Monday, April 22, 2024
HomeEditorialകോവിഡ് കാലത്ത് പാവങ്ങളെ മറന്ന് മോദി സർക്കാരിന്റെ ക്രിസ്തുമസ് സമ്മാനം (ജോർജ്...

കോവിഡ് കാലത്ത് പാവങ്ങളെ മറന്ന് മോദി സർക്കാരിന്റെ ക്രിസ്തുമസ് സമ്മാനം (ജോർജ് എബ്രഹാം)

കോവിഡ്-19 ന്റെയും വകഭേദങ്ങളുടെയും ആക്രമണത്തോട് പൊരുതുന്നതിനിടയിൽ, ലോകത്തിലെ മറ്റ് പല രാജ്യങ്ങളെയും പോലെ ഇന്ത്യയും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. എന്നാൽ, സ്വന്തം ജനങ്ങളുടെ ദുരിതം കുറയ്ക്കുന്നതിനുപകരം ഏകപക്ഷീയവും വിചിത്രവുമായ പ്രവർത്തനങ്ങളിലൂടെ അവയെ പെരുപ്പിക്കുകയോ തീവ്രമാക്കുകയോ ചെയ്യുന്ന നേതൃത്വത്തെ  ഇന്ത്യയിലല്ലാതെ മറ്റെവിടെയും കാണാനാകില്ല. വിദ്യാഭ്യാസം, ജീവകാരുണ്യം, ആരോഗ്യ പരിപാലനം എന്നീ രംഗങ്ങളിൽ പിന്നോക്കം നിൽക്കുന്ന പട്ടിണിപ്പാവങ്ങൾക്ക് സഹായഹസ്തം നീട്ടുന്ന എൻജിഒകളുടെയും   വിവിധ മത സംഘടനകളുടെയും 6000  എഫ്‌സിആർഎ (വിദേശ കറൻസി റെമിറ്റൻസ് ആക്‌ട്) റദ്ദാക്കിക്കൊണ്ട് മോഡി ഭരണകൂടം ചെയ്തത് അതാണ്. മഹാമാരി മൂലമുള്ള ക്ലേശങ്ങൾ കുറയ്ക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നീക്കങ്ങൾ ഇല്ലെന്ന് മനസിലാക്കി ഇത്തരം പൗര സംഘടനകൾ  മുന്നിട്ടിറങ്ങി ദരിദ്രർക്കുള്ള   ഭക്ഷണവും മറ്റ് അവശ്യ സഹായങ്ങളും ചെയ്യുന്നതിൽ  നേതാക്കൾ അസ്വസ്ഥരാണ്!

ഈ നടപടിയുടെ ദോഷഫലം അനുഭവിക്കുന്ന സംഘടനകളിൽ ശ്രദ്ധേയമായ ഒന്നാണ് മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി. ദരിദ്രരുടെയും  അവശത അനുഭവിക്കുന്നവരുടെയും നിരയിൽ   പട്ടിണി കിടക്കുന്ന ഒരാൾക്ക് ഭക്ഷണം നൽകാനും, കാശടയ്ക്കാൻ സാധിക്കാതെ ചികിത്സ നിഷേധിക്കപ്പെട്ട് മരണാസന്നനായ രോഗിക്ക്  അടിയന്തിര വൈദ്യസഹായം നൽകാനുമുള്ള പണം കൈമാറാനും   പട്ടികയിൽ ഈ  സംഘടനകൾക്ക് കഴിയാതെ വരും. മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ ചുറ്റുവട്ടത്ത് ബൈബിൾ പകർപ്പുകൾ കണ്ടെത്തിയതാണ്  ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള  കാരണങ്ങളിലൊന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

1950-ൽ കൽക്കത്തയിലെ തെരുവുകളിൽ ആരംഭിച്ച മാനുഷിക സേവനത്തിന്റെ വിശിഷ്ടവും സുദീർഘവുമായ ചരിത്രസാക്ഷ്യമാണ്  മിഷനറീസ് ഓഫ് ചാരിറ്റീസിനുള്ളത്. അൽബേനിയയിൽ നിന്നെത്തി ഇന്ത്യയെ സ്വന്തം വീടായിക്കണ്ട മദർ തെരേസയെന്ന ക്രിസ്തീയ സന്യാസിനിയുടെ  കീഴിൽ പ്രവർത്തിച്ചതിന്റെ പേരിലാണ്  ഈ സംഘം ലോകമെമ്പാടും ആദരവ് പിടിച്ചുപറ്റിയത്. അഗതികളെ സേവിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ചതിന്  സമാധാനത്തിനുള്ള നൊബേൽ പുരസ്കാരവും മദർ നേടി. ആ മഹതി പകർന്നുനൽകിയ സേവനപരതുടെ പാഠങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്  സമാനമായ ദൗത്യങ്ങൾ  നിരവധി പേർ പിന്തുടർന്നുപോകുന്നത്.

പ്രസിദ്ധീകൃത്യമായ  പട്ടികയിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട സംഘടനകൾ ഉൾപ്പെടുന്നുണ്ട്. സംഘടനകളുടെ സുതാര്യതയുടെയും  ഉത്തരവാദിത്തത്തിന്റെയും ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുമെങ്കിലും, ഏകപക്ഷീയമായ ഈ തീരുമാനത്തിന്റെ ഫലമായി നിസ്സഹായരായ അത്യാവശ്യക്കാർക്കുള്ള   സേവനങ്ങൾപോലും  നിഷേധിക്കപ്പെടുകയും  നിരാലംബർക്കുമുന്നിൽ നന്മയുടെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെടുകയും ചെയ്തേക്കാം.  ക്രിസ്തുമസിന്റെ തലേനാൾ തന്നെ  ഈ ലിസ്റ്റ് പുറത്തിറക്കിയതിലൂടെ, മോദി ഭരണകൂടം ഇന്ത്യയിലെ ക്രിസ്ത്യാനികളെ സാമൂഹിക വികസന രംഗത്ത് പങ്കാളിയായി ഇനി സ്വാഗതം ചെയ്യുന്നില്ല എന്ന  സന്ദേശമാണ്  വ്യക്തമാക്കുന്നത്.

മുഖ്യധാരയിൽ നിന്ന് ക്രിസ്തീയമത വിശ്വാസികളെ വകഞ്ഞുമാറ്റി രാഷ്ട്രനിർമ്മാണത്തിൽ അവർക്കുള്ള സ്വാധീനം കുറയ്ക്കുക എന്നതാണ് ഇതിനു പിന്നിലെ അജണ്ട.

ലോകമെമ്പാടുമുള്ള ആളുകൾ  വൈറസിന്റെ വകഭേദങ്ങളുമായി മല്ലടിക്കുമ്പോൾ, ദുഷ്ട മനസ്സുള്ളവർക്ക്  മാത്രമേ ഇത്തരത്തിലുള്ള ഓർഡിനൻസിനെക്കുറിച്ച് ചിന്തിക്കാൻ കഴിയൂ.

ന്യൂനപക്ഷങ്ങളോടുള്ള അധികാരികളുടെ വർദ്ധിച്ചുവരുന്ന വിരോധത്തിന്റെ തുടർച്ചയെന്നോണം , ഈ അവധിക്കാലത്തും  ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ നീണ്ടനിര തന്നെ നാം കണ്ടു. നിലവിലെ നേതൃത്വത്തിന്റെ വാക്കിന്റെയും ചെയ്തികളുടെയും  പിൻബലത്തിൽ  ധൈര്യം കാണിക്കുന്ന തീവ്ര വലതുപക്ഷ വർഗീയവാദികൾ, കരോൾ സംഘത്തെ തടസ്സപ്പെടുത്തുകയും ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രിസ്തീയദേവാലയങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. രാഷ്ട്രീയ പ്രമുഖന്റെ  നേതൃത്വത്തിൽ ഒരു സംഘം ആളുകൾചേർന്ന് ഗുഡ്ഗാവിലെ സ്വകാര്യ സ്‌കൂളിൽ അതിക്രമിച്ച് കയറി ക്രിസ്മസ് കാർണിവൽ തടസ്സപ്പെടുത്തുകയും ‘ജയ് ശ്രീ റാം, ഭാരത് കീ ജയ്’ എന്ന മുദ്രാവാക്യത്തോടൊപ്പം ‘ക്രൈസ്തവ വിശ്വാസങ്ങൾക്ക് ഇവിടെ സ്ഥാനമില്ലെന്ന് ‘ സംഘാംഗം ആക്രോശിക്കുന്നതിന്റെയും ദൃശ്യങ്ങളും പ്രചരിച്ചു.

ചരിത്ര പ്രാധാന്യമുള്ളതും  നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ  പഞ്ചാബിലെ ഹോളി റിഡീമർ ചർച്ചിന്റെ പ്രവേശന കവാടത്തിൽ ക്രിസ്തുവിന്റെ ക്രൂശിതരൂപം നശിപ്പിക്കപ്പെട്ടതാണ് മറ്റൊരു ദാരുണസംഭവം. ഉത്തർപ്രദേശിലെ വാരണാസിയിലെ ചന്ദ്മാരി ജില്ലയിൽ, മാതൃധാം ആശ്രമത്തിന് പുറത്ത് കാവി പതാകയുമായി ഒരു കൂട്ടം വലതുപക്ഷക്കാർ ക്രിസ്മസ് പരിപാടി നടക്കുന്നതിന് മുമ്പെത്തി ആഘോഷങ്ങൾ തടഞ്ഞു. 20-30 പേരടങ്ങുന്ന സംഘം “ജയ് ശ്രീറാം” എന്നുറക്കെ വിളിച്ച്  പ്രതിഷേധിച്ചതോടൊപ്പം  “ചർച്ച് മുർദാബാദ്” (പള്ളികളുടെ അന്ത്യം), “മതപരിവർത്തനം അവസാനിപ്പിക്കുക” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും മുഴക്കി.

അസമിലെ സിൽചാറിൽ, ക്രിസ്മസ് രാവിന്റെ  ആഘോഷങ്ങൾ ബജ്റംഗ്ദൾ പ്രവർത്തകർ  തടസ്സപ്പെടുത്തി. അന്നേദിവസം  ‘തുളസി ദിവസ്’ കൂടിയായതിനാൽ ക്രിസ്മസ് ആഘോഷം നിർത്തിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടവർ പള്ളിയിൽ അതിക്രമിച്ചുകയറി.

ഇന്ത്യയുടെ ഐടി ഹബ്ബായ കർണാടക എന്ന ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലെ ക്രിസ്ത്യാനികളെ  ആശങ്കയിലാക്കിക്കൊണ്ട് അവിടത്തെ  നിയമസഭയിൽ മതപരിവർത്തന വിരുദ്ധ ബിൽ പാസായതിനെ തുടർന്നാണ്  മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെയുള്ള സംഭവങ്ങൾ അരങ്ങേറിയത്.

1967-ൽ ആദ്യത്ത  മതപരിവർത്തന വിരുദ്ധ നിയമം ഒഡീഷയിൽ പാസായതിനെത്തുടർന്ന്  ക്രിസ്ത്യാനികൾക്കെതിരായ ആക്രമണൾ ഉടലെടുക്കുകയും, 2008-ലെ കാണ്ഡമാൽ അക്രമത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. സമാനമായ നിയമമുണ്ടാക്കിയ  മറ്റ് ആറ് സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികൾക്കെതിരായ അക്രമം വർധിച്ചു.

ഭയപ്പെടുത്തുന്നതും മതേതരത്വത്തെക്കുറിച്ചുള്ള സങ്കടകരമായ വ്യാഖ്യാനവുമാണിതെന്നും കർണാടകയിൽ ക്രിസ്ത്യാനികൾക്ക്  ഇതത്ര  നല്ല സമയമല്ലെന്ന സൂചനയാണ് ലഭിക്കുന്നതെന്നുമാണ് ബംഗളൂരു ആർച്ച് ബിഷപ്പ് റവ. പീറ്റർ മച്ചാഡോ തന്റെ ഹൃദയംഗമമായ വികാരങ്ങളെ  സംഗ്രഹിച്ചത്.
ആരോപിക്കപ്പെടുന്നതു പോലെ വ്യാപകമായി  മതപരിവർത്തനം നടന്നിട്ടുണ്ടെങ്കിൽ, കർണാടകയിലെ ക്രിസ്ത്യൻ ജനസംഖ്യ 2001 ലെ സെൻസസ് പ്രകാരം 1.91% ആയിരുന്നത് 2011 ലെ കണക്കനുസരിച്ച് 1.87% ആയി കുറഞ്ഞത്  എന്തുകൊണ്ടാണ്?

എന്തുകൊണ്ടാണ് ഇത്തരം  ആക്രമണങ്ങളുടെ എണ്ണം അടുത്തിടെയായി നാൾക്കുനാൾ പെരുകുന്നത്?ഇന്ത്യയെ  ഹിന്ദു രാഷ്ട്രമാക്കുക എന്നുള്ള  തങ്ങളുടെ ദീർഘകാല സ്വപ്നം  സാക്ഷാത്കരിക്കുന്നതിനായി  ബിജെപി നടത്തിവരുന്ന ശ്രമങ്ങളിൽ ഒന്നാണിതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ വ്യക്തമാകും.

സനാതന ധർമ്മത്തിന്റെ പേരിൽ അടുത്തിടെ ഹരിദ്വാറിൽ നടന്ന ധർമ്മ  സൻസദ്, ആ ഉദ്ദേശം നേടിയെടുക്കാൻ  അവർ ഏതറ്റംവരെയും പോകും എന്ന സൂചനയാണ് നൽകുന്നത്. സൻസദിന്റെ പ്രധാന സംഘാടകരിലൊരാളായ പ്രബോധാനന്ദ ഗിരി, റോഹിങ്ക്യൻ മുസ്‌ലിംകളെ കൊന്നൊടുക്കിയതിനും പുറത്താക്കിയതിനും മ്യാൻമർ ജനതയെ പ്രശംസിക്കുന്നതായും  കേട്ടു. ഇന്ത്യയിലെ ഹിന്ദുക്കൾ ബുദ്ധമതക്കാരെ അനുകരിക്കണമെന്നും മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നുമാണ് സ്വാമിയുടെ ആഗ്രഹം. സ്വാമിയുടെ ചിന്തയെയും കടത്തിവെട്ടുന്ന തരത്തിലാണ് ഒരു സ്ത്രീ സംസാരിച്ചത്. ഓരോ ഹിന്ദുവും  വാളെടുത്ത് മുസ്ലീങ്ങളെ കൊല്ലണമെന്നാണ് അവരുടെ  ആവശ്യം . ആ ലക്‌ഷ്യം  നിറവേറ്റാനുള്ള തത്രപ്പാടിനിടയിൽ യാദൃച്ഛികമായി പൊലിഞ്ഞുപോകാവുന്ന ജീവൻ എന്ന നിലയ്ക്കാണ്  അവർ ക്രിസ്ത്യാനികളെ കണക്കാക്കുന്നത്.

രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മനിയിലെ ജൂതന്മാർക്ക് സംഭവിച്ചതുമായി ഈ മുറവിളികൾക്ക് ഭീതിദമായ സാമ്യമുണ്ട്. ഒരു സമുദായത്തെ നിശേഷം നശിപ്പിക്കാൻ വേണ്ടി നേരിട്ടിറങ്ങാതെ പരോക്ഷമായാണ് ഹിറ്റ്ലർ പോലും കരുക്കൾ നീക്കിയിരുന്നത്.. എന്നാൽ,  ഇന്ത്യയിലെ മതതീവ്രവാദികൾ അതിനെ വെല്ലുന്ന ഭീകരമായ ആഹ്വാനങ്ങളുമായാണ്  മുന്നോട്ട് പോകുന്നത്. ഇന്ത്യ ചരിത്രത്തിലെ ഒരു വഴിത്തിരിവിലാണിപ്പോൾ നിൽക്കുന്നത്. കാതടപ്പിക്കുന്ന മൗനം പാലിച്ചുകൊണ്ട് നിലവിലെ ഭരണകർത്താക്കൾ, ഈ ദുഷ്ടശക്തികളുടെ ഒച്ചപ്പാടും വികാരവിസ്ഫോടനങ്ങളും അനുവദിച്ചുകൊടുക്കുകയാണോ എന്ന ചോദ്യം അവശേഷിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular