Monday, April 22, 2024
HomeEditorialഇനി ഞാന്‍ ഉറങ്ങട്ടെ അമ്പതാമാണ്ടില്‍, അച്ഛന് ജയയുടെ ഇംഗ്ലീഷ് പ്രണാമം

ഇനി ഞാന്‍ ഉറങ്ങട്ടെ അമ്പതാമാണ്ടില്‍, അച്ഛന് ജയയുടെ ഇംഗ്ലീഷ് പ്രണാമം

മഹാഭാരതത്തിലെ പഞ്ചപാണ്ഡവരുടെ ഭാര്യ ദ്രൗപതിക്കു  ഇതഃപര്യന്തം ആരും കല്‍പ്പിച്ചിട്ടില്ലാത്ത ധീര പരിവേഷം നല്‍കി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ട്ട നല്‍കിയ ആളാണ് നോവലിസ്റ്റും ചരിത്രകാരനുമായ പികെ  ബാലകൃഷ്ണന്‍. അദ്ദേഹം ജനിച്ചിട്ട് 95 വര്‍ഷവും മരിച്ചിട്ടു 30 വര്‍ഷവും എത്തി. ഇതഃപര്യന്തം ദ്രൗപതിക്കു അങ്ങിനെയൊരു നായികാ പരിവേഷം നല്‍കാന്‍ ഇന്ത്യയില്‍ ആരും ശ്രമിച്ചിട്ടില്ല.

പഞ്ചപാണ്ഡവരില്‍ അതിശക്തനായ  ഭീമനെ മനുഷ്യവല്‍ക്കരിക്കാന്‍ വേണ്ടി നമ്പൂതിരിയുടെ മനോഹരമായ ചിത്രങ്ങളുടെ അകമ്പടിയോടെ മലയാളത്തിന്റെ ഏറ്റവും മികച്ച കഥാകാരന്‍ എംടി വാസുദേവന്‍ നായര്‍  രണ്ടാമൂഴം രചിച്ചതാണു ഓര്‍മ്മയില്‍ വരുന്ന ഒരു സാധര്‍മ്മ്യം.

പികെ ബാലകൃഷ്ണന്‍ ദ്രൗപതിയെ ഭൂമിപുത്രിയായി ആവിഷ്‌ക്കരിച്ചതു 1973 ല്‍ ആണ്. രണ്ടാമൂഴം വന്നത് പതിനൊന്നു വര്‍ഷങ്ങള്‍ക്കു  ശഷം 1984ല്‍.  രണ്ടിനും വയലാര്‍ അവാര്‍ഡ് ലഭിച്ചു.  ഇനി ഞാന്‍ ഉറങ്ങട്ടെ 1974ലെ കേരള സാഹിത്യഅക്കാദമി അവാര്‍ഡും നേടുകയുണ്ടായി.

ബാലകൃഷ്ണന്റെയും ഭഗീരഥിയുടെയും ഏക മകള്‍ പികെ ജയലക്ഷിമി അച്ഛന്റെ മാസ്റ്റര്‍പീസ് ഇംഗ്ലീഷിലാക്കി–ബാറ്റില്‍ ബീയോണ്ട് കുരുക്ഷേത്ര: എ മഹാഭാരത നോവല്‍’ എന്നപേരില്‍. 2017ല്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ചു.  ‘ഭയത്തോടും വിറയലോടും കൂടിയാണ് ഞാന്‍ അത് തുടങ്ങിവച്ചത്. പത്തുവര്‍ഷം എടുത്തു പൂര്‍ത്തിയാക്കാന്‍,’ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഇംഗ്ലീഷില്‍ മാസ്റ്റേഴ്‌സ് എടുത്ത ജയലക്ഷ്മി കൊല്‍ക്കത്തയില്‍ നിന്ന് എന്നോട് പറഞ്ഞു.

യുണിവേസിറ്റിയുടെ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇംഗ്ലീഷില്‍ കവി അയ്യപ്പപ്പണിക്കരുടെ കീഴിലാണ് ജയലക്ഷ്മി എംഎ  ചെയ്തത്. പഠിക്കാന്‍ മിടുക്കി. ഡോക്ടറല്‍ ഗവേഷണം ചെയ്യണമെന്നു അദ്ദേഹം നിര്‍ദേശിച്ചു. ഇംഗ്ലണ്ടില്‍ താമസമാക്കിയ മേനോന്‍ മാരാത്ത് എന്ന മലയാളി എഴുത്തുകാരനെപ്പറ്റി ഗവേഷണം ചെയ്യാ യ്യാനായിരുന്നു നിര്‍ദേശം.

1906ല്‍ ജനിച്ചു  മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം മാസ്സ്റ്റേഴ്സ് ചെയ്യാന്‍  28 ആം വയസില്‍  ലണ്ടനിലെ കിങ്സ് കോളജില്‍ ചേര്‍ന്ന ആളാണ് ശങ്കരന്‍കുട്ടി മേനോന്‍ മാരാത്ത്. പഠിത്തം പൂര്‍ത്തിയാക്കിയില്ല. ഐസിഎസില്‍ ചേര്‍ന്നു, വിവാഹിതനായി. 2003ല്‍ ഇംഗ്ലണ്ടില്‍ അന്തരിക്കുമ്പോള്‍ പ്രായം 97. ‘മരണ ശേഷമാണ് ഞാന്‍ ഇംഗ്ലണ്ടില്‍ എത്തുന്നത്,’ ജയ ഓര്‍മ്മിച്ചു.

ദി വൂണ്ട്‌സ് ഓഫ് സ്പ്രിങ്, ദി സെയില്‍ ഓഫ് ആന്‍ ഐലന്‍ഡ്, ജാനു എന്നീ നോവലുകള്‍ രചിച്ചു. പലതിനും കേരള പശ്ചാത്തലം. പക്ഷെ ഇംഗ്ലണ്ടില്‍ അന്ന് ജ്വലിച്ചു നിന്ന ഇന്ത്യന്‍ എഴുത്തുകാര്‍ ആര്‍കെ നാരായണ്‍, റൂത്ത് പ്രാവര്‍ ജാബ് വാല, രാജാ റാവു, നിരാദ് ചൗധരി  എന്നിവരെപോലെ പോലെ ഉയരാന്‍ കഴിഞ്ഞില്ല. ജന്മനാട്ടില്‍ അധികമൊന്നും അറിയപ്പെടാതെപോയി.  അറിയിക്കാന്‍ ജയലഷ്മിക്കു കഴിയുമായിരുന്നു. പക്ഷെ നടന്നില്ല.

പിഎച്ച്ഡി എടുത്ത് കോളേജിലോ യൂണിവേഴ്സിറ്റിയിലോ പഠിപ്പിക്കുകയായിരുന്നില്ലേ വിരസമായ ഇന്‍ഷുറന്‍സ്  ജോലിയെക്കാള്‍ മെച്ചം? മാത്രവുമല്ല യുജിസി പ്രകാരം നല്ല പെന്‍ഷനും ഉറപ്പായിരുന്നു!

‘ഒരു അന്തര്‍മുഖിയാണ് ഞാന്‍. അതിനാല്‍ അദ്ധ്യാപനം  പറ്റിയ പണിയല്ല. ഇപ്പോള്‍ കൊല്കത്തയില്‍ ഒരു ഇന്‍ഷുറന്‍സ് ബ്രോക്കറേജ് കമ്പനിയില്‍ വൈസ് പ്രസിഡന്റ് ആണ്.  ബംഗാള്‍, ഒറീസ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളുടെ ചുമതല.

‘ഷൊര്‍ണൂര്‍ കാരനായ ഭര്‍ത്താവ് കെ. പ്രഭാകരന്‍ കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ബാങ്കില്‍ ജോലിയായപ്പോള്‍  ആദ്യ കമ്പനി ജോലി ഉപേഷിച്ച് ഇവിടെ വന്നതാണ്. അദേഹത്തിന് ലണ്ടനില്‍ പോസ്റ്റിങ്ങ് വന്നപ്പോള്‍ കൂടെപ്പോയി. മൂന്നു വര്‍ഷം ടാന്‍സാനിയയിലും ജോലിചെയ്തു.

‘മൂന്നു വര്‍ഷം കഴിഞ്ഞു റിട്ടയര്‍ ചെയ്യും.അതുവരെ  ഇവിടെത്തന്നെ കൂടാമെന്നു കരുതുന്നു. ഇതിനിടെ പ്രഭാകരനേട്ടന്‍ കര്‍ണാടകയില്‍ സോണല്‍ മാനേജരായി പ്രമോഷന്‍ കിട്ടി പോയി.  സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഏക മകന്‍ അവിനാശ്, ഭാര്യ പല്ലവികൃഷ്ണയുമൊത്ത് ടൊറന്റോയില്‍. ഞാനവിടെ പോയി രണ്ടു മാസം താമസിച്ചു.

പികെ ബാലകൃഷ്ണന്‍ കൊച്ചി വൈപ്പിന്‍ ദ്വീപില്‍ എടവനക്കാട്  പണിക്കശ്ശേരിയില്‍ കേശവന്റെയും മാണിക്കുട്ടിയുടെയും  മകനായി ജനിച്ചു. എടവനക്കാട് ഹൈസ്‌കൂളില്‍ നിന്ന് ഒന്നാംക്ളാസില്‍ സ്വര്‍ണ മെഡലോടെ സ്‌കൂള്‍ ഫൈനല്‍. മഹാരാജാസ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു ജയിലില്‍ പോയി.  ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

കെ. ബാലകൃഷ്ണനെപ്പോലെ വാഗ്‌ധോരണി. ധാരാളം വായിക്കും, മനനം ചെയ്യും. കുറിപ്പുകള്‍ എഴുതി ശേഖരിക്കും. ചരിത്ര ഗവേഷണത്തിലൂടെ തന്റേതായ നിഗമനങ്ങളില്‍ എത്തിച്ചെരും. ഒറിജിനല്‍ ചിന്ത എന്ന നിലയില്‍ ആ വഴിത്താര ഒരുപാടു  പേരെ ആകര്‍ച്ചിട്ടുണ്ടെന്നു ജീവചരിത്രം എഴുതിയ എംകെ സാനു മാസ്റ്റര്‍ രേഖപ്പെടുത്തുന്നു.

കേരളകൗമുദിപത്രാധിപസമിതിയില്‍  നീണ്ടനാള്‍ സേവനം ചെയ്തു. മാധ്യമം ചീഫ് എഡിറ്റര്‍ ആയും. ഭാര്യ ഭ ഗീരഥി ഗവ. ഹൈ സ്‌കൂളില്‍ ഹെഡ്മിസ്‌റ്റൈറീസ് ആയിരുന്നു. ഉദാരശിരോമണി റോഡില്‍ വീട് വച്ച്. പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ ആണ് ആദ്യ നോവല്‍. ചന്ദുമേനോന്‍ ഒരു പഠനം, നോവല്‍-സിദ്ധിയും സാധനയും, കാവ്യകല കുമാരനാശാനിലൂടെ, എഴുത്തച്ഛന്റെ കല, ചില വ്യാസഭാരത പഠനങ്ങള്‍, ജാതിവ്യവസ്ഥയും കേരളചരിത്രവും, ടിപ്പു സുല്‍ത്താന്‍, നാരായണഗുരു (എഡിറ്റര്‍) എന്നിങ്ങനെ ഈടുറ്റ കൃതികള്‍.

ഇനി ഞാന്‍ ഉറങ്ങട്ടെ ആണ് ബാലകൃഷ്ണന്റെ മാസ്റ്റര്‍ പീസ് എന്ന് ആസ്വാദകരും വിമര്‍ശകരും എല്ലാം സാക്ഷ്യ പ്പെടുത്തുന്നു. ഏ. മാധവന്‍ തമിഴിലും (ഇനി ഞാന്‍ ഉറങ്ങട്ടും)  സാറാ അബുബക്കര്‍ കന്നടയിലും (ഞാനിന്നു നിദ്രി സുവെ}  ജി.ഗോപിനാഥന്‍ ഹിന്ദിയിലും (അബ് മുജ്ജെ സോനെ ദോ)വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെയോ ബെന്യാമിന്റെ ആടുജീവിതം പോലെയോ  മലയാള പ്രസാധനത്തില്‍ ചരിത്രം സൃഷ്ടിച്ച ഒന്നാണ് ഇനി ഞാന്‍ ഉറങ്ങട്ടെ. 1973ല്‍ ആദ്യപതിപ് ഇറങ്ങിയിട്ട് അടുത്ത വര്‍ഷം അമ്പതാണ്ട് പൂര്‍ത്തിയാവുകയാണ്.

‘വ്യാസഭാരതത്തിലെ കഥയെയും സന്ദര്‍ഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തില്‍ നിലനിര്‍ത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത് . കര്‍ണ്ണന്റെ സമ്പൂര്‍ണ്ണകഥയാണ് ഈ കൃതിയുടെ പ്രധാന ഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്പം നടത്തി. ആ സങ്കല്പത്തിന്റെ നൂലിഴകളില്‍ കര്‍ണ്ണകഥാദളങ്ങള്‍ കൊരുത്തെടുത്തിരിക്കുന്നു,കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തില്‍ ജ്വലിച്ചുനില്ക്കുന്ന നോവലാണ്. ‘ എന്നു കിന്‍ഡില്‍ പ്രമോ ഉദ്ഘോഷിക്കുന്നു.

‘എഴുത്തില്‍ മാത്രമല്ല, ജീവിതത്തിലും സ്വന്തമായി ശരിയെന്നു തോന്നിയതും ചെയ്യണമെന്ന് തോന്നിയ കാര്യങ്ങളും മാത്രം ചെയ്തു. അദ്ദേഹത്തന്റെ പ്രത്യേകതയും ശക്തിയും വിജയവുംപരാജയവും ഇതുതന്നെയാണ്,’–ജയലക്ഷ്മി സിദ്ധിയും സാധനയും  എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തില്‍ വിലയിരുത്തുന്നു.

‘ഇങ്ങിനെ സന്ധിയില്ലാ സമരമായല്ലാതെ  ആശയങ്ങളെയും അഭിപ്രായങ്ങളെയും കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ജീവിതം വളരെ എളുപ്പമായേനെ എന്ന് പണ്ട് പലപ്പോഴും തോന്നിയിരുന്നു. പക്ഷെ ആ ചിന്തയിലെ അബദ്ധം ഇന്ന് മനസ്സിലാവുന്നു. ആ സന്ധികളില്ലാത്ത വഴിയാണ് അദ്ദേഹത്തെ നാമിന്നറിയുന്ന എഴുത്തുകാരന്‍ ആക്കിയത്. പികെ ബാലകൃഷ്ണന്‍  എന്ന വ്യക്തിക്ക് അങ്ങിനെയേ ആവാന്‍ പറ്റുമായിരുന്നുള്ളു.’

ജയക്ഷിമിക്കു രണ്ടു സഹോദരന്മാര്‍–ഹരികേശും ഹരികൃഷ്ണനും പക്ഷെ അവര്‍ക്കാര്‍ക്കും കിട്ടാത്ത  സര്‍ഗ്ഗശക്തി ജയക്ക് ലഭിച്ചു. കൊല്‍ക്കത്തയിലാണ് ജീവിതം സര്‍ഗ്ഗധനന്മാരായ ഒരുപാട്  എഴുത്തുകാരുടെ കാലടികള്‍  പതിഞ്ഞ മണ്ണ്. ടാഗോറും പ്രേംചന്ദും ബങ്കിംചന്ദ്ര ചാറ്റര്‍യും മഹേശ്വതാദേവിയും അമിതാവ് ഘോഷും സൃഷ്ട്ടിച്ച എഴുത്തിന്റെ ലോകത്ത് തനിക്കും ഒരു റോള്‍ ഉണ്ടെന്നു ഇനി  ഞാന്‍ ഉറങ്ങട്ടെയുടെ കാവ്യാത്മക വിവര്‍ത്തനത്തിലൂടെ ജയ തെളിയിച്ചിട്ടുണ്ട്.

ഒരു ഉദാഹരണം നോക്കാം.

‘ഗാഢ നിദ്രയില്‍ ലയിച്ചുകിടന്ന ഗംഗാപ്രവാഹത്തെ നോക്കി അവള്‍ നെടുവീര്‍പ്പിട്ടു. ആകാശത്തില്‍ നിറയെ തെളിഞ്ഞ നക്ഷത്രങ്ങളുടെയും അവക്ക് നടുവില്‍ പ്രകാശിച്ച ചന്ദ്രക്കലയുടെയും വെളിച്ചം ഉറങ്ങുന്ന നദീപ്രവാഹത്തെ വെണ്‍മഞ്ഞു പുതപ്പുകൊണ്ട് മൂടി. തിരിഞ്ഞു പിരിഞ്ഞും ഇടയ്ക്കിടെ ആഞ്ഞു ശ്വസിച്ചും സ്വപ്നങ്ങള്‍ നുണഞ്ഞും ഗംഗാദേവി ഉറങ്ങുന്നു! കറുത്ത വൃക്ഷപ്പടര്‍പ്പുകള്‍ക്കു ചുവടെ, നൂഴ്ന്നിറങ്ങിയ നിലാവെളിച്ചം  താഴെ വെളുത്ത നിഴല്‍പ്പാടുകള്‍ വീഴ്ത്തി….ബീഭത്സമായ ആ രംഗം നോക്കി ദ്രൗപതി ചിന്താധീനയായി രുന്നു.’ (അധ്യായം 4)

‘Looking at the sleeping waters of the Ganga, she sighed. The stars glowing in the sky joined the shining crescent to cover the sleeping river with their nsow-white blanket of light. Goddess ganga slept–turning, twisting, occasionally drawing deep breaths and savouring dreams! The moonlight creeping in through the black , spreading trees cast white, chequered shadows beneath…Looking at the horrific scene, Draupadi sat immersed in thought.’

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിന്റെ കമ്മീഷനിങ് വിഭാഗം മേധാവി കൊല്ലം സ്വദേശിനി രേഖ നടരാജനാണ്  ജയയുടെ സിദ്ധി കണ്ടറിഞ്ഞത്. മദ്രാസ് ക്രിസ്ത്യന്‍കോളജ്, സ്റ്റെല്ല മാറീസ്, ജെഎന്‍യുവില്‍ പഠിച്ചിറങ്ങിയ രേഖ ആദ്യം സേജ് പബ്ലിക്കേഷന്റെ എക്സിസികെയ്റ്റിവ് എഡിറ്റര്‍ ആയിരുന്നു.

ഒരുകാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്ര്യാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊല്‍ക്കത്ത. ഹൂഗ്ലി നദിക്കു കുറുകെ അവര്‍ പണിത ഹൗറ പാലവും അവര്‍ നിര്‍മ്മിച്ച വിക്ടോറിയ മെമ്മോറിയലും ഭരണസിരാകേന്ദ്രമായ റൈറ്റേഴ്സ് ബില്‍ഡിങ്ങും നഗര മധ്യത്തില്‍ ഉച്ചയുറക്കത്തിനും ചെസ്സ് കളിക്കും ക്രിക്കറ്റ്  മത്സരത്തിനും  ഉപയോഗിക്കുന്ന വിശാല  മൈതാനവും ഉള്ള കല്‍ക്കട്ട.

മദര്‍ തെരേസയുടെ നഗരമാണ്. (ഇതെഴുതുമ്പോള്‍  മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സഹായം വാങ്ങാനുള്ള അവകാശം ഗവ. പുനഃസ്ഥാപിച്ചതായി വാര്‍ത്ത). മണിമന്ദിരങ്ങളും ചേരികളും ഇടകലര്‍ന്ന ഡൊമിനിക് ലാപിയറുടെ ദി സിറ്റി ഓഫ് ജോയ്. ചുവന്ന കൊളോണിയല്‍ മന്ദിരങ്ങളുടെ ചുവടു പിടിച്ച് നടന്നാല്‍ പൈപ്പിന് കീഴില്‍ കുളിക്കുന്നവരെയും അഞ്ചടി ചതുരത്തിനുള്ളിലെ കടകളില്‍ രണ്ടു രൂപക്കു പ്ലാസ്റ്റിക് കപ്പില്‍ ച്ചുടു ചായ കിട്ടും.

ഒരുകാലത്ത് ഒരുലക്ഷത്തോളം മലയാളികള്‍ കൊല്‍കത്തയില്‍  ഉണ്ടായിരുന്നു. ഇപ്പോള്‍ കഷ്ട്ടിച്ചു പതിനായിരം. അവരില്‍ ഒരാളായി ആരോരുമറിയാതെ ഒതുങ്ങിക്കഴിയാന്‍, ഹൗറക്കു മുകളില്‍ മഴവില്ലു വിരിക്കുന്ന സൂര്യനെപ്പോലെ അസ്തമിക്കാന്‍  ജയക്കു എങ്ങിനെ കഴിയും?

ജയയെ ഞാന്‍ കണ്ടു മുട്ടുന്നത്  ഒരത്ഭുതം തന്നെയാണ്. 1986ല്‍ കൊല്‍ക്കട്ട മൈതാനത്ത് ജോണ്‍ പോള്‍  രണ്ടാമന്‍  കുര്‍ബാന അര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ജോര്ജിനോടൊത്ത് പോയ ആളാണ് ഞാന്‍. ഞങ്ങള്‍ വെളുപ്പിനു മദര്‍ തെരേസയെ കണ്ടു വണങ്ങി. പാപ്പയുടെ കോട്ടയം പരിപാടി കവര്‍ ചെയ്യാന്‍ പെട്ടെന്ന് മടങ്ങി പോന്നു.

അന്ന് പപ്പാ വന്നിറങ്ങിയ കോട്ടയം മെഡിക്കല്‍ കോളജിന്റെ വിശാലമായ മൈതാനത്ത്പ്രഭാത സവാരി ചെയ്യുമ്പോള്‍ പിസി വിത്സണ്‍ എന്റെ മുമ്പില്‍ വന്നു നിന്നു.

‘എന്റെ ഇളയച്ഛന്‍–അച്ഛന്റെ അനുജന്‍–ആണ്  ഇനി ഞാന്‍ ഉറങ്ങട്ടെ എഴുതിയ പികെ ബാലകൃഷ്ണന്‍,’ –കൊല്ലം എസ്എന്‍ കോളജില്‍ സൈക്കോളജി പ്രഫസര്‍ ആയി റിട്ടയര്‍ ചെയ്ത  ഡോ. വില്‍സണ്‍  പരിചയപ്പെടുത്തി. ഭാര്യ ഡോ. സുധയും രണ്ടു പെണ്മക്കളുമായി അദ്ദേഹം രണ്ടുവര്‍ഷമായി എന്റെ വീടിനോടു ചേര്‍ന്ന ഫ്‌ലാറ്റില്‍ വാടകക്ക് താമസിക്കുന്നു. അക്കാര്യം ഞാന്‍  അറിഞ്ഞതേയില്ല.

ഇളയ മകള്‍ ആതിര തൊട്ടുചേര്‍ന്ന  കുട്ടികളുടെ ആശുപത്രിയില്‍  പീഡിയാട്രിക്‌സ് എംഡി ചെയ്യുമ്പോള്‍  കൂട്ടിനെത്തിയതാണ് അച്ഛനമ്മമാര്‍, ആതിരയുടെ ചേച്ചി അപര്‍ണയും ഡോക്ടര്‍. കെഎഎസ് എന്ന കേരള അഡ്മിനിട്രേട്ടിവ് സര്‍വീസില്‍ പ്രവേശനം നേടി പരിശീലനത്തിലാണ്.

ആതിരയുടെ പഠിത്തം പൂര്‍ത്തിയായി. എന്ന് പറഞ്ഞു കൂടാ. ഇനി ഡിഎം എന്ന സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ചെയ്യണം. അതുനുള്ള എന്‍ട്രന്‍സ് പരീക്ഷ കൂടി എഴുതിയ ശേഷം ഒരാഴ്ചക്കകം   അവരെല്ലാം കൊല്ലം കാവനാട്ടെ വീട്ടിലേക്കു മടങ്ങും. പക്ഷെ കോട്ടയത്ത് സ്‌നേഹത്തിന്റെ കണ്ണികള്‍ ബാക്കിയുണ്ടാവും.

.

ജയയുടെ പ്രണാമം–സിദ്ധിയും സാധനയും

അവിനാശൂമൊത്ത് നയാഗ്രജലപാതത്തിനു മുമ്പില്‍

ടാന്‍സാനിയ–പ്രഭാകരന്‍, അവിനാശ്, ജയലക്ഷ്മി

അവിനാശ്, പല്ലവി, ജയ

കുര്യന്‍ പാമ്പാടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular