കുണ്ടറ: കൊല്ലം-ചെങ്കോട്ട റെയില്‍വേലൈന്‍ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയത മൂലം കുണ്ടറയില്‍ ഗതാഗതക്കുരുക്ക് ശക്തമാക്കുമെന്ന് സൂചന.
വലിയ വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ വൈദുതി കമ്ബികളില്‍ തട്ടി അപകടം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനായി സ്ഥാപിക്കുന്ന ഇരുമ്ബുതൂണുകളാണ് പ്രശ്നമാകുന്നത്. പള്ളിമുക്കില്‍ ടാര്‍ റോഡിന്റെ ഒരു ഭാഗം കുഴിച്ചാണ് തൂണ് സ്ഥാപിക്കുന്നത്. റോഡ് വക്കില്‍ നിന്ന് മാറ്റി സ്ഥാപിക്കാന്‍ റെയില്‍വേയുടെ തന്നെ സ്വന്തം സ്ഥലമുണ്ടെങ്കിലും റോഡിന്റെ ഓരം കുഴിച്ച് തൂണ് സ്ഥാപിക്കുന്നതില്‍ നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ട്.
ഇളമ്ബള്ളൂരിലും ഇതാണ് സ്ഥിതി. ഇവിടെ വാട്ടര്‍ അതോറിറ്റിയുടെ രണ്ട് കുടിവെള്ള പൈപ്പുകളുടെ മധ്യഭാഗത്താണ് ഇരുമ്ബുതൂണ് സ്ഥാപിക്കുന്നത്. കുടിവെള്ളപൈപ്പ് കോണ്‍ക്രീറ്റിടുകയും ചെയ്തിട്ടുണ്ട്. വാട്ടര്‍ അതോറിട്ടിയുടെ അറ്റകുറ്റപ്പണി ഇവിടെ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.