Friday, May 3, 2024
HomeIndiaമാതാപിതാക്കളില്‍നിന്ന് പണം തട്ടാന്‍ അമേരിക്കന്‍ യുവതിയുടെ തട്ടിക്കൊണ്ടുപോകല്‍ നാടകം

മാതാപിതാക്കളില്‍നിന്ന് പണം തട്ടാന്‍ അമേരിക്കന്‍ യുവതിയുടെ തട്ടിക്കൊണ്ടുപോകല്‍ നാടകം

ന്യൂഡല്‍ഹി: മാതാപിതാക്കളില്‍നിന്ന് പണം തട്ടാന്‍ 27കാരിയായ അമേരിക്കന്‍ യുവതിയുടെ തട്ടിക്കൊണ്ടുപോകല്‍ നാടകം.

കൈയിലുള്ള പണം തീര്‍ന്നതോടെയാണ് ക്ലോ മക്ലാഗ്ലിന്‍ എന്ന യുവതി കാമുകന്റെ സഹായത്തോടെ നാടകം ഒരുക്കിയതെന്ന് പൊലീസ് പറഞ്ഞു.

മേയ് മൂന്നിനാണ് യുവതി ഡല്‍ഹിയില്‍ എത്തിയത്. യു.എസിലെ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ഇവരുടെ കുടുംബം വാഷിങ്ടണ്‍ ഡി.സിയിലാണ് താമസിക്കുന്നത്. ജൂലൈ ഏഴിന് മക്ലാഗ്ലിന്‍ മാതാവിനെ വിളിച്ച്‌ താന്‍ സുരക്ഷിതയല്ലെന്നും തനിക്ക് അറിയാവുന്ന ഒരാള്‍ ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നും അറിയിച്ചു. എന്നാല്‍ എവിടെയാണ് ഉള്ളതെന്ന് വെളിപ്പെടുത്തിയില്ല. ഇതോടെ മാതാവ് ഇന്ത്യന്‍ അധികൃതരെ സമീപിച്ചു. യു.എസ് എംബസി വിഷയം ന്യൂഡല്‍ഹി ജില്ല പൊലീസിന് കൈമാറി.

ജൂലൈ 10ന്, മക്ലാഗ്ലിന്‍ വീണ്ടും അമ്മയുമായി വാട്ട്‌സ്‌ആപ് വിഡിയോ കോള്‍ വഴി സംസാരിച്ചു. ഇതിനിടെ ഒരാള്‍ മുറിയില്‍ പ്രവേശിക്കുകയും കോള്‍ കട്ടാക്കുകയും ചെയ്തു. വിഡിയോ കോള്‍ ചെയ്യുമ്ബോള്‍ യുവതി മറ്റൊരാളുടെ വൈഫൈ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ ഐ.പി വിലാസവുമായി ബന്ധപ്പെട്ട മൊബൈല്‍ നെറ്റ്‌വര്‍ക്കും ട്രാക്ക് ചെയ്തു. ഇത് ഗുരുഗ്രാമില്‍ താമസിക്കുന്ന നൈജീരിയന്‍ പൗരനായ ഒകോറോഫോര്‍ ചിബുകെ ഒകോറോ (31) എന്നയാളില്‍ എത്തിച്ചു. ഗ്രേറ്റര്‍ നോയിഡയിലാണ് യുവതി താമസിക്കുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് മക്ലാഗ്ലിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡല്‍ഹിയിലെത്തി ഏതാനും ദിവസങ്ങള്‍ക്കകം പണം തീര്‍ന്നതിനെ തുടര്‍ന്നാണ് താനും ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകന്‍ ഒകോറോയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍ നാടകം ആസൂത്രണം ചെയ്തതെന്ന് യുവതി മൊഴി നല്‍കി. ഇരുവരുടെയും പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ചതായും പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular