Friday, May 3, 2024
HomeEditorialഅന്ന് 10 രൂപയ്ക്ക് ഫുള്‍ ഫിറ്റ് ; ഇന്നോ ? ; നാട്ടിലെ ഫ്രഷ് ന്യൂസ്

അന്ന് 10 രൂപയ്ക്ക് ഫുള്‍ ഫിറ്റ് ; ഇന്നോ ? ; നാട്ടിലെ ഫ്രഷ് ന്യൂസ്

നൂറ് മില്ലി ചാരായം 5 രൂപയ്ക്ക് കിട്ടുന്ന സുവര്‍ണകാലം പഴയകാല മദ്യപാനികളുടെ ഓര്‍മ്മയിലുണ്ടാകും 200 ഗ്രാം. പട്ടയും സോഡയും മുട്ടയും സിഗരറ്റും  15 രൂപ തികച്ചും വേണ്ടാത്ത ആ കാലം .

തൃശൂരിലെ ഇരിങ്ങാലക്കുടയിലെ രഘുവിന്റെ വീട് ഒരു സ്പിരിറ്റ് ഫാക്ടറി ! ഒരു കുപ്പി സ്പിരിറ്റില്‍  ചൂടാക്കി തണുപ്പിച്ച ആറു കുപ്പി വെള്ളം ചേര്‍ത്താല്‍ പഴയകാലത്തെ ഒന്നാന്തരം ചാരായമായി . അതെ എ.കെ ആന്റണി   നിരോധിച്ച ചാരായം തന്നെ . മദ്യപിക്കുന്നവര്‍ക്ക് രഘു രഹസ്യമായി സാധനം എത്തിച്ചു കൊടുക്കുമായിരുന്നു . ഗതകാലസ്മരണകളുയര്‍ത്തി ഇപ്പോഴും പട്ടയും മുട്ടയും കഴിച്ചു കൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുടയിലെ മദ്യപാനികളെ സങ്കടപ്പെടുത്തി കൊണ്ട് രഘുവിനെ എക്‌സൈസുകാര്‍ പിടികൂടി പോലും !

ഇലക്ഷന്റെ ഗുണം :

തുടര്‍ച്ചയായി രണ്ടാം ദിവസവും പെട്രോള്‍ / ഡീസല്‍ വില കൂടി . പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും  ലിറ്ററിന് പിന്നെയും കൂടി ഇനി ഇത് കൂടിക്കൊണ്ടേയിരിക്കും ഈ വിലക്കയറ്റം നിലയ്ക്കണമെങ്കില്‍  ഇലക്ഷന്‍ വരണം ഇലക്ഷനെകൊണ്ട് അങ്ങനെയും ഉണ്ട് ഒരു ഗുണം . സി.എന്‍.ജി ഇന്ധനമാകട്ടെ  കിട്ടാനുമില്ല

വാര്‍ഷിക പരീക്ഷ :

ഒന്‍പതാം ക്ലാസ് വരെ പഠിക്കുന്ന കേരളത്തിലെ കൊച്ചുമക്കള്‍ 34 ലക്ഷമുണ്ട് . അവര്‍ക്കിന്ന് വാര്‍ഷിക പരീക്ഷ തുടങ്ങുന്നു . അത് കഴിഞ്ഞാല്‍ വലിയ സ്‌കൂള്‍ പൂട്ടായി . കളിച്ചു തിമിര്‍ക്കാന്‍ 2 മാസം – പരീക്ഷാ ചൂടിലും മനസ്സിലൊരു വേനല്‍ മഴ .

മനസ്സാന്തര വഴികള്‍ : 

കോണ്‍ഗ്രസുകാര്‍ സില്‍വര്‍ ലൈനിന്റെ പേരില്‍ കേരളം ഇളക്കി മറിക്കുമ്പോള്‍ സി.പി.എമ്മുകാര്‍ എന്ത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത് അറിയാമോ ? കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി അവര്‍ക്കുള്ള തെറ്റിദ്ധാരണകള്‍ പറഞ്ഞു മനസിലാക്കും അതോടെ തീരും കോണ്‍ഗ്രസിന്റെ ഗ്യാസ് – ഇത് പറയുന്നത് സാക്ഷാല്‍ കോടിയേരി . സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയാണ് കോണ്‍ഗ്രസുകാര്‍ സമരം നടത്തി പോലീസിനെ പ്രകോപിപ്പിക്കുന്നത് , പോലീസ് അനങ്ങില്ല  സംയമനം പാലിക്കാന്‍ പോലീസിനോട് പറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു .

കിട്ടിയ ഭൂമിയുടെ കഥ :

പാലക്കാട് അട്ടപ്പാടിയില്‍ 57 ഭൂരഹിതരായ ആദിവാസികള്‍ക്ക് ഓരോ ഏക്കര്‍ ഭൂമിക്ക് പട്ടയം നല്‍കിയിട്ട് മാസങ്ങളായി . ഇത് വരെ ഭൂമി അളന്നു നല്‍കിയിട്ടില്ല , സുപ്രീം കോടതി നിര്‍ദ്ദേശിച്ചു കിട്ടിയ ഭൂമിയുടെ കഥയാണിത് .

പെരുച്ചാഴികള്‍ :

വെച്ചൂര്‍ പുതുക്കരി പാടത്ത് പെരുച്ചാഴി ശല്യം . വിളവെടുപ്പിന് മുന്‍പ് പെരുച്ചാഴികള്‍ കൂട്ടത്തോടെ ഇറങ്ങുന്നു  വിത്തിറക്കും മുന്‍പ് പണ്ടൊക്കെ ഒരു പ്രത്യേക തരം രാസവളം പാടത്ത് വിതറാറുണ്ടായിരുന്നു  കൃഷി വകുപ്പ് അത് നിരോധിച്ചതോടെയാണ് പെരുച്ചാഴി ശല്യം കൂടിയതെന്ന് കര്‍ഷകര്‍ .

ഉള്ളതും ഇല്ലേ ?

സര്‍ക്കാര്‍ പ്രീപ്രൈമറി അധ്യാപകര്‍ക്ക് നേരത്തെ തന്നെ  ശമ്പളം വളരെ കുറവാണ് . ശമ്പളം കൂട്ടി കിട്ടാന്‍ ചിലേടത്ത് സമരങ്ങള്‍ തുടങ്ങിയിരുന്നു . കിട്ടുന്ന തുച്ഛം പണം കൊണ്ടെങ്ങനെ വീട് പുലര്‍ത്തും എന്നായിരുന്നു അവരുടെ പരാതി . മൂന്നു മാസമായി ആ പാവങ്ങള്‍ക്ക് ഉള്ള ശമ്പളവും കിട്ടുന്നില്ല .

 സബ്സിഡി :

പാചകവാതകം ഉപയോഗിക്കുന്ന വീട്ടമ്മമാര്‍ക്ക് മോദിജി സബ്സിഡി പ്രഖ്യാപിച്ചു അത് കിട്ടുന്നത് പ്രധാനമന്ത്രി ഉജ്ജ്വല യോജനാ പ്രകാരമുള്ള 8 കോടി ഉപഭോക്താക്കള്‍ക്ക് മാത്രം 22 കോടി ഉപഭോക്താക്കള്‍ക്ക് അങ്ങനെയൊരു സബ്സിഡി കിട്ടുന്നേയില്ല .

കാട്ടാനകള്‍ കൂട്ടത്തോടെ :

കാട് വേനലില്‍ വരണ്ടതോടെ തീറ്റയും വെള്ളവും തേടി കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് . പാലക്കാട്ടെ കഞ്ചിക്കോട്ടെ ഒരു കര്‍ഷകന്റെ 600 കദളി വാഴകള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു നാനാവിധമാക്കി . തൃശൂര്‍ പാലപ്പെട്ടി എസ്റ്റേറ്റിലെ കാട്ടാനകളുടെ എണ്ണമെടുത്തതാണ് പുതിയ വിവരം ഇപ്പോഴവിടെ 42 കാട്ടാനകള്‍ . എസ്റ്റേറ്റിലെ ടാപ്പിംഗ് അതോടെ തകരാറിലായി .

മീനാക്ഷി പശു :

ഫറോക്കിലെ കെ.എം ബഷീറിന്റെ മീനാക്ഷി പശുവിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു കൊച്ചു കുറിപ്പ് . ബഷീറിന്റെ തൊഴുത്തില്‍ മീനാക്ഷി മാത്രമല്ല വിവിധ ഇനം പശുക്കളുണ്ട് , മീനാക്ഷിയെ ആന്ധ്രയില്‍ നിന്നാണ് വാങ്ങിക്കൊണ്ടു വന്നത് , മീനാക്ഷി ഇതിനിടെ ഒന്ന് പെറ്റു കുട്ടി ചത്ത് പോയി .

വാല്‍ക്കഷ്ണം : ആലുവയിലെ ലോട്ടറി വില്പനക്കാരി സ്മിതയാണ് താരം . ഒരു ചേച്ചി പതിവായി ഫോണില്‍ വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാറുണ്ട് . സ്മിത ചേച്ചിക്ക് ഒരു ടിക്കറ്റ് മാറ്റി വച്ചു . അതിന് 25 ലക്ഷം സമ്മാനം കിട്ടിയ കാര്യം ആ ചേച്ചിയോട് സ്മിത വിളിച്ചു പറഞ്ഞു . ചേച്ചി മാത്രമല്ല എല്ലാവരും ഞെട്ടി 25 ലക്ഷം മുന്നിലെത്തിയിട്ടും സ്മിത വാക്ക് തെറ്റിച്ചില്ല . സ്മിത ഇപ്പോള്‍ വൈറല്‍ .

കെ.എ. ഫ്രാന്‍സിസ് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular