Saturday, May 18, 2024
HomeIndiaബജ്‌റങ്ദള്‍ നിരോധിക്കുമെന്ന വാഗ്ദാനം; കരുതലോടെ കോണ്‍ഗ്രസ്, ജനമനസ്സറിയാന്‍ സര്‍വേ

ബജ്‌റങ്ദള്‍ നിരോധിക്കുമെന്ന വാഗ്ദാനം; കരുതലോടെ കോണ്‍ഗ്രസ്, ജനമനസ്സറിയാന്‍ സര്‍വേ

ന്യൂഡല്‍ഹി : കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ ബജ്‌റങ്ദള്‍ നിരോധിക്കുമെന്നു പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതു തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകാതിരിക്കാനുള്ള ജാഗ്രതയില്‍ കോണ്‍ഗ്രസ്.

വിഷയം തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നറിയാന്‍ കഴിഞ്ഞദിവസങ്ങളില്‍ പാര്‍ട്ടി സ്വന്തംനിലയില്‍ സര്‍വേ നടത്തി.

മംഗലാപുരം മേഖലയിലെ 4 സീറ്റുകളില്‍ 1500 വോട്ടുകള്‍ വീതം കുറയാം എന്നതൊഴിച്ചാല്‍ വിഷയം സംസ്ഥാനത്തുടനീളം പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കില്ലെന്നാണു സര്‍വേ ഫലം. നഷ്ടപ്പെട്ടേക്കാവുന്ന വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളോടു കഠിനാധ്വാനം ചെയ്യാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. വിഷയം ഏറ്റവുമധികം ബാധിച്ചേക്കുമെന്നു കരുതുന്ന മൂഡബിദ്രി മണ്ഡലത്തില്‍ നാളെ പ്രിയങ്ക ഗാന്ധിയെ പ്രചാരണത്തിനിറക്കും.

ബജ്റങ്ദളുമായി ബന്ധപ്പെട്ട വിഷയം എന്താണെന്നു വോട്ടര്‍മാരില്‍ 7 ശതമാനത്തിനു മാത്രമേ വ്യക്തതയുള്ളൂവെന്നും സര്‍വേ ചൂണ്ടിക്കാട്ടി. ഇതില്‍ ഭൂരിഭാഗവും ബിജെപിയുടെ ഉറച്ച വോട്ടര്‍മാരാണ്. ബജ്റങ്‌ദളിനെ നിരോധിക്കുമെന്ന വാഗ്ദാനത്തിലൂടെ ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി ഏകീകരിക്കുമെന്ന പ്രതീക്ഷയും സര്‍വേ പങ്കുവയ്ക്കുന്നു.

കോണ്‍ഗ്രസ് വാഗ്ദാനത്തിന്റെ മറപിടിച്ചു ഹിന്ദുത്വ രാഷ്ട്രീയം ആളിക്കത്തിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും നീക്കത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ക്കും കോണ്‍ഗ്രസ് തുടക്കമിട്ടു. സംസ്ഥാനത്തുടനീളം ഹനുമാന്‍ ക്ഷേത്രങ്ങള്‍ സ്ഥാപിക്കുമെന്നു പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular