Sunday, May 19, 2024
HomeUSAസാൻഡി ഹൂക് കുടുംബങ്ങൾക്ക് നുണ പ്രചാരകൻ $1 ബില്യൺ നൽകണം

സാൻഡി ഹൂക് കുടുംബങ്ങൾക്ക് നുണ പ്രചാരകൻ $1 ബില്യൺ നൽകണം

സാൻഡി ഹൂക് സ്കൂൾ കൂട്ടക്കൊല യുഎസ്  ഭരണകൂടത്തിന്റെ തട്ടിപ്പു നാടകം ആയിരുന്നുവെന്ന കഥ പ്രചരിപ്പിച്ച വലതു പക്ഷ തീവ്രവാദി അലക്സ് ജോൺസ്‌ കൊല ചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് ഒരു ബില്യനോളം ഡോളർ നൽകണമെന്നു കനെറ്റിക്കറ്റ് ജൂറി വിധിച്ചു. ‘ഇന്ഫോവാർസ്’  എന്ന വെബ്സൈറ്റിലും റേഡിയോയിലും നടത്തിയ നുണ പ്രചാരണം തങ്ങളുടെ കുടുംബങ്ങൾക്ക് തീരാവേദനയായി എന്നാരോപിച്ചു  മരിച്ച 15 കുട്ടികളുടെ മാതാപിതാക്കൾ സമർപ്പിച്ച പരാതിയിലാണ് 965 മില്യൺ ഡോളർ നൽകണമെന്ന തീർപ്പ്.

കനെറ്റിക്കറ്റിലെ ന്യൂട്ടണിലുള്ള സാൻഡി ഹൂക് എലമെന്ററി സ്കൂളിൽ 2012 ഡിസംബർ 14 നു 20 കുട്ടികളും ആറു മുതിർന്നവരുമാണ് ആഡം ലാൻസ എന്നയാളുടെ വെടിയേറ്റു മരിച്ചത്. മരിച്ച കുട്ടികളെല്ലാം ഒന്നാം ഗ്രേഡിൽ പഠിക്കുന്നവർ ആയിരുന്നു.

തോക്കു നിയന്ത്രണം കൊണ്ടു വരാൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭരണകൂടം അരങ്ങേറിയ നാടകമാണ് കൂട്ടക്കൊലയെന്നു ജോൺസ്‌ പ്രചരിപ്പിച്ചു. ജോൺസ്‌ പിന്നീടു കുറ്റം സമ്മതിച്ചു മാപ്പു ചോദിച്ചെങ്കിലും ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ തീർത്തു കളയാനുള്ള ഗൂഢാലോചന നടന്നുവെന്നും ജൂറി അതിന്റെ ഭാഗമാണെന്നും അയാൾ  ആരോപിച്ചിരുന്നു.

കുടുംബങ്ങൾ അനുഭവിച്ച ദുഖത്തിന് മാപ്പൊന്നും  പരിഹാരമാവുന്നില്ലെന്ന വാദം ജൂറി അംഗീകരിച്ചു. മാനനഷ്ടം, കരുതിക്കൂട്ടി മനോവ്യഥ അടിച്ചേൽപിക്കൽ, സംസ്ഥാനത്തെ വ്യാപാര നിയമങ്ങളുടെ ലംഘനം എന്നീ കുറ്റങ്ങളാണ് ജോൺസിനെതിരെ തെളിഞ്ഞത്.

ജോൺസിന്റെ നുണകൾ 550 മില്യൺ ആളുകൾ കണ്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ ക്രിസ്റ്റഫർ മറ്റെയ് ഭീമമായ തുക പിഴയടിക്കണം എന്ന് ആവശ്യപ്പെട്ടു. “അവരുടെ ജീവിതങ്ങൾ 2012 ഡിസംബർ 14നു തകർന്നു. ഓരോ കുടുംബവും ദുഃഖത്തിൽ മുങ്ങിത്താഴുമ്പോൾ ജോൺസ്‌ അയാളുടെ കാൽ കൊണ്ട് അവരെ ചവിട്ടി.”

കുടുംബങ്ങളുടെ ദുരിതം മുതലെടുത്തു ജോൺസ്‌ ലാഭമുണ്ടാക്കി. നുണകൾ ആവർത്തിച്ച് ദശലക്ഷക്കക്കിനു ഡോളറുകൾ അടിച്ചു കൂട്ടി. പല കുടുംബങ്ങൾക്കും നേരെ വധ ഭീഷണി വരെ ഉണ്ടായി.

ജൂറി വിധി പ്രഖ്യാപിച്ചപ്പോൾ മരിച്ച കുട്ടികളുടെ മാതാപിതാക്കൾ പലരും കരഞ്ഞു.

“ഞാൻ പാപ്പരായിരിക്കയാണ്” എന്നായിരുന്നു വിധി കേട്ട ശേഷം ജോൺസ്‌ പറഞ്ഞത്. പണം നൽകാൻ തയ്യാറില്ല എന്ന സൂചന അയാൾ നൽകി. ഒരു മാനനഷ്ട കേസ് കൂടി അയാൾക്കെതിരെ വർഷാന്ത്യത്തോടെ ടെക്സസിൽ വിചാരണയ്ക്കു വരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular