Sunday, May 19, 2024
HomeKeralaനിര്‍ണായക തെളിവായ വിഷക്കുപ്പി കാട്ടില്‍ നിന്ന് കണ്ടെടുത്തു; ഗ്രീഷ്മയുടെ വീടിനു സമീപം തടിച്ചുകൂടി ജനക്കൂട്ടം

നിര്‍ണായക തെളിവായ വിഷക്കുപ്പി കാട്ടില്‍ നിന്ന് കണ്ടെടുത്തു; ഗ്രീഷ്മയുടെ വീടിനു സമീപം തടിച്ചുകൂടി ജനക്കൂട്ടം

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍വധക്കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുളത്തിന് അടുത്തുള്ള കാട്ടില്‍ നിന്നാണ് കളനാശിനിയുടെ കുപ്പി കണ്ടെത്തിയത്.

തെളിവെടുപ്പിനിടെ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറാണ് കുപ്പി ഉപേക്ഷിച്ച സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പച്ച അടപ്പുള്ള വെളുത്ത നിറത്തിലുള്ള കുപ്പി കണ്ടെടുക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12.30-ഓടെയാണ് ഷാരോണ്‍ കൊലക്കേസില്‍ പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് ചൊവ്വാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതികളെ തിരുവനന്തപുരത്തു നിന്നും ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള തമിഴ്നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവര്‍മന്‍ ചിറയിലേക്ക് കൊണ്ടുവന്നത്.

ഷാരോണിന് കഷായത്തില്‍ ചേര്‍ത്തു നല്‍കിയ കളനാശിനിയുടെ കുപ്പി പറമ്ബിലേക്ക് എറിഞ്ഞു കളഞ്ഞെന്നും, പിന്നീട് അമ്മാവന്‍ അവിടെ നിന്നും അതെടുത്തു മാറ്റിയെന്നുമായിരുന്നു ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കിയിരുന്നത്. പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നത്.

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. കൊലപ്പെടുത്തുന്നതിനായി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് തമിഴ്‌നാട്ടിലായതിനാല്‍ തുടരന്വേഷണത്തിലെ നിയമപരമായ ആശയക്കുഴപ്പം ദുരീകരിക്കുന്നതിനാണ് നിയമോപദേശം തേടിയത്. ഷാരോണിന് വിഷം കലര്‍ന്ന കഷായം നല്‍കിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വെച്ചാണ്.

ഈ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഷാരോണ്‍ മരിച്ചത് കേരളത്തില്‍ വെച്ചാണ്. ഷാരോണ്‍ വധക്കേസില്‍ പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും കേരളത്തിലെ പാറശ്ശാല പൊലീസാണ്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തില്‍ നിയമ പ്രശ്‌നങ്ങളുണ്ടോ, തമിഴ്‌നാട് പൊലീസിന് കേസ് കൈമാറേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular