഴിച്ച് തരണമെന്ന് അച്ഛനോടാവശ്യപ്പെട്ടു. മകള്‍ക്ക് കല്യാണ പ്രായമായിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കല്യാണം കഴിച്ച് തന്നില്ലെങ്കില്‍ അവളെ കൊന്നുകളയുമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.
പെയിന്റിംഗ് തൊഴിലാളിയായ കൃഷ്ണപ്രിയയുടെ അച്ഛന് ഹൃദ്രോഗിയായതിന് ശേഷം പലപ്പോഴും പണിക്ക് പോകാനാകുമായിരുന്നില്ല. അച്ഛനെ സഹായിക്കാനാണ് പഞ്ചായത്തില്‍ ഡാറ്റ എന്‍ട്രി ജോലിക്കാരിയായത്. ഒരാഴ്ച മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ഒരു ദിവസം നന്ദുവിനെ പേടിച്ച് ജോലിക്കു പോയതുമില്ലായിരുന്നു. ഇതിനുശേഷം ജോലിക്ക് പോയ അന്നാണ് കാത്തു നിന്ന നന്ദു ക്രൂരകൃത്യം ചെയ്തത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular