Saturday, May 18, 2024
HomeIndiaറാലിക്കിടെ 500 രൂപ നോട്ടുകള്‍ എറിഞ്ഞതിന് ഡി.കെ. ശിവകുമാറിനെതിരെ കേസ്

റാലിക്കിടെ 500 രൂപ നോട്ടുകള്‍ എറിഞ്ഞതിന് ഡി.കെ. ശിവകുമാറിനെതിരെ കേസ്

മാണ്ഡ്യ : മാണ്ഡ്യയില്‍ കോണ്‍ഗ്രസിന്റെ പ്രജ ധ്വനി യാത്രക്കിടെ കലാകാരന്മാര്‍ക്ക് 500 രൂപ നോട്ടുകള്‍ എറിഞ്ഞുനല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി.കെ.

ശിവകുമാറിനെതിരെ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുക്കാന്‍ മാണ്ഡ്യ കോടതി നിര്‍ദേശിക്കുകയായിരുന്നു.

മാര്‍ച്ച്‌ 28 ന് ശ്രീരംഗപട്ടണയിലെ ബേവിനഹള്ളിക്ക് സമീപം കോണ്‍ഗ്രസ് പ്രജ ധ്വനി യാത്രയിലാണ് കേസിനാസ്പദമായ സംഭവം. റാലിയില്‍ കലാപ്രകടനം കാഴ്ചവെച്ച കലാകാരന്മാര്‍ക്ക് നേരെ ശിവകുമാര്‍ 500 രൂപ നോട്ടുകള്‍ എറിയുകയായിരുന്നു. പ്രാദേശിക കോടതിയുടെ നിര്‍ദേശപ്രകാരം മാണ്ഡ്യ റൂറല്‍ പൊലീസാണ് കേസെടുത്തത്. കൂടി നിന്ന ആളുകള്‍ക്കിടയില്‍ ചിലര്‍ ദൈവവിഗ്രഹങ്ങള്‍ തലയില്‍ ചുമന്നു നില്‍ക്കുന്നുണ്ടായിരുന്നുവെന്നും വിഗ്രഹങ്ങളിലേക്കാണ് താന്‍ നോട്ടുകളെറിഞ്ഞതെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം.

അഴിമതിയില്‍ മുങ്ങിക്കുളിച്ച കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിനെ എത്രവേഗം പടിയിറക്കുന്നുവോ അതാണ് സംസ്ഥാനത്തിനും രാജ്യത്തിനും അത്രയും നല്ലതെന്ന് കഴിഞ്ഞ ദിവസം ശിവകുമാര്‍ പറഞ്ഞിരുന്നു. “കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് തയ്യാറാണ്, ഈ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ സര്‍ക്കാരിനെ പിരിച്ചുവിടുന്നത് എത്ര നേരത്തെയാകുന്നുവോ അതാണ് സംസ്ഥാനത്തിനും രാജ്യത്തിനും അത്രയും നല്ലത്. ഈ തെരഞ്ഞെടുപ്പ് വികസനോന്മുഖവും അഴിമതി രഹിത സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടിയുള്ളതായിരിക്കും” -ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു

കര്‍ണാടകയില്‍ ബി.ജെ.പി അഴിമതിയില്‍ മുങ്ങിയതായി അദ്ദേഹം ആരോപിച്ചു. “അഴിമതി അതിന്റെ പാരമ്യത്തിലായതിനാല്‍ ഈ തെരഞ്ഞെടുപ്പ് മാതൃകയാകും. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രി മോദി വായ തുറക്കുന്നില്ല. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. പാര്‍ട്ടിക്ക് വേണ്ടി മാത്രം അദ്ദേഹം ഒരുപാട് വിട്ടുവീഴ്ച ചെയ്യുന്നു. ബിജെപി ഒരിക്കലും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയിട്ടില്ല. നമ്മുടെ സംശുദ്ധമായ ഭരണം പാര്‍ട്ടിയെ അധികാരത്തിലെത്തിക്കും’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

224 സീറ്റുകളുള്ള കര്‍ണാടക നിയമസഭയിലേക്ക് മേയ് 10 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് 13 ന് നടക്കും. ഭരണകക്ഷിയായ ബിജെപിക്ക് നിലവില്‍ 119 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിന് 75 ഉം ജെ.ഡി.എസിനു 28ഉം സീറ്റുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular