Friday, March 29, 2024
HomeKeralaകേരളത്തിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം, പൊലീസിന് വീഴ്ചയില്ലെന്നും എഎ റഹീം

കേരളത്തിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം, പൊലീസിന് വീഴ്ചയില്ലെന്നും എഎ റഹീം

ദില്ലി: കേരളത്തിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എസ്ഡിപിഐയും (SDPI) ബിജെപിയും (BJP) നടത്തുന്നതെന്ന് ഡിവൈഎഫ് ഐ (DYFI) ദേശീയ പ്രസിഡന്റ് എ എ റഹീം. ബോധപൂർവ്വം കേരളത്തിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമം ഇരുകൂട്ടരും നടത്തുകയാണെന്നും ഇതിന് വേണ്ടി പരസ്പരം ശക്തി സംഭരിക്കുകയാണെന്നും റഹീം കുറ്റപ്പെടുത്തി. അതാത് സമുദായങ്ങൾ ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ നടപടി എടുക്കണമെന്നും റഹീം ആവശ്യപ്പെട്ടു.

കേരളത്തെ നടുക്കി മണിക്കൂറുകൾക്കിടെയുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും റഹീം പറഞ്ഞു. അക്രമങ്ങൾ തടയുന്നതിൽ പൊലീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ന്യായീകരിച്ച റഹീം, പൊലീസിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്ന നിലപാടിലാണ്. മുൻ കേസുകളിൽ പൊലീസ് സമർത്ഥമായി അന്വേഷണം നടത്തുന്നുണ്ടെന്നും റഹീം ചൂണ്ടിക്കാട്ടി. ”കൊലപാതകത്തിൽ രാഷ്ട്രീയ വിവാദമല്ല ഉണ്ടാകേണ്ടത്. എല്ലാവരും ഒറ്റക്കെട്ടായി നേരിടണം. പോപ്പുലർ ഫ്രണ്ടിനെ വളർത്തുന്നതിൽ കേന്ദ്ര സർക്കാരിന് പങ്ക് മാപ്പ് അർഹിക്കാത്ത നിസംഗത ഉണ്ടായി. ഇഡി റെയിഡിലും കാലതാമസം ഉണ്ടായി”. എജൻസികൾ തമ്മിൽ എകോപനമില്ലെന്നും റഹീം കുറ്റപ്പെടുത്തി.

കേരളത്തെ നടുക്കി 24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ പൊലീസ് രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചംഗ സംഘമാണ് കൊലയ്ക്ക് പിന്നിൽ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് എസ്ഡിപിഐ ആരോപണം.

ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കൊലപാതകം ഉണ്ടായത്. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular