Friday, April 19, 2024
HomeKeralaസില്‍വര്‍ ലൈന്‍ പദ്ധതി: വിട്ടുകൊടുക്കാതെ തരൂർ; മുഖ്യമന്ത്രി യോ​ഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു

സില്‍വര്‍ ലൈന്‍ പദ്ധതി: വിട്ടുകൊടുക്കാതെ തരൂർ; മുഖ്യമന്ത്രി യോ​ഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ (Silver Line) പദ്ധതിയിലെ ആശങ്ക പരിഹരിക്കാന്‍ യോഗം വിളിക്കണമെന്ന് ശശി തരൂർ എംപി (Shashi Tharoor MP) മുഖ്യമന്ത്രി പിണറായി വിജയനോട് (CM Pinarayi Vijayan) ആവശ്യപ്പെട്ടു. പദ്ധതിയില്‍ ആശങ്കയറിയിച്ച ജനങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികളേയും കെ റെയില്‍ പ്രതിനിധികളേയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തണമെന്ന നിര്‍ദ്ദേശമാണ് തരൂര്‍ മുന്നോട്ട് വച്ചിട്ടുള്ളത്. മുഖ്യമന്ത്രി യോഗം വിളിച്ചില്ലെങ്കില്‍ സ്വന്തം നിലക്ക് അത്തരമൊരു ചര്‍ച്ച സംഘടിപ്പിക്കുന്നതിനെ കുറിച്ച് തരൂര്‍ ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട യുഡിഎഫ് എംപിമാരുടെ സംഘത്തിനൊപ്പവും  തരൂർ ചേര്‍ന്നില്ല. മുന്നണി തീരുമാനത്തിനൊപ്പം നില്‍ക്കുന്നതാണ് രാഷ്ച്ട്രീയ മര്യാദയെന്നാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി തരൂരിന്‍റെ നിലപാടിനോട് പ്രതികരിച്ചത്. അതേസമയം, സിൽവർ ലൈൻ പദ്ധതിയിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായ ശശി തരൂർ എംപിയുടെ നീക്കങ്ങളും പ്രതികരണങ്ങളും പാർട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് വ്യക്തമാക്കിയിരുന്നു.

കെ റെയിലിൽ പദ്ധതിയിൽ യുഡിഎഫ് രണ്ടാം ഘട്ട പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പദ്ധതിയിൽ സർക്കാർ അനാവശ്യ ധൃതികാണിക്കരുതെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. കെ-റെയിലിനുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നത് ബലം പ്രയോഗിച്ച് നടത്താനുള്ള ശ്രമത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണം. വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത് പലതും ഒളിച്ച് വെക്കാനുള്ളത് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഇതിനിടെ കെ റെയിൽ വിഷയത്തിലെ കെപിസിസി തീരുമാനത്തിനെതിരായ നിലപാടിൽ ശശി തരൂരിനെതിരെ കടുത്ത വിമർശനമാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉന്നയിച്ചത്. ആഗോള പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ ശശി തരൂരിന് കഴിയുന്നില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. അടുത്ത തവണ തരൂർ മത്സരിക്കാനിറങ്ങിയാൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും  പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണം.

ശശി തരൂർ നിലപാട് തിരുത്തണം. കൊലക്കേസിൽ പ്രതിയാക്കാൻ സിപിഎം കിണഞ്ഞ് ശ്രമിച്ചപ്പോൾ ശശി തരൂരിന് ഒപ്പം നിന്നത് കോൺഗ്രസാണ് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കെ റെയിൽ വിവാദത്തിലും ശശി തരൂരും കെപിസിസിയും തമ്മിൽ ഉരസലുകളുണ്ടായിട്ടുണ്ട്.  കെപിസിസിയുടെ ഭീഷണി ശശി തരൂർ തള്ളിയിരുന്നു. ജനാധിപത്യത്തിൽ  തത്വാധിഷ്ഠിത നിലപാടുകൾക്ക് സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രിയുടെ അനൂകൂലിയായി തന്നെ ചിത്രീകരിക്കാൻ നീക്കമെന്നുമാണ് തരൂർ തിരിച്ചടിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular