Thursday, April 25, 2024
HomeKeralaനൊന്തു പെറ്റവള്‍ക്കേ പേറ്റുനോവിന്റെ വിലയറിയൂ (ദുര്‍ഗ മനോജ് )

നൊന്തു പെറ്റവള്‍ക്കേ പേറ്റുനോവിന്റെ വിലയറിയൂ (ദുര്‍ഗ മനോജ് )

കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന വാര്‍ത്ത അത്ര പുതിയതൊന്നുമല്. പക്ഷേ, അത്തരം ഒരു വാര്‍ത്തയോടൊപ്പം ചേര്‍ത്തു വായിക്കാന്‍ പറ്റുന്ന അനുബന്ധം ഭിക്ഷാടന മാഫിയ, എന്നോ ദത്തെടുക്കല്‍ കേന്ദ്രങ്ങളുടെ ഇടപെടലുകള്‍ എന്നോ ആണ്. എന്നാല്‍ അതൊന്നുമല്ലാതെ ഒരു സംഭവം നടന്നിരിക്കുന്നു. കാമുകനെ വിശ്വസിപ്പിക്കുവാന്‍ കുഞ്ഞിനെ തട്ടിയെടുക്കുക!

ഒരു കുഞ്ഞു ജനിക്കുക എന്നാല്‍ ഒരു കുടുംബത്തിന്റെ കാത്തിരിപ്പു കൂടി ആരംഭിക്കുകയാണ്. ഗര്‍ഭിണിയാണ് എന്നറിയുന്ന സമയം മുതല്‍ ആരംഭിക്കുന്ന തയ്യാറെടുപ്പുകള്‍, ഒരാള്‍ കൂടി കുടുംബത്തിലേക്കു വരികയാണ്. ഒമ്പതു മാസവും കൃത്യമായ ചെക്കപ്പുകള്‍, ഇതൊക്കെ കഴിഞ്ഞ് ലേബര്‍ റൂമിലെ പരീക്ഷണങ്ങളും താണ്ടി, ആദ്യമായി ആ കുഞ്ഞു മുഖം കാണുന്ന നിമിഷം! ഏതൊരമ്മയുടെ ഹൃദയമാണ് ആനന്ദം കൊണ്ടു തുടിക്കാത്തത്. ആ കുഞ്ഞിനെ ഒരാള്‍ക്കും അവര്‍ കൈമാറില്ല. പക്ഷേ, പൂതന, മോഹിനി വേഷം പൂണ്ടെന്നവണ്ണം, ജീവന്‍ രക്ഷിക്കുന്ന ഡോക്ടറുടെ രൂപത്തില്‍ ഒരു തട്ടിപ്പുകാരി കുഞ്ഞിനെ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്ക് സംശയിക്കുവാനായില്ല. ഏതായാലും ഒരു ടാക്‌സി ഡ്രൈവറുടെ സമയോചിതമായ പെരുമാറ്റവും പോലീസിന്റെ ജാഗ്രതയും കുഞ്ഞിനെ അതിന്റെ അച്ഛനമ്മമാരുടെ അടുത്ത് എത്തിക്കുവാന്‍ ഇടയാക്കി. പക്ഷേ, ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.

ഒന്നാമതായി, അങ്ങനെ ആര്‍ക്കും ഒരു വെള്ളക്കോട്ട് വാടകയ്ക്ക് എടുത്ത് അണിഞ്ഞു കൊണ്ട് അനായാസം കയറിയിറങ്ങുവാന്‍ സാധിക്കുന്ന ഒരിടമാണോ സര്‍ക്കാര്‍ ആശുപത്രികള്‍? ഇപ്പോള്‍ ഈ സംഭവം വിവാദമായപ്പോള്‍ സുരക്ഷാ ആഡിറ്റ് നടത്തുമെന്നു പറയുന്നു. പരിധിക്കുമപ്പുറം രോഗികള്‍ വന്നടിയുന്ന ഇടമാണ് നമ്മുടെ മെഡിക്കല്‍ കോളേജുകള്‍. മുന്‍പു തന്നെ അത്ര വലിയ കേമത്തമൊന്നും പറയാനില്ലാത്ത നമ്മുടെ സാമ്പത്തികരംഗം, കോവിഡ് തരംഗത്തോടെ തകര്‍ന്നു നടുവൊടിഞ്ഞു. അതോടെ സാധാരണക്കാര്‍ക്ക് ആശ്രയിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രമേ ഉള്ളൂ എന്നായിരിക്കുന്നു. അവിടെ, ചികിത്സ വൈകുന്നതും, കട്ടിലുകിട്ടാതെ നിലത്തു കിടക്കേണ്ടി വരുന്നതും നമ്മളങ്ങു സഹിക്കും, പക്ഷേ നൊന്തു പെറ്റ കുഞ്ഞിനെ ഒരു തട്ടിപ്പിനു വേണ്ടി തട്ടിയെടുത്തു എന്നു പറഞ്ഞാല്‍ എങ്ങനെ സഹിക്കും? കുഞ്ഞിനെ കാണാനില്ല എന്നറിഞ്ഞ നിമിഷം മുതല്‍ ഒരമ്മയും ആ ഒരു കുടുംബവും സഹിച്ച മനോവേദനയെ എന്തിനോട് ഉപമിക്കും? ഇനി ഒരമ്മയ്ക്കും ഈ അനുഭവം ഉണ്ടാകരുത്, ഒരു കുഞ്ഞിനും ഈ പരീക്ഷണം നേരിടേണ്ടി വരരുത്. ഒരു സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തതോടെ എല്ലാം ഭദ്രമെന്ന് പറഞ്ഞ് കൈകഴുകരുത്. ഇതൊരു മുന്നറിയിപ്പാണ്. ഇതുപോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ട നടപടികള്‍ ആരംഭിക്കാനുള്ള സമയം അതിക്രമിച്ചു എന്ന മുന്നറിയിപ്പാണ്. ഇത്തരത്തില്‍ കുഞ്ഞു നഷ്ടപ്പെട്ട് ഒരമ്മയുടേയും കണ്ണീര് ഇനി ഈ മണ്ണില്‍ വീഴരുത്. പെറ്റ വയറിന്റെ വേദന കട്ടുകൊണ്ടു പോകുന്നവര്‍ക്കറിയില്ല.

ഏതായാലും അമ്മയുടെ അടുത്തേക്ക് തിരികെ എത്തിയ കുഞ്ഞിപ്പെണ്ണിന് അജയ്യ എന്നു പോലീസ് മാമന്മാര്‍ പേരിട്ടു കഴിഞ്ഞു. അവള്‍ അജയ്യ തന്നെ ആകട്ടെ. അമ്മയ്ക്കും കുഞ്ഞിനും ഇനി ആനന്ദപൂക്കാലമാകട്ടെ…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular