Sunday, May 19, 2024
HomeUSAമാർ ജോയി ആലപ്പാട്ട് രൂപതാധ്യക്ഷനായി ഒക്ടോബർ ഒന്നിന് സ്ഥാനമേൽക്കും

മാർ ജോയി ആലപ്പാട്ട് രൂപതാധ്യക്ഷനായി ഒക്ടോബർ ഒന്നിന് സ്ഥാനമേൽക്കും

ന്യൂയോര്‍ക്ക്: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷനായി മാര്‍ ജോയി ആലപ്പാട്ട് ഒക്‌ടോബര്‍ ഒന്നിന് സ്ഥാനമേല്‍ക്കും. സ്ഥാനാരോഹണത്തിന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിക്കും.

സ്ഥാനമൊഴിയുന്ന ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ചിക്കാഗോയില്‍ തന്നെ വിശ്രമ ജീവിതം നയിക്കുമെന്നു മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു. രൂപതാധ്യക്ഷനായി സ്ഥാനമേല്‍ക്കുമ്പോള്‍ എന്തൊക്കെ പുതിയ കാര്യങ്ങള്‍ കൊണ്ടുവരുമെന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ല.

നിയമന വാര്‍ത്ത വന്ന ഇന്നലെ ന്യൂയോര്‍ക്കിലെ എല്‍മോണ്ടില്‍ വിവിധ ക്രിസ്ത്യന്‍ സഭകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേയില്‍ അദ്ദേഹം പങ്കെടുത്തു. ദുക്‌റാന തിരുനാള്‍ ദിനമായ ഇന്നലെ ഇന്ത്യയിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളിലുള്ള ദുഖം രേഖപ്പെടുത്താനും ഇന്ത്യന്‍ ക്രൈസ്തവ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമായിരുന്നു ക്രിസ്ത്യന്‍ ദിനം അഥവാ യേശുഭക്തി ദിവസ് സംഘടിപ്പിച്ചത്. ഇന്റത്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള ക്രൈസ്തവർ ഒത്തുകൂടിയത് അവിസ്മരണീയ അനുഭവമായി (റിപ്പോർട്ട് പിന്നാലെ)

ന്യൂയോര്‍ക്കിലും ചിക്കാഗോയിലും എക്യൂമെനിക്കല്‍ ചടങ്ങുകളില്‍ പങ്കെടുത്തെങ്കിലും ഇത്തരമൊന്നില്‍ ആദ്യമായിട്ടാണ് പങ്കെടുക്കുന്നതെന്ന് ബിഷപ്പ് ആലപ്പാട്ട്  പറഞ്ഞു. സെന്റ് തോമസ് ദിനത്തിലുള്ള ഈ ഒത്തുകൂടല്‍ സുപ്രധാനമാണ്. തോമാശ്ശീഹായുടെ മിഷന്‍ പ്രവര്‍ത്തനം വഴിയാണ് നാം ക്രൈസ്തവ ജനതയാകുന്നത്. ഇന്ത്യയുടെ വികാസത്തിന് ക്രൈസ്തവര്‍ നല്‍കിയ സംഭാവന വലിയ വിലമതിക്കാത്തതാണ്.

ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നതില്‍ നാം ദുഖിതരാണ്. പ്രാര്‍ത്ഥനയാണ് അതിനെതിരേ നമ്മുടെ ആയുധം. ക്രൈസ്തവ വിശ്വാസം  രക്തസാക്ഷിത്വത്തിന് നമ്മെ ശക്തരാക്കുന്നു. ഇത്തരം പീഡനങ്ങള്‍ ഉണ്ടാവുമെന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്. എങ്കിലും അവിടുന്ന് എപ്പോഴും നമ്മുടെ കൂടെ ഉണ്ടാവുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. അതിനാൽ ഭയപ്പെടേണ്ടതില്ല.

പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ നാം മടിക്കാറില്ല. എന്നാല്‍ അനീതി മൂലമുണ്ടാകുന്ന പീഡനം അംഗീകരിക്കാനാവില്ല. അതു നാം ചോദ്യംചെയ്യണം. സ്വന്തം ജീവിതത്തിലൂടെയും മരണത്തിലൂടെയും തോമാശ്ശീഹാ നമുക്ക് പാത കാണിച്ചുതന്നിട്ടുണ്ട്. അതിനാല്‍ നമ്മുടെ വിശ്വാസത്തെ നാം ശക്തിപ്പെടുത്തണം.

ബൈബിളിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് സെന്റ് തോമസ്. പ്രത്യേകിച്ച് യോഹന്നാന്റെ സുവിശേഷത്തില്‍. അവിടെ മൂന്നുതവണ സെന്റ് തോമസിനെപ്പറ്റി പറഞ്ഞിരിക്കുന്നു. ചാപ്റ്റര്‍ 11-ല്‍ മാര്‍തായുടേയും മേരിയുടേയും കുടുംബത്തെ ആശ്വസിപ്പിക്കാന്‍ തോമസ് എത്തുന്നു. സഹോദരന്‍ ലാസര്‍ മരിച്ച ദുഖത്തിലാണവര്‍. തോമസ് ആണ് യേശുവിനെ ബഥനി സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിക്കുന്നത്. യേശു വന്നപ്പോള്‍ ഒരു അത്ഭുതത്തിന് തോമസും സാക്ഷിയായി.

സെന്റ് തോമസിന്റെ ധീരത ബൈബിളില്‍ നാം കാണുന്നു. എന്നാല്‍ ഇന്നത്തെ ക്രൈസ്തവരില്‍ ആ ധൈര്യം കൈമോശം വന്നിരിക്കുന്നു. ക്രിസ്തുവിനെ സാക്ഷ്യംവഹിക്കാന്‍ നാം ധൈര്യം കാണിക്കുന്നില്ല.

അതുപോലെ നമുക്ക് ഐക്യമില്ല. നാം പരസ്പരം പോരടിക്കുന്നു. അതിനു പകരം പ്രാര്‍ത്ഥനയോടെ നാം ക്രിസ്തുവിന് സാക്ഷ്യംവഹിക്കാന്‍ സന്നദ്ധരാകണം- അദ്ദേഹം പറഞ്ഞു.

മേരി ഫിലിപ് ബിഷപ്പിനെ പരിചയപ്പെടുത്തി. ഫിയക്കൊനയുടെ നേതൃത്വത്തിൽ നടന്ന  ഉജ്വല സമ്മേളനത്തിന് പ്രസിഡന്റ് കോശി ജോർജ്, കോശി തോമസ്, ജോർജ് എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular