Tuesday, April 23, 2024
HomeIndiaഅയോധ്യയിലെ ബിജെപി നേതാക്കളുടെ ഭൂമി തട്ടിപ്പ്‌; അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

അയോധ്യയിലെ ബിജെപി നേതാക്കളുടെ ഭൂമി തട്ടിപ്പ്‌; അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

ന്യൂഡല്‍ഹി > അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണസ്ഥലത്തിനു സമീപമുള്ള ദളിതരുടെ ഭൂമി ബിജെപി നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്ത സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

രാമക്ഷേത്രനിര്‍മാണത്തിന് സുപ്രീംകോടതി പച്ചക്കൊടി വീശിയതിനു പിന്നാലെയാണ് ക്ഷേത്രനിര്‍മാണസ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ബര്‍ഹട്ടാ മാഞ്ജ ഗ്രാമത്തില്‍ നേതാക്കളും ഉദ്യോഗസ്ഥരും ബന്ധുക്കളും ഭൂമി വാങ്ങിക്കൂട്ടി.

അയോധ്യയിലെ ബിജെപി എംഎല്‍എ വേദ്പ്രകാശ് ഗുപ്ത, ഗോസായ്ഗഞ്ജിലെ ബിജെപി മുന്‍ എംഎല്‍എ പ്രതാപ് തിവാരി, അയോധ്യ മുന്‍ ചീഫ് റെവന്യൂ ഓഫീസര്‍ പുരുഷോത്തംദാസ് ഗുപ്ത, യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഉമാധര്‍ ദ്വിവേദി, അലിഗഢ് ഡിഐജി ദീപക്കുമാര്‍, അയോധ്യ മേയര്‍ ഹരിഷ്കുമാര്‍, അയോധ്യ മുന്‍ സബ്ഡിവിഷണല്‍ മജിസ്ട്രേട്ട് ആയുഷ് ചൗധ്രി, വിവരാവകാശ കമീഷണര്‍ ഹര്‍ഷ്വര്‍ധന്‍ ഷാഹി തുടങ്ങിയവര്‍ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ഇവിടെ ഭൂമി വാങ്ങിയെന്ന് ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശ് റവന്യൂകോഡ്, ജമീന്ദാരി നിരോധന ചട്ടങ്ങള്‍ പ്രകാരം ദളിതരുടെ കൃഷിഭൂമി ജില്ലാ മജിസ്ട്രേട്ടിന്റെ അനുമതി ഇല്ലാതെ ദളിതരല്ലാത്തവര്‍ വാങ്ങരുത്. മഹര്‍ഷി രാമായണ്‍ വിദ്യാപീഠ് (എംആര്‍വിടി) ട്രസ്റ്റാണ് 1990കളില്‍ ബര്‍ഹട്ടാ മാഞ്ജ ഗ്രാമത്തില്‍ അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയത്.

1990കളില്‍ ബര്‍ഹട്ടാ മാഞ്ജ ഗ്രാമത്തിലെ 15 ഏക്കറിലേറെ ഭൂമി ദളിതനായ റോങ്ഹായ് എന്നയാളുടെ പേരില്‍ ട്രസ്റ്റ് വാങ്ങി. 1996ല്‍ റോങ്ഹായ് ഭൂമി 6.38 ലക്ഷം രൂപയ്ക്ക് ട്രസ്റ്റിന് “ദാനം’ നല്കി എന്നാണ് രേഖ. സുപ്രീംകോടതി വിധിക്ക് പിന്നാലെ ട്രസ്റ്റ് ബിജെപി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റും ഈ ഭൂമി മറിച്ചുവിറ്റു. ട്രസ്റ്റ് തട്ടിയെടുത്ത കോടികള്‍ വിലവരുന്ന ഭൂമി മറിച്ചുവിറ്റതറിഞ്ഞ ദളിത് കുടുംബങ്ങള്‍ പരാതിയുമായി രം​ഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല. ഈ പരാതി പരിശോധിച്ച ഉദ്യോ​ഗസ്ഥര് അടക്കമുള്ളവരാണ് ഭൂമി സ്വന്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular