Sunday, May 19, 2024
HomeKeralaകസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനര്‍ കഴിച്ച്‌ ആത്മഹത്യാ ശ്രമം; ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മയുടെ ജയില്‍ മോചനം നീണ്ടേക്കും

കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനര്‍ കഴിച്ച്‌ ആത്മഹത്യാ ശ്രമം; ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മയുടെ ജയില്‍ മോചനം നീണ്ടേക്കും

ഷാരോണ്‍ വധ കേസില്‍ ഗ്രീഷ്മക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയില്‍ മോചനം നീണ്ടേക്കും. പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനര്‍ കഴിച്ച്‌ ആത്മഹത്യ ശ്രമം നടത്തിയ കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയില്‍ മോചിത ആകാൻ സാധിക്കുകയുള്ളൂ.

പാറശ്ശാല കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്. ഒപ്പം, ഹൈക്കോടതി അനുവദിച്ച ജാമ്യത്തില്‍ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയില്‍ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കുകയും വേണം. അട്ടക്കുളങ്ങര ജയിലില്‍ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹത്തടവുകാരുടെ പരാതിയെ തുടര്‍ന്ന് ആലപ്പുഴ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയത്. (sharon murder greeshma jail)

ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായതായും ഗ്രീഷ്മ ചൂണ്ടിക്കാട്ടി. 2022 ഒക്ടോബര്‍ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊലപാതകത്തില്‍ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കാര്‍പ്പിക്ക് എന്ന കളനാശിനിയാണ് കഷായത്തില്‍ കലര്‍ത്തിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 142 സാക്ഷി മൊഴികളും 57 രേഖകളുമാണ് കുറ്റപത്രത്തിലുള്ളത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാമത്തെ ദിവസമാണ് കുറ്റപത്രം നല്‍കിയത്.

കഴിഞ്ഞ വ‍ര്‍ഷം ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ, ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയില്‍ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല.

ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തി. പിന്നീട്, പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മകള്‍ കൊലപാതകിയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിര്‍മ്മല്‍ കുമാരൻ നായരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular