Sunday, May 19, 2024
HomeUSAഅലാസ്‌കയ്ക്കു മീതെ 40,000 അടി ഉയരത്തിൽ കണ്ടെത്തിയ 'വസ്തു' മിസൈൽ അടിച്ചു തകർത്തു

അലാസ്‌കയ്ക്കു മീതെ 40,000 അടി ഉയരത്തിൽ കണ്ടെത്തിയ ‘വസ്തു’ മിസൈൽ അടിച്ചു തകർത്തു

യുഎസ് വ്യോമാതിർത്തിയിൽ അലാസ്‌കയ്ക്കു മീതെ 40,000 അടി ഉയരത്തിൽ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ഒരു ‘വസ്തു’ (object) വെടിവച്ചിട്ടതായി വെള്ളിയാഴ്ച പെന്റഗൺ അറിയിച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ചാണ് അതിനെ അലാസ്‌ക തീരത്തിനപ്പുറം ഒരു യുഎസ് എഫ്-22 പോർവിമാനം മിസൈൽ അടിച്ചു  തകർത്തത്.

ആറു ദിവസം മുൻപു സൗത്ത് കരളിന തീരത്തിനടുത്തു അറ്റ്ലാന്റിക്കിലേക്കു ചൈനീസ് ചാര ബലൂൺ വെടിവച്ചു വീഴ്ത്തിയതിനു പിന്നാലെയാണ് എന്താണെന്നു തിരിച്ചറിയാത്ത ഒരു വസ്തു 40,000 അടി ഉയരത്തിൽ റഡാറുകൾ കണ്ടെത്തിയത്. വിമാനങ്ങൾക്കു ഗുരുതരമായ ഭീഷണിയുണ്ടെന്നു കണ്ടതിനെ തുടർന്നാണ് അടിച്ചിടാൻ തീരുമാനിച്ചതെന്ന് പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാട്രിക് റയ്‌ഡർ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു 1.45 നായിരുന്നു നടപടി. വീഴ്ത്തിയ വസ്തു എവിടന്നു വന്നുവെന്നു വ്യക്തമായിട്ടില്ല. അതിന്റെ പ്രവർത്തനം എന്താണെന്നോ ലക്‌ഷ്യം എന്താണെന്നോ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. അതിനുള്ളിൽ മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നില്ല.

ചാര ബലൂണിനെക്കാൾ വളരെ ചെറുതാണ് ഈ വസ്തുവെന്നു  റയ്‌ഡർ പറഞ്ഞു. “ഞാൻ മനസിലാക്കുന്നത് അതിനൊരു ചെറിയ കാറിന്റെ വലുപ്പമേയുള്ളൂ. ഉള്ളിൽ കാര്യമായൊന്നും കണ്ടെത്തിയിട്ടില്ല.”

എന്നാൽ രഹസ്യ വിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനം അതിലുണ്ടോ എന്നു വ്യക്തമായിട്ടില്ലെന്നു നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. അവശിഷ്ടങ്ങൾ എടുത്തു പരിശോധിച്ചാൽ മാത്രമേ വിശദാംശങ്ങൾ ലഭ്യമാവൂ.

ചൈനയുമായി ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടില്ല. കാരണം അത്  അവരുടേതാണോ എന്ന് ഉറപ്പില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular