Sunday, May 19, 2024
HomeIndiaബിജെപി രാഖി കെട്ടേണ്ടത് ബില്‍ക്കീസ് ബാനുവിന്റെയും ഗുസ്തി താരങ്ങളുടേയും കൈയില്‍; ഉദ്ധവ് താക്കറെ

ബിജെപി രാഖി കെട്ടേണ്ടത് ബില്‍ക്കീസ് ബാനുവിന്റെയും ഗുസ്തി താരങ്ങളുടേയും കൈയില്‍; ഉദ്ധവ് താക്കറെ

മുംബൈ: പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ മുന്നണിയുടെ മൂന്നാം യോഗം നാളെ മുംബൈയില്‍ നടക്കാനിരിക്കെ ബിജെപിക്കതിരെ ആഞ്ഞടിച്ച്‌ ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെ.

ബിജെപി രാഖി കെട്ടേണ്ടത് ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കീസ് ബാനുവിനും ബിജെപി നേതാവ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ പീഡനത്തിന് ഇരയായി നീതിക്കായി സമരം ചെയ്ത വനിതാ ഗുസ്തി താരങ്ങളുടേയും കൈയിലാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ന് രക്ഷാബന്ധൻ ദിവസമാണ്. ബില്‍ക്കീസ് ബാനു, മണിപ്പൂരിലെ സ്ത്രീകള്‍, വനിതാ ഗുസ്തി താരങ്ങള്‍ എന്നിവരുടെ കൈകളിലാണ് ബിജെപി രാഖി കെട്ടേണ്ടത്. അവര്‍ക്ക് ഈ രാജ്യത്ത് സുരക്ഷിതത്വം അനുഭവപ്പെടണം. അതിനാണ് ഞങ്ങള്‍ ഒരുമിക്കുന്നത്’- മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അതേസമയം, സീറ്റ് വിഭജന ചര്‍ച്ചകള്‍ ‘ഇൻഡ്യ’ മുന്നണി ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് എൻസിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. നാളത്തെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, നിലവില്‍ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികള്‍ക്ക് പുറമെ മറ്റു ചില പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തേക്കും.

നേരത്തെ, ബിഹാറിലെ പട്നയിലും കര്‍ണാടകയിലെ ബെംഗളൂരുവിലുമായി രണ്ട് യോഗങ്ങള്‍ പ്രതിപക്ഷ മുന്നണി നടത്തിയിരുന്നു. സംസ്ഥാന തലത്തില്‍ സീറ്റുകളുടെ വിഭജനം മുഖ്യ അജണ്ടയായ യോഗത്തില്‍ ഇത്തവണ സോണിയാ ഗാന്ധിയും പങ്കെടുക്കും. സീറ്റ് വിഭജനത്തെ ചൊല്ലി ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണും.

ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- സിപിഎം കൂട്ടുകെട്ടിനെ മമത ബാനര്‍ജി വിമര്‍ശിച്ചിരുന്നെങ്കിലും ഇത് ദേശീയ തലത്തിലെ സഖ്യത്തെ ബാധിക്കില്ല എന്നും മമത തന്നെ വ്യക്തമാക്കിയിരുന്നു. നാളെ നടക്കുന്ന യോഗത്തില്‍ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏതാനും ചെറു പാര്‍ട്ടികളും പങ്കെടുക്കുമെന്ന സൂചനയുണ്ട്.

ഇത്തവണയും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച മായാവതി, ബിഎസ്പി ഇൻഡ്യ മുന്നണിക്ക് പുറത്ത് നിന്ന് ഒറ്റയ്ക്ക് മല്‍സരിക്കുമെന്നും അറിയിച്ചു. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യം മുന്നണി യോഗത്തിനായുള്ള അവസാന വട്ട ഒരുക്കത്തില്‍ ആണ്. ഇന്ത്യയുടെ ഐക്യം വിളിച്ചോതുന്ന ലോഗോ പ്രകാശനവും ‘ഇൻഡ്യ’ മുന്നണി കണ്‍വീനര്‍ സ്ഥാനം സംബന്ധിച്ച ചര്‍ച്ചയും യോഗത്തില്‍ ഉണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular