Sunday, May 19, 2024
HomeKeralaകൊച്ചി കപ്പല്‍ നിര്‍മാണശാലക്ക് യൂറോപ്പില്‍നിന്ന് 1050 കോടിയുടെ കരാര്‍

കൊച്ചി കപ്പല്‍ നിര്‍മാണശാലക്ക് യൂറോപ്പില്‍നിന്ന് 1050 കോടിയുടെ കരാര്‍

കൊച്ചി: യൂറോപ്പിനായി രണ്ട് കപ്പല്‍ നിര്‍മിക്കാൻ കൊച്ചി കപ്പല്‍ നിര്‍മാണശാലക്ക് 1050 കോടിയുടെ കരാര്‍. യൂറോപ്യൻ ഉള്‍ക്കടലിലെ കാറ്റാടിപ്പാടങ്ങളുടെ അറ്റകുറ്റപ്പണി ലക്ഷ്യമിട്ട് സൈപ്രസിലെ പെലാജിക് വിൻഡ് സര്‍വിസസ് എന്ന കമ്ബനിക്ക് വേണ്ടിയുള്ള കപ്പലുകളുടെ നിര്‍മാണത്തിന് കഴിഞ്ഞ ദിവസം തുടക്കമിട്ടു.

കൊച്ചി കപ്പല്‍ശാലക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ കരാറുകളില്‍ ഒന്നാണിത്.

ഉള്‍ക്കടലിലെ കാറ്റാടിപ്പാടങ്ങളിലെത്തി അവയുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും കാര്യക്ഷമമായി നടത്താൻ ശേഷിയുള്ളതാകും രണ്ട് കപ്പലും. കൂറ്റൻ കാറ്റാടിയന്ത്രങ്ങളിലേക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ നടപ്പാത, 150 പേര്‍ക്ക് യാത്ര ചെയ്യാനും താമസിക്കാനും സൗകര്യം എന്നിവ ഈ കപ്പലുകളുടെ സവിശേഷതയാണ്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന കാറ്റാടിപ്പാടങ്ങള്‍ യൂറോപ്പിലെ ഉള്‍ക്കടലുകളില്‍ വ്യാപകമായി സ്ഥാപിക്കപ്പെടുന്നുണ്ട്.

ഇവയുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ഉപയോഗിക്കാവുന്ന കപ്പലുകള്‍ നിലവില്‍ ചൈനയിലും യൂറോപ്പിലുമാണ് പ്രധാനമായും നിര്‍മിക്കുന്നത്. കൊച്ചി കപ്പല്‍ശാലയുടെ കുതിപ്പിന് കരാര്‍ കൂടുതല്‍ ഗുണം ചെയ്യും. ഇത്തരം കപ്പലുകള്‍ നിര്‍മിക്കാനുള്ള കൂടുതല്‍ കരാറുകള്‍ വരും വര്‍ഷങ്ങളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനകം 40 കപ്പലുകള്‍ നിര്‍മിച്ച്‌ കയറ്റുമതി ചെയ്ത കൊച്ചി കപ്പല്‍ശാലയുടെ പരിചയസമ്ബത്ത് തന്നെയാണ് ഈ രംഗത്തെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്.

അന്താരാഷ്ട്ര കപ്പല്‍ നിര്‍മാണ ഭൂപടത്തില്‍ രാജ്യത്തിന്‍റെ സ്ഥാനം അരക്കിട്ടുറപ്പിക്കാൻ സഹായിക്കുന്നതാണ് കരാറെന്ന് കൊച്ചിൻ ഷിപ്യാര്‍ഡ് സി.എം.ഡി മധു എസ്. നായര്‍ പറഞ്ഞു. കപ്പല്‍ നിര്‍മാണത്തിന് തുടക്കമിട്ട് നടന്ന സ്റ്റീല്‍ പ്ലേറ്റ് മുറിക്കല്‍ ചടങ്ങില്‍ കേന്ദ്ര തുറമുഖ-ഷിപ്പിങ് സഹമന്ത്രി ശ്രീപദ് യശോ നായിക് ഓണ്‍ലൈനായി നംസാരിച്ചു. വലിയ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് അദ്ദേഹം കരാറിനെ വിശേഷിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular