Monday, May 20, 2024
HomeKeralaഅജീഷിന്‍റെ ഗുരു അധ്യാപകര്‍ തന്നെ; അവരുടെ ഗുരുവോ യൂട്യൂബും

അജീഷിന്‍റെ ഗുരു അധ്യാപകര്‍ തന്നെ; അവരുടെ ഗുരുവോ യൂട്യൂബും

ളമശ്ശേരി: പ്രിയപ്പെട്ട വിദ്യാര്‍ഥിയെ അവനേറെ ഇഷ്ടപ്പെട്ട നാടോടിനൃത്തവും മോഹിനിയാട്ടവും പഠിപ്പിക്കാൻ യൂട്യൂബിലും മറ്റും നോക്കി നൃത്തം പഠിച്ച കഥയുണ്ട് തിരുവനന്തപുരം അമരവിള കാരുണ്യ റെസിഡൻഷ്യല്‍ സ്പെഷല്‍ സ്കൂള്‍ അധ്യാപകരായ ജിജിനും മനോജിനും അപര്‍ണക്കും പറയാൻ.

വെറും അഞ്ചു മാസംകൊണ്ട് ഏറെ കഷ്ടപ്പെട്ട് പഠിച്ചെടുത്ത ഡാൻസുമായി പ്രിയ ശിഷ്യൻ എസ്. അജീഷ് മോഹിനിയാട്ടത്തിലും നാടോടിനൃത്തത്തിലും ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയപ്പോള്‍ അവരുടെ ഹൃദയം അഭിമാനത്താല്‍ നിറയുകയായിരുന്നു.

ഈ വര്‍ഷം സ്കൂളില്‍ ചേര്‍ന്ന അജീഷിന് നൃത്തത്തിലുള്ള താല്‍പര്യം കണ്ടറിഞ്ഞ് ഡാൻസ് ടീച്ചറെ നിയോഗിച്ചിരുന്നു സ്കൂളുകാര്‍. എന്നാല്‍, ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന അജീഷിന് പലചുവടുകളും ഓര്‍മയില്‍ നില്‍ക്കാൻ പ്രയാസമായിരുന്നു. സമയപ്രശ്നം ചൂണ്ടിക്കാട്ടി പരിശീലക ഇടക്ക് നിര്‍ത്തിപ്പോയി. ഇതോടെ വിഷമത്തിലായ ഇവനെ നൃത്തം പഠിപ്പിക്കാൻ അതിന്‍റെ ബാലപാഠം അറിയാത്ത മൂന്ന് അധ്യാപകരും യൂട്യൂബ് വിഡിയോ കണ്ടുതുടങ്ങുകയായിരുന്നു.

11 വയസ്സായ അജീഷിനെ പഠിപ്പിച്ചെടുക്കാൻ ഏറെ സമയമെടുത്തെങ്കിലും മറവിയെ വെല്ലുന്നതായിരുന്നു അവന്‍റെ താല്‍പര്യമെന്ന് ഒപ്പം വന്ന ജിജിനും മനോജും പറയുന്നു. സിനിമാറ്റിക് ഡാൻസ് ഇഷ്ടമുള്ള, പാട്ടുകാരനും കൂടിയായ അജീഷിന് പ്രിയതാരമായ വിജയിക്കൊപ്പം ഡാൻസ് കളിക്കുകയെന്നതാണ് ആഗ്രഹം.

മൂക്കിലെ ദശക്ക് ബുധനാഴ്ച ശസ്ത്രക്രിയ കഴിഞ്ഞ് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന മാതാവ് ലാലിയെയാണ് വിജയവാര്‍ത്ത ആദ്യം വിളിച്ചറിയത്. നെയ്യാറ്റിൻകര ചെങ്കലിലാണ് വീട്. മേസ്തിരിയായ സുനില്‍കുമാറാണ് പിതാവ്. സഹോദരൻ സുനീഷും നൃത്തം ചെയ്യാറുണ്ട്. അജീഷിനുവേണ്ട കോസ്റ്റ്യൂം ഉള്‍പ്പെടെ എല്ലാം സ്കൂളിലെ അധ്യാപകര്‍ തുക സമാഹരിച്ചാണ് കണ്ടെത്തുന്നത്.

മോഹിനിയാട്ടം സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം പങ്കിട്ടത് തൃശൂര്‍ ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെ‍യിനിങ് സെന്‍ററിലെ പി.എം. മെജോയാണ്. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നയാളാണെങ്കിലും കലാപരമായ കഴിവുകളില്‍ ഇതൊന്നും മെജോക്ക് തടസ്സമാകുന്നില്ല.

അധ്യാപിക സിസ്റ്റര്‍ സുജിതക്കൊപ്പമെത്തിയാണ് കളമശ്ശേരിയില്‍നിന്ന് വിജയമധുരം മെജോ പങ്കിട്ടത്. സ്കൂളിലെ വൊക്കേഷനല്‍ വി‍ഭാഗത്തിലുള്ള ഈ യുവാവ് ബുക്ക് ബൈൻഡിങ്, ലേബലിങ്, കവര്‍ മേക്കിങ് തുടങ്ങിയവയിലൂടെ സ്കൂളില്‍നിന്നു തന്നെ വരുമാനമുണ്ടാക്കുന്നു.

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന മെജോ‍യുടെ മാതാവ് മേരിക്കും മകന്‍റെ പ്രകടനം കാണാനെത്താനായില്ല. ടാക്സ് കണ്‍സള്‍ട്ടന്‍റായ മൈക്കിളാണ് പിതാവ്. ഇരട്ട സഹോദരിയായ മീനയും സമാന വെല്ലുവിളി നേരിടുന്നയാളാണ്. നൃത്താധ്യാപകനായ ചന്തുവിന്‍റെ കീഴിലാണ് മെജോയുടെ പരിശീലനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular