Friday, March 29, 2024
HomeKeralaബിന്ദു അമ്മിണിയെ ആക്രമിച്ചത് വെള്ളയില്‍ സ്വദേശി മോഹന്‍ദാസ്; പ്രതി സംഘപരിവാറുകാരനാണെന്ന് നാട്ടുകാര്‍

ബിന്ദു അമ്മിണിയെ ആക്രമിച്ചത് വെള്ളയില്‍ സ്വദേശി മോഹന്‍ദാസ്; പ്രതി സംഘപരിവാറുകാരനാണെന്ന് നാട്ടുകാര്‍

കോഴിക്കോട്: ആക്ടിവിസ്റ്റും കോഴിക്കോട് ഗവ. ലോ കോളജ് ഗസ്റ്റ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ ആക്രമിച്ചത് വെള്ളയില്‍ സ്വദേശി മോഹന്‍ദാസ്​.

കോഴിക്കോട് ബീച്ചില്‍വെച്ച്‌ ബുധനാഴ്ച വൈകീട്ടാണ് ബിന്ദുവിനെ ആക്രമിച്ചത്. പ്രതി സംഘപരിവാര്‍ പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഘപരിവാറുകാരനാണോയെന്ന് അറിയില്ലെന്നാണ് പൊലീസിന്‍റെ മറുപടി.

ബേപ്പൂര്‍ സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി വെള്ളയിലാണ് താമസിക്കുന്നത്. എല്ലാവരും തിരിച്ചറിഞ്ഞിട്ടും സ്റ്റേഷനില്‍ നേരിട്ടെത്തിയ പ്രതിയെ പൊലീസിന് സംഭവദിവസം തന്നെ മനസിലാകാതെ പോയത് ദുരൂഹമാണ്. സംഭവത്തിന് ശേഷം പ്രതി വിളിച്ചറിയിച്ചതനുസരിച്ച്‌ വെള്ളയില്‍ പൊലീസ് എത്തിയിരുന്നു.

തന്നെ കുറ്റക്കാരിയാക്കി പൊലീസ് ജീപ്പില്‍ കയറ്റികൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോള്‍ പ്രതിയോട് ആശുപത്രിയില്‍ പോയി കിടക്കാനാണ് പൊലീസ് ഉപദേശിച്ചത്. ഇയാള്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധനക്ക് പോലും വെള്ളയില്‍ പൊലീസ് തയാറായില്ല. ലഘുവായ വകുപ്പുകളാണ് മോഹന്‍ദാസിനെതിരെ ചുമത്തിയത്. ബിന്ദുവിന്‍റെ പരാതിയിലുള്ള സംഭവത്തിനനുസരിച്ചുള്ള വകുപ്പുകളാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, പ്രഥമ വിവര മൊഴിയില്‍ പറഞ്ഞതില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദമായ മൊഴി രേഖപ്പെടുത്തുമ്ബോള്‍ നല്‍കാമെന്ന് അറിയിച്ചിരുന്നതായി അഭിഭാഷക കുടിയായ ബിന്ദു പറഞ്ഞു.

ബുധനാഴ്ച പ്രതിയെ കയ്യില്‍ കിട്ടിയിട്ടും പിടികൂടാതിരുന്ന പൊലീസ് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ മറച്ചുവെക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ ആരാണെന്ന് പോലും വെള്ളയില്‍ പൊലീസ് വെളിപ്പെടുത്താന്‍ മടിച്ചു. വ്യാഴാഴ്ച രാവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവടക്കം പ്രമുഖര്‍ ആക്രമണത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് അല്‍പമെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പൊലീസ് തയാറായത്.

ആക്രമണമുണ്ടാകുന്നതിന് മുമ്ബ് ചിലര്‍ തന്നെ പിന്തുടരുകയും ബിന്ദു അമ്മിണിയല്ലേ എന്ന് ചോദിക്കുകയും ‘നമ്മുടെ സ്വന്തം ചേച്ചിയാണെന്ന്’ കളിയാക്കുകയും ചെയ്തതായി ബിന്ദു പറഞ്ഞു. ഇതിന് പിന്നാലെ ബിന്ദു അമ്മിണി തന്‍റെ സ്റ്റേഷന്‍ പരിധിയായ കൊയിലാണ്ടിയിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിവരമറിയിച്ചിരുന്നു. എന്നാല്‍, തന്‍റെ പരിധിയിലല്ല എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. നിരന്തരമായ ആക്രമണം തുടരുന്നതിനാല്‍ കേരളം വിടാന്‍ പോലും ആലോചിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ വിവിധ സാമൂഹ്യപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്ന് വാര്‍ത്ത സമ്മേളനം നടത്തും. വരുംദിവസങ്ങളില്‍ ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്കടക്കം മാര്‍ച്ച്‌ നടത്താനും സംഘടനകള്‍ തയാറെടുക്കുന്നുണ്ട്. ബിന്ദു അമ്മിണിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular