Sunday, May 19, 2024
HomeKeralaരണ്ടും കല്‍പ്പിച്ച് കേരളം ; ഗവര്‍ണ്ണറെ പുറത്താക്കാന്‍ അനുമതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു

രണ്ടും കല്‍പ്പിച്ച് കേരളം ; ഗവര്‍ണ്ണറെ പുറത്താക്കാന്‍ അനുമതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു

വീഴ്ച്ചയുണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണമെന്ന ആവശ്യം കേന്ദ്രത്തോട് ഉന്നയിച്ച് കേരളസര്‍ക്കാര്‍. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് പഠിച്ച റിട്ട.ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചി റിപ്പോര്‍ട്ടിനു മറുപടിയായാണ് സര്‍ക്കാര്‍ ശിപാര്‍ശ. ഇതു സംബന്ധിച്ച് നിയമസെക്രട്ടറിയുടെ ശിപാര്‍ശ മന്ത്രി സഭ അംഗീകരിച്ചു.

ഈ റിപ്പോര്‍ട്ട് കഴിഞ്ഞ മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നു. ഉടന്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കും. മറ്റു ഭരണഘടനാ ചുമതലകളുള്ളതിനാല്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തിരുത്തേണ്ട കാര്യമില്ലെന്ന് സര്‍ക്കാര്‍ ഇതില്‍ വ്യക്തമാക്കുന്നു.

ഗവര്‍ണറെ പദവിയില്‍നിന്നു തിരിച്ചുവിളിക്കാനുള്ള അവസരം ഉണ്ടാകണം. ഗവര്‍ണറുടെ നിയമനം സര്‍ക്കാരുമായി ആലോചിക്കണം. ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോള്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണമെന്നും സംസ്ഥാനം നിര്‍ദേശിക്കുന്നു.

വിവിധ വിഷയങ്ങളില്‍ സര്‍ക്കാറിനെ ഗവര്‍ണ്ണര്‍ മുള്‍മുനയില്‍ നിര്‍ത്തുമ്പോഴാണ് ഭരണഘടനാ ബാധ്യത നിറവേറ്റിയ്യിലെങ്കില്‍ ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കണമെന്ന ആവശ്യം കേരളം മുന്നോട്ട് വെക്കുന്നത്.

പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാനപ്പെട്ട സര്‍ക്കാര്‍ ശിപാര്‍ശകള്‍ ഇങ്ങനെ

1. പൂഞ്ചി കമ്മിഷന്‍: 35 വയസ്സ് പൂര്‍ത്തിയായ ആരെയും ഗവര്‍ണറായി നിയമിക്കാവുന്നതാണ്.
സര്‍ക്കാര്‍ ശിപാര്‍ശ: അന്തസ്സിനു യോജിക്കുന്ന ആളെ വേണം നിയമിക്കാന്‍. സജീവ രാഷ്ട്രീയക്കാരന്‍ എന്നത് പദവിക്കു തടസ്സമാകരുത്.

2. പൂഞ്ചി കമ്മിഷന്‍: ആവശ്യമെങ്കില്‍ ഗവര്‍ണറെ നീക്കാനുള്ള നിയമം കൊണ്ടുവരണം. പ്രതിരോധിക്കാനുള്ള അവസരം ഗവര്‍ണര്‍ക്കും അനുവദിക്കണം.
സര്‍ക്കാര്‍ ശിപാര്‍ശ: ഗവര്‍ണറെ തിരിച്ചു വിളിക്കാനുള്ള അവസരം ആവശ്യമാണ്. ഗവര്‍ണറുടെ നിയമനം സര്‍ക്കാരുമായി ആലോചിക്കണം. ഇതിനായി ഭരണഘടനാ ഭേദഗതി വരണം.

3.പൂഞ്ചി കമ്മിഷന്‍: ഭരണഘടനാ ലംഘനം കണ്ടെത്തിയാല്‍ ഗവര്‍ണറെ ഇംപീച്ച് ചെയ്യാന്‍ കഴിയണം.
സര്‍ക്കാര്‍ ശിപാര്‍ശ: ഭരണഘടനാ ലംഘനം കണ്ടെത്തുമ്പോഴോ ചാന്‍സലര്‍ പദവിയില്‍ വീഴ്ച വരുത്തുമ്പോഴോ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച വന്നാലോ സംസ്ഥാന സഭയ്ക്ക് ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം വേണം.

4.പൂഞ്ചി കമ്മിഷന്‍: ഭരണഘടനാപരമായ ചുമതലകള്‍ ഒഴികെയുള്ള കാര്യങ്ങളില്‍ മന്ത്രിസഭാ നിര്‍ദേശം അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍ക്കു പല കാര്യങ്ങളിലും വിവേചനാധികാരം ഇല്ല. സര്‍ക്കാരുമായി സംഘര്‍ഷമുണ്ടാകാതെ വിവേചനാധികാരം പ്രയോഗിക്കാന്‍ ഗവര്‍ണര്‍ക്കു കഴിയണം.

സര്‍ക്കാര്‍ ശിപാര്‍ശ:ഗവര്‍ണറുടെ വിവേചനാധികാരം നിജപ്പെടുത്തണം. സര്‍ക്കാര്‍ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകള്‍ക്ക് അനുമതി കിട്ടാന്‍ കാലതാമസം ഉണ്ടാകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular