Thursday, April 25, 2024
HomeUSAആശുപത്രിയില്‍ ചികിത്സ തേടുന്ന കോവിഡ് രോഗികളുടെ നിരക്ക് കുറഞ്ഞു

ആശുപത്രിയില്‍ ചികിത്സ തേടുന്ന കോവിഡ് രോഗികളുടെ നിരക്ക് കുറഞ്ഞു

2021 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ചികിത്സ തേടിയതിന്റെ കണക്കുകളുമായി

താരതമ്യം ചെയ്യുമ്പോള്‍  ആശുപത്രിയിലെ നിരക്ക് 50 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവുകയും  കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ കേസുകള്‍  മൂന്നിരട്ടിയിലധികം വര്‍ധിക്കുകയും  പ്രതിദിനം ശരാശരി 490,000 ആയി ഉയരുകയും  ചെയ്തിട്ടും  ആശുപത്രിയില്‍ പ്രവേശിക്കുപ്പെടുന്ന രോഗികളുടെ എണ്ണം  അത്ര വേഗത്തില്‍ ഉയരുന്നില്ല.

മൂന്ന് ശതമാനം കേസുകള്‍ക്ക്  മാത്രമേ  ആശുപത്രികളില്‍  പ്രവേശിപ്പിക്കേണ്ട അവസ്ഥയുള്ളു എന്നാണ്  സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡാറ്റാ കാണിക്കുന്നത്.

സിഡിസി ഡാറ്റ അനുസരിച്ച്, 2021 ന്റെ തുടക്കത്തില്‍ ശരാശരി പ്രതിദിന കേസുകളുടെ എണ്ണം ഏകദേശം 250,000 ആയിരുന്നപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നിരക്ക്  6.5 ശതമാനമായിരുന്നു.

യുഎസിലുടനീളമുള്ള പുതിയ ആശുപത്രി പ്രവേശനങ്ങളുടെ  കഴിഞ്ഞ ആഴ്ചത്തെ പ്രതിദിന ശരാശരി 14,700 ആയിരുന്നു.

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പുതിയ ആശുപത്രിവാസങ്ങള്‍ 60 ശതമാനം വര്‍ധിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ വര്‍ഷം അമേരിക്കക്കാരില്‍ ബഹുഭൂരിപക്ഷവും വാക്സിനേഷന്‍ എടുക്കാത്ത സമയത്ത് ,  പ്രതിദിനം 16,500 വരെ രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഒമിക്രോണ്‍ വേരിയന്റ് മൂലം കേസുകള്‍ കൂടുന്നു എന്നല്ലാതെ  മരണങ്ങള്‍  കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രേഖപ്പെടുത്തിയതിന്റെ മൂന്നിലൊന്ന് മാത്രമാണ്.

കോവിഡ് ബാധിച്ച്  മരിക്കുന്ന അമേരിക്കക്കാരുടെ  പ്രതിദിനം ശരാശരി 1,200 ആണ്. ഒരു വര്‍ഷം മുമ്പ് 3,400 എന്ന റെക്കോര്‍ഡിലേക്ക് പ്രതിദിന മരണസംഖ്യ ഉയര്‍ന്നിരുന്നു.

12 മാസം മുമ്പുള്ള തരംഗത്തില്‍  നിന്ന് വ്യത്യസ്തമാണ് നിലവിലെ സാഹചര്യമെന്നും യുഎസിലെ ബഹുഭൂരിപക്ഷവും ഇപ്പോള്‍ വാക്സിനേഷന്‍ എടുത്തതും  ഒമിക്റോണ്‍ വേരിയന്റ് അത്ര ഭീകരമല്ലാത്തതുമാണ് ഇതിന്റെ കാരണമെന്ന് പൊതുജനരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞയാഴ്ച യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട  95 ശതമാനം കേസുകളും ഒമിക്റോണില്‍ നിന്നാണെന്ന് സിഡിസി ചൊവ്വാഴ്ച വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍, 2020 മെയ് മാസത്തിന് ശേഷം ആദ്യമായാണ്  കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 10,000 കവിയുന്നതെന്ന്  സംസ്ഥാന അധികൃതര്‍ അറിയിച്ചു. ഇവരില്‍ 1,300-ലധികം രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

എംപയര്‍ സ്റ്റേറ്റില്‍   ആശുപത്രിയില്‍ ചികിത്സ തേടിയ  രോഗികളുടെ എണ്ണം തിങ്കളാഴ്ച 1,700 ആയിരുന്നു.

കോവിഡ്  ലക്ഷണങ്ങളോടെ എത്ര രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മറ്റ് കാരണങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം എത്ര പേര്‍ കോവിഡ്  പോസിറ്റീവായെന്നും  ഇപ്പോള്‍ വ്യക്തമല്ല.

ഒമിക്റോണ്‍ തരംഗത്തിനിടയില്‍ കുതിച്ചുയരുന്ന കേസുകളുടെ എണ്ണത്തില്‍ നിന്ന് ശ്രദ്ധ മാറണമെന്നും പകരം ആശുപത്രി പ്രവേശനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് ഡോ. ആന്റണി ഫൗച്ചി  ഉള്‍പ്പെടെയുള്ള  വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അവധിക്കാലം കഴിഞ്ഞ് ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി തൊഴിലിടങ്ങളില്‍ പരിശോധനകള്‍ നടത്തേണ്ടതിന്റെ ആവശ്യകതയും ചില വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular