Saturday, May 18, 2024
HomeAsiaഅവസാന പന്തിൽ നാണം കെട്ട് ഇമ്രാൻ പുറത്ത്

അവസാന പന്തിൽ നാണം കെട്ട് ഇമ്രാൻ പുറത്ത്

ഇമ്രാൻ ഖാൻ അവിശ്വാസ വോട്ടെടുപ്പിൽ തോറ്റു പുറത്തു പോകുന്ന ആദ്യത്തെ പാക്ക് പ്രധാനമന്ത്രിയായി. ഭരണഘടനയെയും സുപ്രീം കോടതിയെയും പാക്കിസ്ഥാനിൽ കരുത്തരായ സൈന്യത്തെയും വെല്ലുവിളിച്ചു ‘അവസാന പന്തു വരെ കളിക്കും’ എന്ന് പ്രഖ്യാപിച്ച ക്രിക്കറ്റ് ഹീറോയെ കോടതിയും സൈനിക നേതൃത്വവും കൂടി പൂട്ടിക്കെട്ടി.

റമദാൻ നമസ്കാരങ്ങൾക്കും ഇഫ്ത്തറിനുമൊക്കെയായി പലകുറി പിരിഞ്ഞു ദേശീയ അസംബ്ളിയിൽ ശനിയാഴ്ച്ച കടന്നു പോയപ്പോൾ ഞായറാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് ചരിത്രം കുറിച്ച അവിശ്വാസ വോട്ടെടുപ്പ് നടന്നത്. 342 അംഗങ്ങളുള്ള സഭയിൽ ഭൂരിപക്ഷത്തിനു 172 വേണമെന്നിരിക്കെ 174 അംഗങ്ങൾ ഇമ്രാന്റെ പേരിൽ അവിശ്വാസം രേഖപ്പെടുത്തി വോട്ട് ചെയ്തു. അദ്ദേഹത്തിന്റെ പി ടി ഐ യും സഖ്യകക്ഷികളും വോട്ടെടുപ്പിന് മുൻപ് ഇറങ്ങിപ്പോയി.

അതിനു മുൻപ് പാർലമെന്റിനു ചുറ്റും സൈനിക വാഹനങ്ങൾ അണിനിരന്നിരുന്നുവെന്നു ഇസ്ലാമാബാദിൽ നിന്നു മാധ്യമ സുഹൃത്തുക്കൾ റിപ്പോർട്ട് ചെയ്യുന്നു. ഇമ്രാന്റെ ഔദ്യോഗിക വസതിക്കു സമീപം സൈനിക ഹെലികോപ്റ്ററുകളും കണ്ടു. സൈനിക മേധാവി ജനറൽ ജാവേദ് ബാജ്‌വ പ്രധാനമന്ത്രിയുടെ വസതിയിൽ എത്തി.

സഭയിൽ ഹാജരാവാതെ വോട്ടെടുപ്പു നീട്ടാൻ പല അടവുകൾ ഇമ്രാൻ പയറ്റുന്നതിനിടെ രാത്രി വൈകി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമർ ബന്ദിയാൽ കോടതി തുറന്നു. ഭരണഘടനയെ മാനിച്ചു വോട്ടെടുപ്പു നടത്തിയേ തീരൂ എന്ന് അദ്ദേഹം സ്‌പീക്കറെ അറിയിച്ചു. സ്‌പീക്കർ അസദ് ഖൈസർ ഉടൻ രാജി വച്ച് പ്രതിപക്ഷ പാക്കിസ്ഥാൻ മുസ്ലിം ലീഗിന്റെ (പി എം എൽ-എൻ) അയാസ്  സാദിക്കിനെ ചുമതല ഏൽപിച്ചു.

വോട്ടെടുപ്പിനു വിസമ്മതിച്ചാൽ സ്പീക്കറെയും ഡെപ്യൂട്ടിയെയും അറസ്റ്റ് ചെയ്യാൻ തടവുകാരെ കൊണ്ട് പോകുന്ന സൈനിക വാഹനം പാർലമെന്റിനു പുറത്തു എത്തിയിരുന്നു. വിമാനത്താവളങ്ങളിൽ ജാഗ്രത ഉയർത്തി. ഒരു മുൻ മന്ത്രിയും സർക്കാർ ഉദ്യോഗസ്ഥരും രാജ്യം വിട്ടു പറക്കാൻ പാടില്ലെന്നു വിമാനത്താവളങ്ങളിൽ നിർദേശം ലഭിച്ചു.

കാര്യങ്ങൾ കൈവിട്ടു എന്ന്  ഉറപ്പായതോടെ ഇമ്രാൻ ഔദ്യോഗിക വസതി ഒഴിഞ്ഞു ബനിഗളയിലെ സ്വന്തം വീട്ടിലേക്കു പോയി. വോട്ടെടുപ്പിനു മുൻപ് അദ്ദേഹം അധികാരം ഒഴിഞ്ഞെങ്കിലും സുപ്രീം കോടതിയുടെ ഉത്തരവ് മാനിച്ചു പാർലമെന്റ് വോട്ടെടുപ്പ് നടത്തി.

നാണം കെട്ടു

നവ പാക്കിസ്ഥാന്റെ വാഗ്‌ദാനവുമായി 2018 ൽ അധികാരത്തിൽ വന്ന ഇമ്രാൻ നാണം കെട്ടാണ് ഇറങ്ങി പോകുന്നത്. പാക്കിസ്ഥാന് എക ക്രിക്കറ്റ് ലോക കപ്പ് നേടിക്കൊടുത്ത പരിവേഷം അദ്ദേഹത്തിനു രാഷ്ട്രീയത്തിൽ തിളക്കം നൽകിയപ്പോൾ സൈനിക നേതൃത്വവും ഹീറോയെ പിന്തുണച്ചിരുന്നു.

വോട്ടെടുപ്പ് ഒഴിവാക്കാൻ അമേരിക്കയുടെ ഗൂഢാലോചനയും ഭീഷണിയുമൊക്കെ കഥകളാക്കുമ്പോൾ പക്ഷെ ഇമ്രാന് അടവ് പിഴച്ചു. യു എസ് പല്ലും നഖവും നൽകിയ പാക്ക് സൈന്യത്തിനു അമേരിക്കൻ വിരുദ്ധ നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ല എന്നത് വെറും വസ്‌തുത മാത്രം.

റഷ്യ യുക്രൈനിൽ ആക്രമണം തുടങ്ങിയ ദിവസം ഇമ്രാൻ മോസ്കോയിൽ പുട്ടിനുമായി കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു. ചൈനയ്ക്കു ബദലായി ഇന്ത്യയെ കാണുന്ന അമേരിക്കയ്ക്ക് സ്വീകരിക്കാൻ കഴിയാത്ത ഒരു റഷ്യ-ചൈന-പാക്ക് അച്ചുതണ്ട് രൂപം കൊള്ളാൻ പാക്ക് സൈന്യം കൂട്ട് നിൽക്കില്ല എന്നു സൂചനകൾ വന്നു. അമേരിക്ക തന്നെ നീക്കാൻ ഗൂഢാലോചന നടത്തിയെന്നും ഭീഷണിപ്പെടുത്തി എന്നും മറ്റും ഇമ്രാൻ പറഞ്ഞപ്പോൾ അതെല്ലാം അസത്യമാണെന്നു സൈന്യത്തിന് തുറന്നു പറയേണ്ടി വന്നു.

പ്രതിപക്ഷത്തിന്റെ അംഗസംഖ്യ വർധിച്ചു കൊണ്ടിരുന്നപ്പോൾ സൈന്യം പക്ഷെ നിഷ്‌പക്ഷത അവലംബിച്ചു ഭരണഘടനയെ മാനിച്ചു നില്കുന്നു എന്ന് വ്യക്തമാക്കി.

കുത്തനെ കയറുന്ന അവശ്യസാധന വിലകളിൽ രോഷം പൂണ്ട ജനത്തിന് പുതിയൊരു ഭരണം എന്തെങ്കിലും രക്ഷാ മാർഗം തുറന്നു കൊടുക്കുമെന്ന പ്രതീക്ഷയാണുള്ളത്. രൂപയുടെ മൂല്യം കുത്തനെ ഇടിയുമ്പോൾ രാജ്യം കടുത്ത കടക്കെണിയിലുമാണ്.

2018 ജൂലൈയിൽ 342 അംഗ പാർലമെന്റിൽ 149 സീറ്റ് നേടിയാണ് പി ടി ഐ അധികാരത്തിൽ എത്തുന്നത്. എണ്ണം തികയ്ക്കാൻ പി എം ൽ – ക്യൂ, എം ക്യൂ എം-പി, ബി എ പി എന്നീ കക്ഷികളും കൂടി. ഓഗസ്റ്റ് 18 നു സ്ഥാനമേറ്റ ഇമ്രാൻ 1,322 ദിവസമാണ് ഭരിച്ചത്.

ഇപ്പോൾ ഇമ്രാനെ ഇറക്കാൻ മതനേതാക്കളൂം സോഷ്യലിസ്റ്റുകളുമൊക്കെ കൂടിച്ചേർന്ന പ്രതിപക്ഷ നേതൃനിരയിൽ പി എം എൽ-എൻ തന്നെ പ്രമുഖ കക്ഷി. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി പി പി) കൂടി ചേരുമ്പോൾ ശക്തമാവുന്നു പ്രതിപക്ഷ നിര.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular