Friday, May 17, 2024
HomeIndiaവിടുവായത്തം പറഞ്ഞാല്‍ നാവ് മുറിച്ച് കളയും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി

വിടുവായത്തം പറഞ്ഞാല്‍ നാവ് മുറിച്ച് കളയും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. നെല്‍ കൃഷി സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ വാക്കുകളാണ് ചന്ദ്രശേഖര റാവുവിനെ ചൊടിപ്പിച്ചത്. നെല്ല് ശേഖരിക്കുന്നത് സംബന്ധിച്ച് വിടുവായത്തരം പറഞ്ഞാല്‍ നാവ്  മുറിച്ചെടുക്കുമെന്നാണ് തെലങ്കാന മുഖ്യമന്ത്രിയുടെ പ്രസ്താവന. നെല്ല് സംഭരണം സംബന്ധിച്ച് കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാടല്ല സംസ്ഥാനത്തിന് ലഭിക്കുന്നത്. ഇതിനിടയില്‍ നെല്ല് ശേഖരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കഴിഞ്ഞ ദിവസം കര്‍ഷകരോട് പ്രതികരിച്ചിരുന്നു ഇതാണ് തെലങ്കാന മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

കേന്ദ്രം നെല്ല് ശേഖരിക്കുന്നില്ലാത്തതിനാല്‍ മറ്റ് കൃഷിയിലേക്ക് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രിയും കാര്‍ഷിക വകുപ്പ് മന്ത്രിയും കര്‍ഷകരോട് വ്യക്തമാക്കിയിരുന്നു. കേന്ദ്ര മന്ത്രിയെ നേരിട്ട് കണ്ട ശേഷം വിഷയത്തിലെ സംസ്ഥാനത്തെ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം എടുത്ത ശേഷം അറിയിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി വിശദമാക്കിയത്. എന്നാല്‍ ഇതുവരേയും ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ അഞ്ച് ലക്ഷം ടണ്‍ നെല്ല് അടക്കമാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. കേന്ദ്രം അത് വാങ്ങാന്‍ തയ്യാറല്ലെന്നും ഞായറാഴ്ച ചന്ദ്രശേഖര റാവു വിശദമാക്കി. ഇതിനിടയിലാണ് വീണ്ടും നെല്ല് തന്നെ കൃഷിചെയ്യാന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടത്.

കേന്ദ്രം ശേഖരിക്കില്ലെന്നും സംസ്ഥാന ബിജെപി നേതൃത്വം നെല്ല് ശേഖരിക്കുമെന്നാണ് പറയുന്നത്. ഇത്തരം വിടുവായത്തം തുടരരുത്. അനാവശ്യമായ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അവരുടെ നാവ് മുറിച്ച് നീക്കുമെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി. തന്നെ ജയിലില്‍ അടയ്ക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ഭീഷണി. ധൈര്യമുണ്ടെങ്കില്‍ തൊട്ട് നോക്കട്ടെയെന്നും ചന്ദ്രശേഖര റാവു കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ പ്രശ്നങ്ങളിലെ കേന്ദ്ര നിലപാടിനെ തള്ളിയ ചന്ദ്രശേഖര റാവും കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക സമരത്തിന് പിന്തുണയും വ്യക്തമാക്കി.

കാറുകള്‍ ഓടിച്ച് കയറ്റി ബിജെപിക്കാര്‍ കര്‍ഷകരെ കൊല്ലുകയാണ്. കര്‍ഷകരെ അടിച്ച് ഓടിക്കാനാണ് ബിജെപി മുഖ്യമന്ത്രി ആവശ്യപ്പെടുന്നതെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. സമരം ചെയ്യുന്ന സര്‍ഷകരെ പിന്തുണയ്ക്കും. കര്‍ഷകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമ്മുക്കുണ്ട്. പ്രതിപക്ഷം വിലകുറഞ്ഞ രാഷ്ട്രീക്കളികളില്‍ തിരക്കിലാണെന്നും ചന്ദ്രശേഖര റാവു ആരോപിച്ചു. കര്‍ഷകരുടെ വികാരം ലക്ഷ്യമിട്ടുള്ളതാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയക്കളികളെന്നും തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചു. ഇന്ധന വില സംബന്ധിച്ച് കേന്ദ്രം നുണ പറയുകയാണ്. 2014ല്‍ 105 യുഎസ് ഡോളറായിരുന്ന ക്രൂഡ് ഓയിലിന് ഇപ്പോള്‍ 83 യുഎസ് ഡോളറാണി വില. വിദേശ രാജ്യങ്ങളിലും ഇന്ധനവില കൂടിയെന്ന് കേന്ദ്രം ജനങ്ങളോട് പറയുന്നത് കള്ളമാണെന്നും ചന്ദ്രശേഖര റാവു ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular