Friday, May 3, 2024
HomeIndiaസവര്‍ക്കറെ പ്രകീര്‍ത്തിച്ച്‌ കര്‍ണാടകയിലെ പാഠപുസ്തകം: അതിശയോക്തി ഭാഗങ്ങള്‍ വിശദീകരിക്കുന്നത് പ്രയാസം; വിമര്‍ശനവുമായി അധ്യാപകര്‍

സവര്‍ക്കറെ പ്രകീര്‍ത്തിച്ച്‌ കര്‍ണാടകയിലെ പാഠപുസ്തകം: അതിശയോക്തി ഭാഗങ്ങള്‍ വിശദീകരിക്കുന്നത് പ്രയാസം; വിമര്‍ശനവുമായി അധ്യാപകര്‍

ബംഗളൂരു: ഹിന്ദുത്വ ആശയപ്രചാരകനും ആര്‍.എസ്.എസ് നേതാവുമായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറെ പ്രകീര്‍ത്തിച്ച്‌ കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ അധ്യായം ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനവുമായി അധ്യാപകര്‍.

‘ബുള്‍ ബുള്‍ പക്ഷിയുടെ ചിറകിലേറി സവര്‍ക്കര്‍ നിത്യേന മാതൃരാജ്യം സന്ദര്‍ശിച്ചു’ എന്നതടക്കമുള്ള അധ്യായത്തിലെ അതിശയോക്തി നിറഞ്ഞ ഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു നല്‍കുക പ്രയാസമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

വസ്തുത ആഖ്യാനമായി വരുന്ന പാഠഭാഗത്ത് ഭാവന നിറഞ്ഞ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചത് ഉചിതമായില്ലെന്നാണ് അഭിപ്രായം. സവര്‍ക്കറുടെ ചിത്രം സ്വാതന്ത്ര്യദിനത്തില്‍ കര്‍ണാടകയില്‍ പലയിടത്തും പ്രദര്‍ശിപ്പിക്കുകയും ഗണേശോത്സവത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് പുതിയ വിവാദം ഉയര്‍ന്നത്. രോഹിത് ചക്രതീര്‍ഥ അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തില്‍ പരിഷ്കരിച്ച എട്ടാം ക്ലാസിലെ കന്നഡ രണ്ടാം പാഠപുസ്തകത്തിലാണ് വിവാദ അധ്യായം. ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗെവാറിന്റെ പ്രസംഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതടക്കമുള്ള വിവാദങ്ങളില്‍ ഈ പാഠപുസ്തക സമിതി ഉള്‍പ്പെട്ടിരുന്നു. വിദ്യാഭ്യാസ രംഗത്തേക്ക് ആര്‍.എസ്.എസ് അജണ്ടകള്‍ ഒളിച്ചുകടത്തുകയാണെന്നാണ് വിമര്‍ശനം.

എട്ടാം ക്ലാസിലെ കന്നഡ രണ്ടാം പാഠപുസ്തകത്തില്‍ വിജയമാല രംഗനാഥ് എഴുതിയ ‘ബ്ലഡ് ഗ്രൂപ്’ എന്ന പാഠത്തിന് പകരമാണ് എഴുത്തുകാരനായ കെ.ടി. ഗട്ടിയുടെ യാത്രാവിവരണമായ ‘കാലവന്നു ഗെഡ്ഡ്‍വരു’ (കാലത്തെ അതിജയിച്ചവര്‍) എന്ന അധ്യായം ഉള്‍പ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ സവര്‍ക്കറെ 1911 മുതല്‍ 1924 വരെ തടവില്‍ പാര്‍പ്പിച്ചിരുന്ന അന്തമാന്‍ സെല്ലുലാര്‍ ജയിലിനെ കുറിച്ചുള്ള വിവരണമാണ് അധ്യായത്തിന്റെ ഉള്ളടക്കം. ഈ ജയില്‍ ഗട്ടി സന്ദര്‍ശിച്ചിരുന്നു. ഈ അധ്യായത്തില്‍ സവര്‍ക്കറെ പലയിടത്തും പ്രകീര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞദിവസം ഈ പാഠഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് വിവാദം വാര്‍ത്തകളിലിടം നേടിയത്. വിഷയത്തില്‍ കര്‍ണാടക പാഠപുസ്തക സമിതിക്ക് (കെ.ടി.ബി.എസ്) നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ‘സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ ഒരു താക്കോല്‍പഴുതുപോലുമുണ്ടായിരുന്നില്ല. എന്നാല്‍, ബുള്‍ ബുള്‍ പക്ഷികള്‍ പതിവായി അദ്ദേഹത്തിന്റെ സെല്ലില്‍ വരുമായിരുന്നു. എന്നിട്ട് സവര്‍ക്കര്‍ അവയുടെ ചിറകിലേറി പുറത്തേക്ക് പറന്ന് എല്ലാ ദിവസവും മാതൃരാജ്യം സന്ദര്‍ശിക്കുമായിരുന്നു’- അധ്യായത്തില്‍ ഇങ്ങനെ പറയുന്നു.

എഴുത്തുകാരന്‍ ആലങ്കാരികമായാണ് ഇങ്ങനെ പറയുന്നതെങ്കില്‍ തെറ്റില്ലെന്നും എന്നാല്‍, അധ്യായം വസ്തുതയായാണ് എഴുതിയിട്ടുള്ളതെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച്‌ വിദ്യാര്‍ഥികള്‍ ചോദ്യമുന്നയിക്കുകയും തെളിവുചോദിക്കുകയും ചെയ്താല്‍ വിദ്യാര്‍ഥികളോട് അധ്യാപകര്‍ എന്തു മറുപടി നല്‍കുമെന്നും അവര്‍ ചോദിച്ചു. അധ്യായത്തിലെ വിവാദ ഭാഗം ആലങ്കാരികമായി എഴുതിയതാണെന്ന് കാണാനാവില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ ഐ.ടി-ബി.ടി മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

എന്നാല്‍, പാഠഭാഗത്തെ ന്യായീകരിച്ച്‌ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് തന്നെ രംഗത്തെത്തി. സവര്‍ക്കര്‍ മഹാനായ സ്വാതന്ത്ര്യ സമരസേനാനിയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ എങ്ങനെ പ്രകീര്‍ത്തിച്ചു എന്നത് വിഷയമല്ല. അദ്ദേഹത്തിന്റെ ത്യാഗത്തിന് ആ പ്രകീര്‍ത്തനം മതിയാവില്ല. എന്താണോ എഴുത്തുകാരന്‍ ആ അധ്യായത്തില്‍ വിവരിച്ചത് അത് ശരിയാണെന്നും അദ്ദേഹം വാദിച്ചു.

എന്നാല്‍, 1924ല്‍ അന്തമാന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവാത്തതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട സവര്‍ക്കര്‍ 1948ല്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു. പിന്നീട് മതിയായ തെളിവില്ലെന്ന് കണ്ട് കേസില്‍ അദ്ദേഹത്തെ കോടതി കുറ്റമുക്തനാക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular