Thursday, April 25, 2024
HomeUSAകാറപകടം: ഇന്ത്യാക്കാരായ സഹോദരനും സഹോദരിയും മരിച്ചു

കാറപകടം: ഇന്ത്യാക്കാരായ സഹോദരനും സഹോദരിയും മരിച്ചു

ലോസ്ആഞ്ചലസ്: ഡിസംബര്‍ 19 ശനിയാഴ്ച രാത്രിവരെ ചെട്ടുപ്പള്ളി കുടുംബം തങ്ങളുടെ അമേരിക്കന്‍ സ്വപ്നത്തിന് അനുസരിച്ചാണ് ജീവിച്ചുവന്നത്. പിതാവ് രാമചന്ദ്രറെഡ്ഡിക്ക് പതിനാറ് വര്‍ഷത്തിനുശേഷം ഗ്രീന്‍കാര്‍ഡ് ലഭിച്ചു. ഈവര്‍ഷം വീട് വാങ്ങി. മക്കള്‍ പഠനത്തില്‍ സമര്‍ത്ഥര്‍. മാതാവ് രജനി റെഡ്ഡി തെലുഗ് അസോസിയേഷന്‍ പ്രവര്‍ത്തക.  ഒരു ശരാശരി പ്രവാസിയുടെ മാതൃകാ ജീവിതം.
ശനിയാഴ്ച രാത്രി ഒരു കുടുംബ സുഹൃത്തിനെ സന്ദര്‍ശിച്ച് വരുമ്പോഴാണ് ജീവിതം മാറിമറിഞ്ഞ സംഭവം ഒരു കാര്‍ അപകടത്തിന്റെ രൂപത്തില്‍ എത്തിയത്. 35 മൈല്‍ സ്പീഡ് ലിമിറ്റുള്ള സ്ഥലത്ത് 70- 80 വേഗത്തില്‍ എത്തിയ എസ്.യു.വി ശക്തമായി അവരുടെ കാറിനു  പുറകില്‍ ഇടിച്ചശേഷം 75 അടി മുന്നോട്ടു വലിച്ചുകൊണ്ടുപോയി.  ഉടന്‍തന്നെ സമീപ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവിതവുമായി മല്ലടിച്ച ചില മണിക്കൂറുകള്‍ക്ക് ശേഷം മകന്‍ അര്‍ജിത്ത് (14) മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ചയോടെ 16 വയസുള്ള മകള്‍ അക്ഷിതയും.
പഠത്തില്‍ അതിസമര്‍ത്ഥയായിരുന്ന അക്ഷിത അടുത്തവര്‍ഷം   ഐവി ലിഗ് കോളജിൽ  പ്രവേശനം നേടാനുള്ള തയാറെടുപ്പിലായിരുന്നു. ഇരുവരും പാഠ്യേതര വിഷയങ്ങളിലും സമര്‍ത്ഥരായിരുന്നു.
അക്ഷിത നോര്‍ത്ത് ഹോളിവുഡ് ഹൈലി മാഗ്‌നറ്റ് സ്‌കൂള്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റും ആയിരുന്നു. ഇന്നലെ വൈകുന്നേരം നടന്ന കാന്‍ഡില്‍ ലൈറ് വിജിലില്‍ മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു.   വിവിധ അമേരിക്കന്‍ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ നല്‍കി.
ചികിത്സയിലായിരുന്ന രാമചന്ദ്ര റെഡ്ഡിയും ഭാര്യ രജനിയും ആശുപത്രി വിട്ടു. അപകടമുണ്ടാക്കിയ എസ്.യു.വി ഓടിച്ചിരുന്ന 20 വയസുള്ള യുവതി നരഹത്യയ്ക്ക് അറസ്റ്റിലായി. മുമ്പ് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് നഷ്ടപ്പെട്ട രജനി വര്‍ഷങ്ങള്‍ക്കുശേഷവും മാനസീക ആഘാതത്തില്‍ നിന്ന് പൂര്‍ണമായും മോചിതയായിരുന്നില്ല എന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. തെലങ്കാന സംസ്ഥാനത്തിലെ ജാന്‍ഗുണ്‍ ജില്ലക്കാരാണ് ഇരുവരും.
കുട്ടികളുടെ സംസ്‌കാരം പിന്നീട്. അമ്പതിനായിരം പ്രതീക്ഷിച്ച ഗോ ഫണ്ട് മീ സംഭാവനകള്‍ പ്രവഹിച്ചതിനെ തുടര്‍ന്ന് 75,000 ആയി ഉയര്‍ന്നിട്ടുണ്ട്. ചെട്ടുപ്പള്ളി ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി എന്ന ഗോഫണ്ട് മീ വഴി കുടുംബത്തെ സഹായിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular