Friday, May 17, 2024
HomeUSAമരണ വിവാദത്തില്‍ കുടുങ്ങി എം എല്‍ എ

മരണ വിവാദത്തില്‍ കുടുങ്ങി എം എല്‍ എ

യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം അടങ്ങിയ പെട്ടി കയറ്റുമ്പോള്‍ പത്തു പേര്‍ക്കു വിമാനത്തില്‍ കയറാനുള്ള സ്ഥലം നഷ്ടമാകുമെന്ന ബി ജെ പി എം എല്‍ എയുടെ പ്രസ്താവന വിവാദമായി. യുദ്ധഭൂമിയില്‍ കുടുങ്ങിയവരെ രക്ഷിച്ചു കൊണ്ടു വരാന്‍ കേന്ദ്രം ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് കര്‍ണാടകയില്‍ ഹുബ്‌ളി-ധാര്‍വാഡ് മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ: അരവിന്ദ് ബെള്ളാഡ് ഇങ്ങിനെയൊരു അഭിപ്രായം പറഞ്ഞത്.

യുക്രൈനിലെ യുദ്ധമേഖലയില്‍ ഖാര്‍കിവ് നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്യുവില്‍ നില്‍ക്കുമ്പോള്‍ റഷ്യന്‍ ഷെല്ലിങ്ങില്‍ മരിച്ച നവീന്‍ ശേഖരപ്പയുടെ (21) മൃതദേഹം കാത്തിരിക്കയാണ് യുവാവിന്റെ കുടുംബവും നാട്ടുകാരും കര്‍ണാടകയിലെ ഹവേരി പട്ടണത്തില്‍. ഏലം കൊണ്ടു മാല ചാര്‍ത്തി അതിഥികളെ സ്വീകരിക്കുന്ന പാരമ്പര്യമുള്ള പട്ടണത്തില്‍ എം പിയുടെ വാക്കുകള്‍ രോഷം ആളിക്കത്തിച്ചു.
ഖാര്‍ക്കിവില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി ആയിരുന്നു നവീന്‍.
എന്തു കൊണ്ടാണ് നവീന്റെ ജഡം കൊണ്ടുവരാന്‍ വൈകുന്നത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കയായിരുന്നു  ബെള്ളാഡ് . ‘അവിടെ യുദ്ധം നടക്കുകയാണ്. ജീവനുള്ളവരെ കൊണ്ടു വരാന്‍ തന്നെ ബുദ്ധിമുട്ടാണ്. ഒരു ശവപ്പെട്ടി കയറ്റുന്നതിനു പകരം എട്ടു പത്തു പേരെ കയറ്റി കൊണ്ടു  വരാം.’
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നവീന്റെ കാര്യത്തില്‍ താല്പര്യം എടുത്തിട്ടുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു ദിവസത്തിനകം നവീന്റെ മൃതദേഹം എത്തിക്കാമെന്നു ബുധനാഴ്ച്ച യുവാവിന്റെ പിതാവ് ശേഖരപ്പയ്ക്കു മോദി വാക്കു കൊടുത്തുവെന്നു കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മിടുമിടുക്കനായിരുന്നു നവീന്‍ എന്ന് പിതാവ് ശേഖരപ്പ അനുസ്മരിച്ചു. ‘പ്രീ-യൂണിവേഴ്സിറ്റിക്ക് 97% മാര്‍ക്ക് നേടിയിട്ടും അവനു കര്‍ണാടകത്തില്‍ മെഡിക്കല്‍ സീറ്റ് കിട്ടിയില്ല. സ്വകാര്യ കോളേജുകളില്‍ കോടികള്‍ നല്‍കണം. അതിലും കുറഞ്ഞ ചെലവില്‍ വിദേശത്തു പഠിക്കാം.’

2013 മുതല്‍ ഈ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ ആയ ബെള്ളാഡ് (52) എന്ജിനീറിംഗ് ബിരുദമെടുത്ത ശേഷം ഫ്രാന്‍സില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ഡിപ്‌ളോമ നേടിയിട്ടുണ്ട്. ശരാശരി ഇന്ത്യന്‍ രാഷ്ട്രീയക്കാരനെക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസം. എന്നാല്‍ ഇത്ര നിര്‍വികാരമായ ഒരു പ്രതികരണം ഒരു പൊതു പ്രവര്‍ത്തകനില്‍ നിന്നുണ്ടാവുമ്പോള്‍ പ്രതീക്ഷിക്കാവുന്ന രോഷം അദ്ദേഹം ഉയര്‍ത്തി വിട്ടിട്ടുണ്ട്.

കൃത്രിമമായി സീറ്റ് ക്ഷാമം സൃഷ്ട്ടിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ് ഈ കുട്ടികളെയെല്ലാം പുറത്തു പോയി പഠിക്കാന്‍ നിര്ബന്ധിതരാക്കുന്നതെന്നു എം എല്‍ എ പറഞ്ഞു.
ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആകെയുള്ള മെഡിക്കല്‍ സീറ്റുകള്‍ 88000 കവിയില്ല എന്നാണ് കണക്ക്. കഴിഞ്ഞ വര്ഷം അഖിലേന്ത്യ പ്രവേശന പരീക്ഷയായ നീറ്റ്  എഴുതിയത് 15 ലക്ഷത്തിലധികം പേരാണ്. ഇവിടെ കൊടുക്കുന്ന ഫീസിന്റെ മൂന്നിലൊന്നു പോലുമില്ല കിഴക്കന്‍ യൂറോപ്പില്‍.

അതിനിടെ, യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് ആശുപത്രിയിലായി എന്നു  പോളണ്ടില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറല്‍ വി കെ സിംഗ് പറഞ്ഞു. ‘കിയവില്‍ നിന്നു രക്ഷപ്പെട്ടു വന്നു കൊണ്ടിരുന്ന ഒരു വിദ്യാര്‍ഥിക്കു വെടിയേറ്റതായി എനിക്കു വിവരം കിട്ടി,’ സിംഗ് പറഞ്ഞു. ‘കിയവ് വിടാന്‍ ഇന്ത്യന്‍ എംബസി നേരത്തെ എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. യുദ്ധരംഗത്തു വെടിയുണ്ടകള്‍ക്കു രാജ്യമോ മതമോ തിരിച്ചറിയാന്‍ ആവില്ല.’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular