Sunday, May 19, 2024
HomeUSAട്രംപിൻറെ ജനപിന്തുണ ഏഴു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കു വീണു

ട്രംപിൻറെ ജനപിന്തുണ ഏഴു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കു വീണു

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2024 ൽ വീണ്ടും വൈറ്റ് ഹൌസ് ലക്‌ഷ്യം വയ്ക്കുന്നുവെന്നു പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിനു വോട്ടർമാർക്കിടയിലുള്ള മതിപ്പു ഏഴു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നു അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ ട്രംപിനെ ഒതുക്കാൻ കഴിയുന്ന എതിരാളികൾ പ്രബലരായിട്ടുമുണ്ട്.

ക്വിനിപ്പിയാക്ക് യൂണിവേഴ്‌സിറ്റി നടത്തിയ പോളിംഗാണു ഏറ്റവും ഒടുവിലത്തേത്. പ്രസിഡന്റ് ജോ ബൈഡന്റെ മതിപ്പു കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്നു ഏറ്റവും മികച്ച നിലയിൽ എത്തിയപ്പോൾ ട്രംപിനെ പിന്തുണയ്ക്കാൻ റജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ 31% പേർ മാത്രമേ തയാറായുള്ളൂ. അദ്ദേഹത്തെ വേണ്ട എന്നു പറയാൻ 59% പേരുണ്ട്. 2015 ജൂലൈയിൽ പ്രസിഡന്റ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത ശേഷം ഇത്ര താഴ്ന്ന ജനപിന്തുണ ട്രംപിന് ഇതാദ്യമാണ്.

സ്വതന്ത്ര വോട്ടർമാർക്കിടയിൽ 62% ട്രംപിനെ തള്ളിക്കളയുന്നതായാണ് സർവേ ഫലം. പിൻതുണ നൽകുന്നത് വെറും 25% പേർ.

എന്നാൽ റിപ്പബ്ലിക്കൻ വോട്ടർമാരിൽ 70% ഇപ്പോഴും ട്രംപിന്റെ കൂടെയുണ്ട്.

ബൈഡൻ ആവട്ടെ, 2021 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന ജനപ്രീതിയിലാണു നില്കുന്നത് —  അദ്ദേഹം കരകയറി എന്നു പറയാൻ വയ്യെങ്കിലും. അദ്ദേഹത്തിന്റെ ജോലിയിൽ 43% പേർക്ക് ഇപ്പോൾ മതിപ്പുണ്ട്. മറിച്ചുള്ള അഭിപ്രായം 49%. എന്നാൽ ഈ 43% സമീപകാലത്തെ ഏറ്റവും ഉയർന്ന പിന്തുണയാണ്. കഴിഞ്ഞ മാസം ക്വിനിപ്പിയാക്ക് സർവേയിൽ അതു 36% ആയിരുന്നു.

ബൈഡനും ട്രംപും 2024 ൽ വീണ്ടും ഏറ്റുമുട്ടുന്നതിനുള്ള സാധ്യത നിലനിൽക്കുന്നു. ബൈഡൻ ട്രംപിനെ വീണ്ടും അനായാസം തോല്പിക്കുമെന്നാണ് സർവേയുടെ വിലയിരുത്തൽ.

ഇതൊക്കെയാണെങ്കിലും ട്രംപ് കൊണ്ടുവന്ന അമേരിക്കയെ വീണ്ടും മഹത്തരമാക്കുക (മാഗാ) എന്ന ആശയത്തിന് ഇപ്പോഴും റിപ്പബ്ലിക്കൻ പാർട്ടിയിൽ പിൻതുണയുണ്ട്. പക്ഷെ അതിനെ കൊടിയേന്താൻ ട്രംപ് വേണ്ട എന്നതാണ് അഭിപ്രായം. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ആണ് പകരം പാർട്ടി അനുഭാവികൾ ചൂണ്ടിക്കാട്ടുന്ന പ്രധാന സ്ഥാനാർഥി. ബൈഡൻ മത്സരിച്ചില്ലെങ്കിൽ ഡെമോക്രാറ്റിക് സ്‌ഥാനാർഥികളാകാവുന്ന വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, കലിഫോണിയ ഗവർണർ കെവിൻ ന്യുസം എന്നിവരെയൊക്കെ തോൽപിക്കാൻ അദ്ദേഹത്തിനു കഴിയുമെന്നു പാർട്ടി കരുതുന്നു.

ക്വിനിപ്പിയാക്ക് സർവേയിൽ ബഹുഭൂരിപക്ഷവും പറയുന്നത് ട്രംപും വേണ്ട ബൈഡനും വേണ്ട എന്നാണ്. പുതിയ തലമുറയിലേക്കു ജനങ്ങൾ ഉറ്റുനോക്കുന്നു.

Trump’s support sinks to 7-year low

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular