Friday, January 21, 2022
HomeGulfനിര്‍ബന്ധിത ക്വാറന്റീന്‍ :സര്‍ക്കാറുകളുടെ തീരുമാനത്തില്‍ പ്രതിഷേധവുമായി പ്രവാസികള്‍

നിര്‍ബന്ധിത ക്വാറന്റീന്‍ :സര്‍ക്കാറുകളുടെ തീരുമാനത്തില്‍ പ്രതിഷേധവുമായി പ്രവാസികള്‍

ദുബൈ: കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍  എര്‍പ്പെടുത്താനുള്ള കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനത്തില്‍  പ്രതിഷേധവുമായി പ്രവാസികള്‍ .

 സംസ്ഥാന ആരോഗ്യമന്ത്രി പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ വെറും പ്രവാസി നിയന്ത്രണമാക്കരുതെന്ന് യുഎഇ പ്രവാസി സംഘടന  കെ‌എം‌സി‌സി അഭിപ്രായപ്പെട്ടു . പ്രവാസികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം മാത്രമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകളിലുള്ളത്. പ്രവാസികൾക്കു മാത്രം നിരന്തരം പിസിആർ ടെസ്റ്റ് എന്ന നിബന്ധന പ്രവാസികളെ പിഴിയുന്നതിന് തുല്യമാണ്. സ്വകാര്യ ലാബുകളുടെ ഇംഗിതം നടപ്പാക്കുന്ന ഏജൻസിയായി സർക്കാർ സംവിധാനങ്ങൾ മാറരുത്. പ്രവാസി സൗഹൃദ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തെ ഒരു പ്രവാസി ദ്രോഹ സംസ്ഥാനമാക്കരുതെന്ന് കെഎംസിസി യുഎഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ജന. സെക്രട്ടറി പി.കെ അൻവർ നഹ, ട്രഷർ നിസാർ തളങ്കരയും എന്നിവർ ആവശ്യപ്പെട്ടു.

  പ്രവാസികൾക്ക് പുതിയതായി ക്വാറന്റീൻ ഏർപ്പെടുത്തുന്ന തീരുമാനത്തിൽ ഫുജൈറ ഇൻകാസ് കമ്മിറ്റി പ്രതിഷേധിച്ചു. കേരളത്തിലുള്ളവർക്കും സംസ്ഥാനാന്തര യാത്രക്കാർക്കും നിയന്ത്രണങ്ങൾ നടപ്പാക്കാതെ പ്രവാസികളെ മാത്രം അടച്ചിടാൻ ശ്രമിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ.സി. അബൂബക്കർ പറഞ്ഞു.

സംസ്ഥാന സർക്കാർ ഇത്ര ധൃതിപിടിച്ച് പ്രവാസികളെ മാത്രം കുറ്റക്കാരാക്കി ചിത്രീകരിച്ച് നടപടിയെടുത്തതിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിഷേധിച്ചു. യുഎഇയിലെ വാക്സിനേഷൻ നിരക്ക് 99 ശതമാനത്തിനു മുകളിലാണെന്നും ഇതിനു പുറമേ പിസിആർ പരിശോധനാ ഫലവുമായാണ് ഇവിടെ നിന്നുള്ള പ്രവാസികൾ നാട്ടിലെത്തുന്നതെന്നും അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ റഹീം ചൂണ്ടിക്കാട്ടി.

നാട്ടില്‍ യാതൊരു വിധ കൊവിഡ് മുന്‍കരതലുകളും  പാലിക്കാതെ ആഘോഷങ്ങളും രാഷ്‍ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ ഉള്‍പ്പെടെയുള്ള പൊതു ചടങ്ങുകളും നടക്കുന്നതിനിടെ പല തവണ പരിശോധനകള്‍ കഴിഞ്ഞ് കൊവിഡ് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന പ്രവാസികള്‍ക്ക് മാത്രം എന്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്നതാണ് പ്രവാസികളുടെ  ചോദ്യം.

ശാസ്‍ത്രീയമായ എന്തെങ്കിലും വിവരങ്ങളുടെ  അടിസ്ഥാനത്തിലല്ല പ്രവാസികള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിക്കുന്നു.

രാജ്യത്തോ സംസ്ഥാനത്തോ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ആദ്യ പടിയെന്ന പോലെ പ്രവാസികള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവരാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ എന്തെങ്കിലും നടപടികള്‍ എടുത്തുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ ആരോപണമുയരുന്നു.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ മറ്റൊരു മേഖലയിലും കാര്യമായ നിയന്ത്രണം ഏര്‍പ്പെടുത്താത്തതും പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപാര സ്ഥാപനങ്ങളിലെ പൊതു പരിപാടികളിലോ ആഘോഷങ്ങളിലെ ഒരു തരത്തിലുമുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലും പ്രവാസികള്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നാണ് പ്രധാന ആരോപണം.

വിദേശത്ത് നിന്നെത്തുന്നവര്‍ നിശ്ചിത ഇടവേളയ്‍ക്കുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയ്യുകയും വിമാനത്താവളത്തില്‍ ഹാജരാക്കുകയും ചെയ്‍ത ശേഷമാണ് യാത്ര അനുവദിക്കുന്നത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെത്തുമ്പോള്‍ ഹൈ റിസ്‍ക് രാജ്യങ്ങളില്‍ നിന്ന് അല്ലാതെ എത്തുന്നവരിലും രോഗലക്ഷണങ്ങളുള്ളവരെ പരിശോധനയ്‍ക്ക് വിധേയമാക്കും. ഒപ്പം ഓരോ വിമാനത്തിലും എത്തുന്ന യാത്രക്കാരില്‍ നിശ്ചിത എണ്ണം പേരെ പരിശോധിക്കുന്നുമുണ്ട്. ഇത്രയും നിബന്ധകള്‍ പാലിച്ച് എത്തുന്നവരെ വീണ്ടും നിര്‍ബന്ധിത ക്വാറന്റീനിലാക്കേണ്ടതുണ്ടോ എന്നതാണ് പ്രവാസികളുടെ ചോദ്യം.

ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ പുതിയ നിബന്ധന കാരണം യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതരാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular