Thursday, April 18, 2024
HomeKeralaസിപിഎമ്മിനു വേണ്ട പുറത്തേക്ക് രാജേന്ദ്രന്‍ സിപിഐയിലേക്ക്

സിപിഎമ്മിനു വേണ്ട പുറത്തേക്ക് രാജേന്ദ്രന്‍ സിപിഐയിലേക്ക്

സിപിഎമ്മില്‍ നിന്നും  എസ്. രാജേന്ദ്രന്‍ പടിയിറങ്ങുന്നു. സിപിഐയിലേക്കാണെന്നാണ്  സൂചന.  സിപിഎം സംസ്ഥാന സമിതിക്കു മുന്നിലുള്ള  ശിപാര്‍ശ എടുത്തിട്ടില്ല. വിധി വരാന്‍ കാത്തിരിക്കുകയാണ് രാജേന്ദ്രന്‍. ഏതായാലും  രാജേന്ദ്രന്‍ സിപിഐയിലേക്കു പോകുമെന്നാണ് സൂചന.രാജേന്ദ്രനെ ഒരു വര്‍ഷത്തേയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചെന്നാണ് വിവരം. ഇതോടെയാണ് രാജേന്ദ്രന്‍ സി.പി.ഐയില്‍ ചേരുമെന്ന പ്രചാരണം ശക്തമായത്. മുമ്പ് രാജേന്ദ്രന്‍ സി.പി.ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ അന്ന് ഇതിനെ അദ്ദേഹം ശക്തമായി തള്ളുകയും ചെയ്തിരുന്നു.
എന്നാല്‍ ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്‍ഷന്‍ മാത്രമാണെങ്കില്‍ സി.പി.എമ്മില്‍ തന്നെ രാജേന്ദ്രന്‍ നില്‍ക്കുമെന്ന് കരുതുന്നവരും വിരളമല്ല. പുറത്താക്കിയിരുന്നെങ്കില്‍ നേരെ മറ്റു പാര്‍ട്ടിയില്‍ ചേരാന്‍ കഴിയുമായിരുന്നു. എന്നാല്‍ സസ്പെന്‍ഷനാണെങ്കില്‍ പാര്‍ട്ടിയെ തള്ളി വേണം പോകാന്‍. അതിനാല്‍ സി.പി.എം കരുതലോടെ നീങ്ങുകയാണെന്നാണ് സൂചന.

തന്നെ പാര്‍ട്ടിക്ക് പുറത്താക്കണമെന്ന് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ വിചാരിക്കുന്നെന്ന് മുന്‍ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍.
ആരോപണങ്ങളില്‍ താന്‍ വിശദീകരണം നല്‍കിയിരുന്നു. തന്റെ വിശദീകരണം അംഗീകരിച്ച് അംഗത്വത്തില്‍ നിലനിര്‍ത്താമായിരുന്നു. നിലവിലെ ദേവികുളം എം.എല്‍.എ. രാജയെ തോല്‍പിക്കാന്‍ ചായക്കടയില്‍വച്ച് ഗൂഢാലോചന നടത്തി എന്ന പാര്‍ട്ടി കമ്മിഷന്റെ കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണെന്നും രാജേന്ദന്‍ പറഞ്ഞു.

തന്നെ അപമാനിക്കാനാണ് ചിലര്‍ ശ്രമിച്ചത്. ആരെങ്കിലും കഥയെഴുതുന്നതിനനുസരിച്ച് അഭിനയിക്കാന്‍ അറിയില്ല. അംഗത്വം നല്‍കാനും ഒഴിവാക്കാനും പാര്‍ട്ടിക്ക് അധികാരമുണ്ട്. തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ച് ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. വിശദീകരണം ചോദിച്ചിട്ട് കൊടുത്തില്ല എന്ന ആരോപണം തെറ്റാണ്. മറുപടിക്കത്ത് കൊടുത്തു. അതിന്റെ അക്നോളജ്മെന്റ് രേഖ കൈവശമുണ്ട്. രജിസ്റ്റേര്‍ഡ് പോസ്റ്റായി ജില്ലാ കമ്മിറ്റിക്കാണ് അയച്ചത്.

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വാഗതം ചെയ്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സി.പി.ഐ മോശം പാര്‍ട്ടി ഒന്നും അല്ലല്ലോ എന്നായിരുന്നു രാജേന്ദ്രന്റെ മറുപടി. ഞങ്ങളുടെ പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയല്ലേ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നാല്‍പ്പത് വര്‍ഷം അധ്വാനിച്ചത് ഒരു പാര്‍ട്ടിക്കു വേണ്ടിയാണ്. ഇവിടെ അധ്വാനിച്ചിട്ട് വേറൊരു ഓഫീസില്‍ പോയിട്ടാണോ ആനുകൂല്യം പറ്റുകയെന്നും രാജേന്ദ്രന്‍ ചോദിച്ചു. ജീവിക്കാന്‍ വേണ്ടി പാര്‍ട്ടിയില്‍ വന്ന ആളല്ല. ഗവണ്‍മെന്റ് പോസ്റ്റില്‍ നിന്ന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ വന്നയാളല്ല. പാര്‍ട്ടി നടപടിയെടുത്താലും സി.പി.എം വിട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്. രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍. എസ്. രാജേന്ദ്രന്‍ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനെങ്കില്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. പുറത്താക്കി എന്നത് ഊഹാപോഹം. ഊഹാപോഹത്തിന് മറുപടി പറയാനില്ല. പാര്‍ട്ടിക്ക് വിയേനാകാതെ ഏത് ഉന്നതന്‍ പ്രവര്‍ത്തിച്ചാലും അതു പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും ജയചന്ദ്രന്‍ പറഞ്ഞു.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular